കൊച്ചി: പോക്സോ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാൻ മുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതിയെ രക്ഷിച്ചെടുക്കാനുള്ള മാത്യു കുഴൽനാടൻ എം.എൽ.എ.യുടെ ശ്രമങ്ങൾ പരാജയപ്പെട്ടെന്ന് ഡി.വൈ.എഫ്.ഐ. നീതിപീഠത്തോടും ജനാധിപത്യത്തോടും എം.എൽ.എയ്ക്ക് അല്പമെങ്കിലും ആദരവുണ്ടെങ്കിൽ ഒളിവിൽകഴിയുന്ന പ്രതിയെ നിയമത്തിന് മുന്നിൽ ഹാജരാക്കണമെന്നും ഡി.വൈ.എഫ്.ഐ. എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

പോക്സോ കേസിൽ ഷാൻ മുഹമ്മദിനെ പ്രതിചേർത്തത് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ചാണ് എം.എൽ.എ.യും യൂത്ത് കോൺഗ്രസും ഇതുവരെ ന്യായീകരിച്ചിരുന്നത്. ഒളിവിൽകഴിയുന്ന പ്രതിക്ക് വേണ്ടി മാത്യു കുഴൽനാടൻ എം.എൽ.എയാണ് നേരിട്ട് ജാമ്യാപേക്ഷ ഫയൽചെയ്തത്. ഇരയോടൊപ്പം നിൽക്കേണ്ട എം.എൽ.എ. വേട്ടക്കാരനൊപ്പം നിൽക്കുന്നത് അപമാനമാണെന്നും അതിൽനിന്ന് പിന്മാറണമെന്നും ഡി.വൈ.എഫ്.ഐ. നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിയെ പരസ്യമായി ന്യായീകരിക്കുകയും സാമൂഹികമാധ്യമങ്ങളിൽ പ്രതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയുമാണ് എം.എൽ.എ. ചെയ്തതെന്നും ഇരയ്ക്കും കുടുംബാംഗങ്ങൾക്കും എതിരേ യൂത്ത് കോൺഗ്രസ് ദുഷ്പ്രചാരണം നടത്തിയെന്നും ഡി.വൈ.എഫ്.ഐ. ആരോപിച്ചു.

പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിയെ രക്ഷിച്ചെടുക്കാനുള്ള എം.എൽ.എ.യുടെ ശ്രമങ്ങളാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിലൂടെ പരാജയപ്പെട്ടിരിക്കുന്നത്. ഈ കോടതി വിധിയിലൂടെ മാത്യു കുഴൽനാടനും കൂട്ടരും കെട്ടിപ്പൊക്കിയ നുണക്കഥകൾ പൊളിഞ്ഞുവീണിരിക്കുകയാണെന്നും ഡി.വൈ.എഫ്.ഐ. ജില്ലാസെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Content Highlights:dyfi against mathew kuzhalnadan mla on youth congress leader pocso case