പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സംസ്ഥാനത്ത് നര്‍ക്കോട്ടിക് ജിഹാദ് വിവാദങ്ങള്‍ മുറുകി നില്ക്കുന്ന സാഹചര്യമാണ്. എന്നാല്‍ കേവല രാഷ്ട്രീയ വിവാദത്തിനപ്പുറത്ത് കേരളം ചര്‍ച്ച ചെയ്യേണ്ട ഒന്നാണ് വര്‍ധിച്ചുവരുന്ന നിരോധിത ലഹരി മരുന്നുകളുടെ ഉപഭോഗം. കേരള പോലീസും എക്സൈസും നല്കുന്ന കണക്കുകള്‍ നോക്കിയാല്‍ ഓരോ വര്‍ഷവും ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്.
കോവിഡ് ലോക്ഡൗണ്‍ ശക്തമായിരുന്ന സമയത്ത് വാഹന പരിശോധനകളും മറ്റും കര്‍ശനമാക്കിയത് ഒരുപരിധിവരെ നിരോധിത ലഹരിവസ്തുക്കളുടെ കടത്ത് കുറയാന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ പോലും യുവാക്കള്‍ക്കിടയിലേക്ക് പലമാര്‍ഗങ്ങളില്‍ കൂടി ലഹരി ഒഴുകുന്നത് തടയാന്‍ സാധിക്കാതെ വലയുകയാണ് പോലീസും എക്സൈസ് വകുപ്പും.
ഇത്തരം ലഹരിവസ്തുക്കളുടെ ഉപഭോഗം തടയാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള എന്‍ഡിപിഎസ് നിയമപ്രകാരം 2020 ല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത് 4968 കേസുകളാണ്. എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തത് 3667 കേസുകളും. ആകെ 8635 കേസുകള്‍.
2021 ജൂലായ് വരെയുള്ള സമയങ്ങളില്‍ പോലീസിന്റെ പക്കലുള്ള കണക്കുകള്‍ പ്രകാരം 2871 കേസുകളാണ് ഈയിനത്തില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ എക്സൈസിന്റെ പക്കല്‍ 2021 ജനുവരിയിലെ കണക്കുകള്‍ മാത്രമേ പുറത്തുവിട്ടിട്ടുള്ളു. ഇതുപ്രകാരം 452 കേസുകളാണ് എക്സൈസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇവയില്‍ അധികവും കഞ്ചാവ് കടത്തിയ കേസുകളാണ്. മാരക മയക്കുമരുന്നുകളായ മെത്താംഫെറ്റമിന്‍, എല്‍എസ്ഡി തുടങ്ങി ചികിത്സാ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമുപയോഗിക്കുന്ന മോര്‍ഫിന്‍, ഡയാസെപാം തുടങ്ങിയവയും കേരളത്തില്‍ വ്യാപകമാണ്. ഇവയേക്കാള്‍ ഇപ്പോള്‍ പ്രിയം കൈവശം സൂക്ഷിക്കാനും ഒളിച്ചുവെക്കാനും എളുപ്പമുള്ള പുതുതലമുറ ലഹരികളാണ്.
ലഹരി വരുന്ന വഴികള്‍
കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനമെമ്പാടും പോലീസുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കൂടുതല്‍ രംഗത്തിറങ്ങിയിട്ടുപോലും ഇത്രയധികം കേസുകള്‍ നിരോധിത ലഹരിവസ്തുക്കള്‍ കടത്തിയതിനും കൈവശം വെച്ചതിനുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അപ്പോള്‍ പോലീസിനെയും എക്സൈസിനെയും വെട്ടിച്ച് കേരളത്തിലേക്കൊഴുകിയ ലഹരിമരുന്നുകളുടെ അളവെത്രയാകുമെന്ന് ഊഹിക്കാവുന്നതാണ്.