വി.എൻ ആഷിക്ക്, കെ.സഫ്നാസ്, മുഹമ്മദ് അസറുദ്ദീൻ, കെ.സി റിയാസ്
കോഴിക്കോട്: തിങ്കളാഴ്ച രാത്രിയിൽ അപകടത്തിൽപ്പെട്ട കാറിൽനിന്ന് കഞ്ചാവ് പിടികൂടി. രാത്രി 11.30-ഓടെ മൂഴിക്കൽ പാലത്തിനു സമീപം അപകടത്തിൽപ്പെട്ട കാറിൽനിന്നാണ് 19.7 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. പ്രതികൾ താമസിച്ച വീട്ടിൽനിന്ന് 5.4 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു. കാറിൽ യാത്രചെയ്ത രണ്ടു യുവാക്കളെയും ഇവരെ സഹായിച്ച മറ്റു രണ്ടുപേരെയും ചേവായൂർ പോലീസും ഡാൻസാഫും ചേർന്ന് ചൊവ്വാഴ്ച പുലർച്ചെ അറസ്റ്റുചെയ്തു.
അടിവാരം പിലാക്കുന്നുമ്മൽ കെ. സഫ്നാസ് (30), അടിവാരം നൂറാംതോട് വെള്ളരിക്കുഴിയിൽ മുഹമ്മദ് അസറുദ്ദീൻ (28), താമരശ്ശേരി പരപ്പംപൊയിൽ കള്ളരംകേറ്റിൽ കെ.സി. റിയാസ് (32), നൂറാംതോട് വലിയവീട്ടിൽ വി.എൻ. ആഷിക്ക് (24) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഒന്നേകാൽ കോടിയോളം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
അപകടത്തിൽപ്പെട്ടയുടനെ കാറിലുണ്ടായിരുന്നവരെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഒ.പി. ടിക്കറ്റ് എടുത്തശേഷം രണ്ടുപേർ മുങ്ങുകയായിരുന്നു. സംശയം തോന്നി പോലീസുദ്യോഗസ്ഥർ കാർ പരിശോധിച്ചപ്പോഴാണ് 11 പാക്കറ്റുകളിലായി കഞ്ചാവ് കണ്ടെത്തിയത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് മുങ്ങിയ സഫ്നാസും അസറുദ്ദീനും സംഘത്തിൽപ്പെട്ട റിയാസിനും ആഷിക്കിനുമൊപ്പം ബീച്ചാശുപത്രിയിൽ ചികിത്സതേടി. എന്നാൽ, അവിടെനിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചു. അതൊഴിവാക്കി ഇവർ പന്തീരാങ്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയെങ്കിലും അവിടെനിന്നും മെഡിക്കൽ കോളേജിലേക്ക് റഫർചെയ്തു. തുടർന്ന് ഗോവിന്ദപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണതാണെന്നു പറഞ്ഞ് പ്രാഥമിക ചികിത്സതേടി. അവിടെനിന്ന് മടങ്ങുമ്പോഴാണ് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ ജോൺസൺ, ടൗൺ ഇൻസ്പെക്ടർ ബൈജു കെ. ജോസ് എന്നിവരുടെ സഹായത്തോടെ ചേവായൂർ സബ് ഇൻസ്പെക്ടർ നിമിൻ കെ. ദിവാകരൻ ഇവരെ പിടികൂടിയത്.
നാലുപേരും വാടകയ്ക്ക് താമസിക്കുന്ന ആരാമ്പ്രത്തെ വീട്ടിൽനിന്ന് കഞ്ചാവിനുപുറമേ ഹുക്കയും എം.ഡി.എം.എ. ഉപയോഗിക്കാനും വിൽക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും പോലീസ് കണ്ടെത്തി. കേസിൽ കൂടുതൽപ്പേർ പിടിയിലാകാനുണ്ടെന്ന് ഡെപ്യൂട്ടി കമ്മിഷണർ കെ.ഇ. ബൈജു പറഞ്ഞു.
പിടിയിലായത് വൻലഹരിസംഘത്തിലെ കണ്ണികൾ
നഗരത്തിൽ വിവിധയിടങ്ങളിൽ ലഹരിവസ്തുക്കൾ വിൽക്കുന്ന സ്ഥിരം സംഘമാണ് പിടിയിലായതെന്ന് പോലീസ്. വീട് വാടകയ്ക്കെടുത്താണ് ലഹരിവിൽപ്പന നടത്തുന്നത്. ഇവർക്കുപിന്നിൽ വൻ ലഹരിസംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം.
പിടിയിലായ അസറുദ്ദീൻ മുമ്പ് കരിപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 500 ഗ്രാം എം.ഡി.എം.എ. കടത്തിയ കേസിൽ രണ്ടുവർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Content Highlights: drug trafficking gang arrested at kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..