തിരുവനന്തപുരം: പരമാവധി അഞ്ച് പേര്‍ക്ക് ചെയ്യാവുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മെയ് നാല് മുതല്‍ ആരംഭിക്കാന്‍ അനുമതി നല്‍കുമെന്ന് മന്ത്രി എ.കെ. ബലന്‍. 

ഗ്രീന്‍ സോണില്‍ ഓഫീസുകള്‍ പരിമിതമായ ആളുകളെ വെച്ച് തുറക്കുന്ന സാഹചര്യത്തിലാണ് സിനിമാ-ടെലിവിഷന്‍ മേഖലയിലും ചില ജോലികള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനമായതെന്ന് മന്ത്രി പറഞ്ഞു.  

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് മന്ത്രി അറിയിച്ചു. 

ഡബ്ബിങ്ങ്, സംഗീതം, സൗണ്ട് മിക്‌സിങ്ങ് എന്നീ ജോലികള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കാം. ജോലികള്‍ പുനഃരാരംഭിക്കുന്നതിനു മുമ്പ്, സ്റ്റുഡിയോകള്‍ അണുമുക്തമാക്കണം. 

ഇതുകൂടാതെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സുരക്ഷാ മര്‍ഗ്ഗങ്ങളായ മാസ്‌ക് ധരിക്കുക, കൈകള്‍ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം തുടങ്ങിയവ കര്‍ശ്ശനമായി പാലിച്ചു വേണം സ്റ്റുഡിയോ ജോലികള്‍ പുനഃരാരംഭിക്കുവാനെന്നും മന്ത്രി പറഞ്ഞു. 

content highlight: dubbing music sound mixing works in films can be restart from may 4 says minister ak balan