ആലുവ: നിയമ വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സിഐ സര്‍വീസില്‍ തുടരുന്നത് രാഷ്ട്രീയ പിന്തുണയോടെയാണെന്ന് മൊഫിയയുടെ മാതാവ് ഫാരിസ. ഡിവൈഎഫ്‌ഐ നേതാവിനേയും കൂട്ടിയാണ് മൊഫിയയുടെ ഭര്‍ത്താവ് സുഹൈല്‍ സ്റ്റേഷനില്‍ എത്തിയിരുന്നതെന്നും അവര്‍ പറഞ്ഞു.

'ഡിവൈഎഫ്‌ഐയുടെ ഒരു നേതാവ് അവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന് അവള്‍ പറഞ്ഞിരുന്നു. അതാരാണെന്ന് അവള്‍ക്കറിയില്ലായിരുന്നു. മൊഫിയയെ അവര്‍ മാനസികരോഗിയാക്കി ചിത്രീകരിച്ചു. മാനസികരോഗിയാണെന്ന്  അവര്‍  നിരന്തരം  പറഞ്ഞപ്പോള്‍ ഡോക്ടറെ കാണിച്ചിരുന്നു. ഡോക്ടര്‍ പറഞ്ഞത് ഭര്‍ത്താവിനാണ് കൗണ്‍സിലിങ് നല്‍കേണ്ടതെന്നാണ്. അവളെ അവന്റെ കൂടെ വിടരുതെന്നും പറഞ്ഞു. അവസാനം വരെ നല്ലരീതിയില്‍ വരുമെന്ന പ്രതീക്ഷയായിരുന്നു അവള്‍ക്ക്. മുത്തലാഖ് ചൊല്ലിയതോടെ അവള്‍ തകര്‍ന്നു. മൂന്ന് മാസത്തിനകം അവന്‍ മറ്റൊരു വിവാഹം ചെയ്യുമെന്നറിഞ്ഞു. അവന്റെ കാല്‍ പിടിച്ച് എന്നെ ഉപേക്ഷിക്കല്ലേ എന്ന് പറഞ്ഞിട്ടുണ്ട്. 

ഒരുപാട് സ്വപ്‌നങ്ങള്‍ ഉള്ളവാളായിരുന്നു. അവളുടെ മരണത്തിന് കാരണക്കാരനായ സിഐയെ സ്ഥലം മാറ്റിയത്‌കൊണ്ടും സസ്‌പെന്‍ഷന്‍ കൊണ്ടും കാര്യമില്ല. ജോലിയില്‍ നിന്ന് തന്നെ പിരിച്ചുവിടണം' - മാതൃഭൂമി ന്യൂസിനോട് സംസാരിക്കവെ മൊഫിയയുടെ മാതാവ് ആവശ്യപ്പെട്ടു.

മൊഫയയുടെ മരണത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.  ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (27), ഭര്‍ത്തൃമാതാവ് റുഖിയ (55), ഭര്‍ത്തൃപിതാവ് യൂസഫ് (63) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇവരെ കോതമംഗലം ഉപ്പുകണ്ടം പാറഭാഗത്തെ ബന്ധുവീട്ടില്‍നിന്നാണ് ചൊവ്വാഴ്ച അര്‍ധരാത്രി കസ്റ്റഡിയിലെടുത്തത്. മൊഫിയയുടെ ആത്മഹത്യക്കുറിപ്പില്‍ ഭര്‍ത്താവിന്റെയും ഭര്‍ത്തൃവീട്ടുകാരുടേയും പേരിനൊപ്പം ആലുവ സി.ഐ.ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ആലുവ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന മൊഫിയ തിങ്കളാഴ്ച വൈകീട്ടാണ് സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്തത്.

Content Highlights : DYFI leader was also with Mofia's husband and Political support for CI- Mofia's mother