'നിരപരാധികളെ വേട്ടയാടുന്നു' DYFI നേതാക്കളുടെ അറസ്റ്റിന് പിന്നാലെ പോലീസിനെതിരെ തുറന്ന പോരിന് സിപിഎം


സ്വന്തം ലേഖിക

പ്രതീകാത്മക ചിത്രം | ചിത്രം: മാതൃഭൂമി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരനെ ഡിവൈഎഫ്‌ഐ സംഘം ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ പൊലീസിനെതിരെ തുറന്ന പോരിനിറങ്ങി സിപിഎം. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.ജെ അക്ബര്‍ ഉള്‍പ്പടെയുള്ളവരുടേത് നിരപരാധികളെ വേട്ടയാടുന്ന നടപടിയാണെന്നാണ് സിപിഎം നവമാധ്യങ്ങളിലൂടെ ഉള്‍പ്പടെ പ്രചരിപ്പിക്കുന്നത്.

പ്രതികളിലൊരാളുടെ വീട്ടില്‍ അര്‍ധ രാത്രിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കയറിച്ചെന്ന് പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയെ ഭീഷണിപ്പെടുത്തിയെന്നും കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുണ്‍ കുമാറുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഒരു ഡോക്ടറുടെ വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കയറി ചെന്ന് അപമര്യാദയായി പെരുമാറി എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പോലീസിനെതിരേ സിപിഎം പ്രചരിപ്പിക്കുന്ന നവമാധ്യമ പോസ്റ്റുകളുടെ ഉള്ളടക്കം. അരുണിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ പോലീസ് ഇതുവരെ നടപടി എടുക്കാത്തതും പോലീസിനെതിരെ പ്രചാരണവിഷയമാക്കുന്നുണ്ട്.

നവമാധ്യമ പ്രചാരണങ്ങള്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ വിമര്‍ശനവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തിയതും. കേരളത്തിലേത് മികച്ച പൊലീസ് മാതൃകയാണ്. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ അതിന് എതിരാണെന്നായിരുന്നു പി മോഹനന്‍ ഉയര്‍ത്തിയ വിമര്‍ശനം. മെഡിക്കല്‍ കോളേജിലെ അക്രമ സംഭവത്തെ സിപിഎം ന്യായീകരിക്കുന്നില്ല. നിയമപരമായ നടപടി വേണമെന്ന് തന്നെയാണ് സിപിഎം ആഗ്രഹിക്കുന്നത്. പക്ഷെ ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു പി മോഹനന്റെ ആരോപണം. കേസില്‍ പൊലീസ് കമ്മീഷണര്‍ അനാവശ്യമായി ഇടപെടുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും രാഷ്ട്രീയ എതിരാളികളുടെ ചട്ടുകമായി ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാറുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

നിരപരാധികളായ പ്രവര്‍ത്തകരേയും അവരുടെ കുടുംബങ്ങളേയും വേട്ടയാടുന്ന രീതി കമ്മീഷണര്‍ മാറ്റണമെന്ന് ഡിവൈഎഫ് ജില്ലാ സെക്രട്ടറി പിസി ഷൈജുവും രംഗത്തെത്തി. എന്നാല്‍ പാര്‍ട്ടി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കോ ഭീഷണി പരാമര്‍ശങ്ങള്‍ക്കോ വഴങ്ങാതെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനും ഒളിവിലുള്ള രണ്ട് പ്രതികളെ കണ്ടെത്താനുമുള്ള നടപടികളുമായി അന്വേഷണ സംഘം മുന്നോട്ട് പോയത് പാര്‍ട്ടിയെ വീണ്ടും ചൊടിപ്പിച്ചു.

പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രതികളുടെ നിസ്സഹകരണം കാരണം കസ്റ്റഡി കാലാവധി പൂര്‍ത്തിയാകും മുന്‍പേ പ്രതികളെ കോടതിയില്‍ ഹാജരാക്കേണ്ടി വന്നെങ്കിലും കസ്റ്റഡിയില്‍ വാങ്ങിയത് പ്രതികള്‍ ഡിവൈഎഎഫ്‌ഐ പ്രവര്‍ത്തകരായതിനാല്‍ മാത്രം സ്വാഭാവിക നീതി നിഷേധിക്കുന്ന നടപടിയായെന്നാണ് സിപിഎമ്മിന്റെ വാദം. ഇതിന് പിന്നാലെയാണ് കേസില്‍ ഇടപെട്ട കമ്മീഷണറെ മാറ്റണമെന്ന സമ്മര്‍ദ്ദം സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും ഉണ്ടായത്. കമ്മീഷണറെ മാറ്റണമെന്ന ആവശ്യം സംഘടനാതലത്തില്‍ ശക്തമാക്കുന്നതിന് പിന്നാലെ പോലീസിന്റെ നരനായാട്ട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും ജില്ലയില്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന് നേതൃത്വം നല്‍കുന്നതും പാര്‍ട്ടി നേരിട്ട്, കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് എജെ അക്ബറിനെ മാറ്റണമെന്ന ആവശ്യം പാര്‍ട്ടിയില്‍ നിന്ന് ശക്തമാകുമ്പോള്‍ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഏത് സ്ഥാനത്ത് പുനര്‍വിന്യസിക്കും എന്നതാണ് ആഭ്യന്തര വകുപ്പിന് തലവേദനയാകുന്നത്, പകരം മറ്റൊരു കമ്മീഷണറെ നിയമിക്കണമെങ്കില്‍ ഡിഐജി റാങ്കിലുള്ള ആളുതന്നെ വേണം എന്നതും തീരുമാനം വൈകാന്‍ കാരണമാകുന്നുവെന്നാണ് സൂചന.

സെക്യൂരിറ്റി ജീവനക്കാരുടെ പരാതിയില്‍ തുടക്കത്തില്‍ നടപടിയെടുക്കുന്നതില്‍ അലംഭാവം കാണിച്ച പോലീസ് കേസില്‍ കോടതി ഇടപെടല്‍ ഉണ്ടായതോടെയാണ് നടപടി ക്രമങ്ങളിലേക്ക് നീങ്ങിയത്. ആശുപത്രി സുരക്ഷാ നിയമം ഉള്‍പ്പടെ ചുമത്തിയ കാര്യം ചൂണ്ടിക്കാട്ടി പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിക്കുമ്പോള്‍ ഏത് ജാമ്യ വ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണെന്നും പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണെന്നും കാണിച്ച് കൂടുതല്‍ നടപടികള്‍ ഉണ്ടാവുന്നതിന് തടയിടാനാണ് പാര്‍ട്ടിയുടെ ശ്രമം. പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി വെള്ളിയാഴ്ച വിധി പറയും, തനിക്ക് പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ഭീഷണി ഉണ്ടെന്ന് കാണിച്ച് സുരക്ഷാ ജീവനക്കാരുടെ അഭിഭാഷക നല്‍കിയ സ്വകാര്യ ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്.

Content Highlights: DYFI leader levels allegations against Kozhikode City Police Commissioner over medical college issue


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented