കൊല്ലം: ബെപ്പാസിലെ ടോള്‍ പിരിവിനെ ചൊല്ലി വന്‍ പ്രതിഷേധം. ഇന്ന് രാവിലെ ഏഴ് മണി മുതല്‍ ടോള്‍ പിരിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. എന്നാല്‍ യുവജനസംഘടനകളായ ഡി.വൈ.എഫ്.ഐ.യും എ.ഐ.വൈ.എഫും പ്രതിഷേധവുമായി ടോള്‍ ബൂത്ത് പരിസരത്തെത്തി. പ്രതിഷേധം കനത്തതോടെ പോലീസും യുവജനസംഘടനാ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. എസിപിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.

ടോള്‍ പിരിക്കുന്നത് ആരംഭിക്കാനായി കമ്പനി അധികൃതര്‍ പൂജാനടപടികളുമായി മുന്നോട്ട് പോവുന്നതിനിടെ പ്രതിഷേധക്കാര്‍ ഇത് തടയാന്‍ ശ്രമിച്ചു. ടോള്‍പ്ലാസയുടെ ചില്ല് തകര്‍ക്കാനും ശ്രമമുണ്ടായി.  ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ടോള്‍ പിരിക്കാനായില്ല. ഏറെ നേരം സംഘര്‍ഷാവസ്ഥയിലായിരുന്നു ടോള്‍ ബൂത്ത് പരിസരം. 

മൂന്നാം തവണയാണ് കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിക്കാന്‍ കരാര്‍ ഏറ്റെടുത്ത കമ്പനി ശ്രമിക്കുന്നത്.  മുന്‍പ് രണ്ടുതവണ ടോള്‍ പിരിവ് ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസിന്റെയും ഡി.വൈ.എഫ്.ഐ.യുടെയും പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് ജില്ലാ ഭരണകൂടവുമായി നടത്തിയ ചര്‍ച്ചയില്‍ ലോക്ഡൗണ്‍ മാറുംവരെ പിരിവ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. 

കഴിഞ്ഞദിവസം ടോള്‍ കമ്പനിയായ എ.കെ.ഗ്രൂപ്പ് ജില്ലാ ഭരണകൂടവുമായി ചര്‍ച്ച നടത്തിയിരുന്നു. കോടതിയും അനുമതി നല്‍കിയതോടെയാണ് ടോള്‍ പിരിക്കാനുള്ള നടപടികള്‍ പിരിവിനുള്ള കരാര്‍ ഏറ്റെടുത്ത എ.കെ.ഗ്രൂപ്പ് ആരംഭിച്ചത്. 

അഞ്ച് കി.മീ ചുറ്റളവിലുള്ളവര്‍ക്ക് സൗജന്യ പാസ് നല്‍കാനും 20 കി.മീ പരിധിയിലുള്ളവര്‍ക്ക് മാസം 280 രൂപ പിരിക്കാനും മറ്റുള്ളവര്‍ക്ക് സാധാരണ നിലയിലും ടോള്‍ പിരിക്കാനുമായിരുന്നു തീരുമാനം. 

Content Highlights:DYFI, AIYF Protest in Kollam Bypass over Toll charging