തിരുവനന്തപുരം: ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രറ്ററുടെ നേതൃത്വത്തില്‍ നടക്കുന്ന ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കെതിരേ പ്രതികരിച്ച നടന്‍ പൃഥ്വിരാജിന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ. പൃഥ്വിരാജിനെതിരേ നടക്കുന്ന സൈബര്‍ ആക്രണത്തില്‍ പൃഥ്വിരാജിനെ പിന്തുണക്കുമെന്നും ഡിവൈഎഫ്‌ഐ ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ലക്ഷദ്വീപ് ജനതയെ പിന്തുണച്ച നടന്‍ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ ശക്തമായ സൈബര്‍ ആക്രമണമാണ് നടത്തുന്നത്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്ന സംഘപരിവാറിനെതിരെ നാം അണിനിരക്കേണ്ടത്തുണ്ട്. ഈ സാഹചര്യത്തില്‍ നടന്‍ പൃഥ്വിരാജിന് ഡിവൈഎഫ്‌ഐ പിന്തുണ പ്രഖ്യാപിക്കുന്നു, ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ലക്ഷദ്വീപ് വിഷയത്തില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധം ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം പത്രസമ്മേളനത്തില്‍ പറഞ്ഞു. വംശീയ ഉന്‍മൂലനമാണ് സംഘപരിവാര്‍ ലക്ഷദ്വീപില്‍ ലക്ഷ്യംവെക്കുന്നത്. ക്രൈം റേറ്റ് പൂജ്യം എന്നുതന്നെ പറയാവുന്ന സ്ഥലത്ത് ഗുണ്ടാ ആക്ട് നടപ്പിലാക്കിയത് അവരുടെ ദുരുദ്ദേശ്യം വ്യക്തമാക്കുന്ന കാര്യമാണ്. ഉയര്‍ന്നുവന്നേക്കാവുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. പ്രഫുല്‍ പട്ടേലിന്റെ വ്യക്തിഗതമായ താല്‍പര്യമല്ല, സംഘപരിവാറിന്റെ അജണ്ടയാണ് അവിടെ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധത്തിന്റെ ഭാഗമായി ഒരു ലക്ഷം ഇ-മെയിലുകള്‍ രാഷ്ട്രപതിക്ക് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊച്ചിയിലും ബേപ്പൂരിലുമുള്ള ലക്ഷദ്വീപ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും. സോഷ്യല്‍ മീഡിയയില്‍ ശക്തമായ കാമ്പയിന്‍ നടത്തുമെന്നും റഹീം പറഞ്ഞു.

Content Highlights: DYFI backs Prithviraj on Lakshadweep issue