അങ്കമാലിയിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ കൊച്ചി കമ്മിഷണർ കെ. സേതുരാമൻ ഐ.പി.എസ്. സംസാരിക്കുന്നു. Photo: Screen Grab/KPOA State Committee Facebook
കൊച്ചി: പോലീസുകാരുടെ മക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് പൊതുവേദിയിൽ തുറന്നടിച്ച് കൊച്ചി കമ്മിഷണർ കെ. സേതുരാമൻ. ഒരു എസ്.പി.യുടെ രണ്ട് മക്കളും ലഹരിക്ക് അടിമകളായെന്നും അദ്ദേഹത്തിന്റെ കുടുംബം തന്നെ പ്രതിസന്ധിയിലായെന്നും കമ്മിഷണർ പറഞ്ഞു. അങ്കമാലിയിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ. സേതുരാമൻ ഐ.പി.എസ്.
'മയക്കുമരുന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്നു. അത് പോലീസ് എങ്ങനെ പരിഹരിക്കുമെന്ന് ജനങ്ങൾ ഉറ്റുനോക്കുകയാണ്. അക്കാര്യത്തിൽ കാര്യക്ഷമമായി മുന്നോട്ടുപോകണം. ദേശീയ ശരാശരിയേക്കാൾ കുറവാണ് കേരളത്തിൽ മയക്കുമരുന്ന് ഉപയോഗം. രാജ്യത്ത് 2.5 ശതമാനം ആളുകൾ മയക്കുമരുന്ന് ഉപയോഗിക്കുന്നെങ്കിൽ കേരളത്തിലത് 1.2 ശതമാനം മാത്രമാണ്. പഞ്ചാബ് പോലുള്ള അതിർത്തി സംസ്ഥാനങ്ങളിൽ 12 ശതമാനം വരെ ആളുകൾ മയക്കുമരുന്നിന് അടിമകളാണ്. അതിനാൽ വളരെ വലിയ പ്രതിസന്ധിയാണെന്ന് പറയാനാവില്ലെങ്കിലും ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. കാരണം, ഇത് വേഗത്തിൽ വ്യാപിക്കാനുള്ള സാധ്യതയുണ്ട്.'
'നമുക്കറിയാം, തിരുവനന്തപുരത്ത് നമ്മുടെ സ്വന്തം സഹപ്രവർത്തകന്റെ കുട്ടി പോലും മയക്കുമരുന്നിന് അടിമയായി കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായി. നമ്മൾ ജീവിക്കുന്ന ക്വാർട്ടേഴ്സിനകത്തു തന്നെ ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടെന്ന് കണ്ണുതുറന്ന് പരിശോധിക്കണം. ഇത്തരം നിരവധി കേസുകൾ കാണുന്നുണ്ട്. എല്ലാ റാങ്കിൽ ഉൾപ്പെടുന്ന പോലീസുകാരുടെ മക്കളും മയക്കുമരുന്നിന് അടിമകളാകുന്നുണ്ട്. ഒരു എസ്.പി.യുടെ രണ്ട് ആൺകുട്ടികളും മയക്കുമരുന്നിന് അടിമയായി. അത് സഹിക്കാൻ പറ്റാത്ത അവസ്ഥയാണ്. ആ കുടുംബം തന്നെ പ്രശ്നത്തിലായി. ഇത് വളരെ ഗൗരവത്തിൽ എടുക്കേണ്ടതുണ്ട്' -കെ. സേതുരാമൻ ഐ.പി.എസ്. കൂട്ടിച്ചേർത്തു.
Content Highlights: Drug use by children of policemen, to be checked by opening eyes says Kochi Commissioner
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..