കെ.എസ് ശബരീനാഥൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തില്‍ അപായപ്പെടുത്താനുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഗൂഢാലോചന പ്രകാരമാണെന്നതിന്‍റെ തെളിവ് ഞെട്ടിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ.
'മുഖ്യമന്ത്രിയെ വിമാനത്തില്‍ വെച്ച് അക്രമിക്കാന്‍ ക്രിമിനലുകളെ പറഞ്ഞുവിട്ടത് മുന്‍ എം.എല്‍എ ശബരീനാഥ് ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് എന്ന് തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്നിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പില്‍ നടന്ന ചാറ്റുകള്‍ ഗൂഢാലോചനക്കേസിലെ നിര്‍ണായക തെളിവാണ്.
'സി.എം കണ്ണൂരില്‍നിന്ന് വരുന്നുണ്ട്. രണ്ടുപേര്‍ വിമാനത്തില്‍ കയറി കരിങ്കൊടി കാണിക്കണം' എന്ന് നിര്‍ദ്ദേശിച്ചത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥനാണ്. വിമാനത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ ആകില്ലെന്നും ശബരിനാഥന്‍ പറയുന്നു.
സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഗ്രൂപ്പിന്റെ അഡ്മിനാണ്. വിമാനത്തിനുള്ളിലെ അക്രമം കളര്‍ഫുള്ളും അടിപൊളിയും ആകുമെന്നും അതിനാല്‍ ടിക്കറ്റിന് എത്ര രൂപ ആയാലും കുഴപ്പമില്ലെന്നും നേതാക്കള്‍ പറയുന്നു. 109-ഓളം നേതാക്കള്‍ അടങ്ങിയതാണ് വാട്‌സ്ആപ് ഗ്രൂപ്പ്. യൂത്ത് കോണ്‍ഗ്രസ് ലോഗോയാണ് ഡിസ്പ്ലേ പിക്ചര്‍. കണ്ണൂരിലെ കാര്യങ്ങളെല്ലാം റിജില്‍ മാക്കുറ്റി ക്രമീകരിക്കണമന്നും തിരുവനന്തപുരത്ത് സമരക്കാരെ സ്വീകരിക്കാന്‍ ശബരിനാഥന്‍ മുന്നിലുണ്ടാകണമെന്നും നിര്‍ദേശിക്കുന്നു.
ഗ്രൂപ്പില്‍ വന്ന മെസേജുകളെ കുറിച്ചുള്ള വാര്‍ത്തകളോട് ശബരീനാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നത് ഈ ചാറ്റുകള്‍ ശരിവെക്കുന്നതാണ്. ഡി.വൈ.എഫ്.ഐ നേരത്തേതന്നെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് വിമാനത്തിലെ അക്രമ സംഭവം എന്ന് പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന തെളിവുകള്‍.
ശബരീനാഥിനെ പ്രസ്തുത സംഭവത്തിന്റെ പേരില്‍ പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അതീവ സുരക്ഷാ മേഖലയില്‍വെച്ച് അപായപ്പെടുത്താന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ നടന്ന അതീവ ഗൗരവതരമായ ഗൂഢാലോചനയാണ് പുറത്തുവന്നിരിക്കുന്നത്.'
ക്രിമിനലുകളെ രൂപപെടുത്തി പോറ്റിവളര്‍ത്തുന്ന യൂത്ത് കോണ്‍ഗ്രസിനെ കേരള പൊതുസമൂഹം ബഹിഷ്‌കരിക്കണം. യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
Content Highlights: DYFI on leaked whats app chat of Sabarinathan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..