ബെംഗളൂരു/കൊച്ചി: കേരളത്തില്‍ ലഹരിക്കേസുകളില്‍ പെടുന്ന യുവാക്കളെ റിക്രൂട്ട് ചെയ്ത് ലഹരി വിപണനത്തിനായി ഉപയോഗിക്കുന്ന പ്രത്യേക സംഘങ്ങള്‍ ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് മാതൃഭൂമി ന്യൂസ് നടത്തിയ അന്വേഷണത്തില്‍ ബെംഗളൂരു പോലീസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേരളത്തിലും ബെംഗളൂരുവിലും ലഹരി വിപണനം നടത്തുന്ന ഇവരുടെ പ്രധാന ഉപഭോക്താക്കള്‍ മലയാളി വിദ്യാര്‍ഥികളും ടെക്കികളുമാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.
കഴിഞ്ഞ ഏപ്രിലില്‍ ബെംഗളൂരുവിലെ പ്രധാന ലഹരിക്കടത്തുകാരനായ നൈനേഷ് പിടിയിലായപ്പോഴാണ് നിര്‍ണായകമായ പല വിവരങ്ങളും പുറത്തുവന്നത്. ഏപ്രില്‍ ഏഴിനാണ് 108 കിലോ കഞ്ചാവും മറ്റു ലഹരിവസ്തുക്കളുമായി ചാവക്കാട് സ്വദേശി നൈനേഷും മറ്റ് എട്ടുപേരും ബെംഗലൂരു പോലീസിന്റെ പിടിയിലായത്. നൈനേഷിനൊപ്പമുണ്ടായിരുന്ന മറ്റ് എട്ടുപേരും, മുമ്പ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് ഉപയോഗിച്ചതിന്റെ പേരില്‍ പിടിയിലായവരായിരുന്നു. കേരളത്തില്‍ ലഹരിയ്ക്കടിമകളായ ഇത്തരം യുവാക്കളെ നൈനേഷ് പിന്നീട് ബെംഗളൂരുവിലെത്തിച്ച് ലഹരിവിപണനത്തിന് ഉപയോഗിക്കുകയായിരുന്നു. ഇവരെല്ലാം നിലവില്‍ ബെംഗളൂരുവില്‍ ജയിലിലാണ്.
നൈനേഷിന്റെയും കൂട്ടാളികളുടെയും മൊബൈല്‍, വാട്സ്ആപ്പ് സന്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ നല്കുന്ന ലഹരി ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും ബെംഗളൂരുവിലെ മലയാളി വിദ്യാര്‍ഥികളും ടെക്കികളുമാണെന്ന് കണ്ടെത്തിയതായി ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ മോഹന്‍കുമാര്‍ പറഞ്ഞു. ഇങ്ങനെ കണ്ടെത്തിയ വിദ്യാര്‍ഥികളുടെയും ടെക്കികളുടെയും വാട്സ്ആപ്പ് നമ്പറുകളിലേക്ക് നോട്ടീസ് നല്കി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഇനി ലഹരി ഉപയോഗിക്കില്ലെന്ന പ്രതിജ്ഞ എഴുതിവാങ്ങിയതായും മോഹന്‍കുമാര്‍ വെളിപ്പെടുത്തി.
'ഇവരിലധികവും ഐഐഎം പോലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും മികച്ച സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ടെക്കികളുമാണ്. ഇനിയും ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ കേസെടുക്കുമെന്ന് താക്കീത് നല്‍കിയാണ് ഇവരെ വിട്ടയച്ചത്. എല്ലാവരുടെയും വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. പലരും ഇതോടെ തന്നെ ഭയം കൊണ്ട് ലഹരി ഉപയോഗിക്കുന്നതില്‍ നിന്ന് പിന്തിരിയാന് സാധ്യതയുണ്ട്.'
'അടുത്തിടെ ലഹരി ഉപയോഗിച്ച് പിടിക്കപ്പെട്ട വിദ്യാര്‍ഥികളെയും അവരുടെ മാതാപിതാക്കളെയും ഉള്‍പ്പെടുത്തി ഞങ്ങള്‍ ഒരു സെമിനാര്‍ നടത്തിയിരുന്നു. എങ്ങനെ ലഹരി വിമുക്തരാകാമെന്നും മാതാപിതാക്കള്‍ക്ക് എങ്ങനെ തങ്ങളുടെ കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലാക്കാമെന്നുമൊക്കെയുള്ള വിവരങ്ങളായിരുന്നു നല്‍കിയത്. നല്ല പ്രതികരണമാണ് സെമിനാറിന് ലഭിച്ചത്' -മോഹന്‍ കുമാര്‍ പറഞ്ഞു. കുട്ടികള്‍ക്ക് എളുപ്പത്തില്‍ ലഭിക്കുമെന്നതിനാല്‍ മാതാപിതാക്കള്‍ കൂടുതല്‍ ജാഗരൂകരായിരിക്കേണ്ടതുണ്ടെന്നും ലഹരി വസ്തുക്കളുടെ മണവും രൂപവുമല്ലാം മാതാപിതാക്കളും അറിഞ്ഞിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ പിടിയിലാകുന്ന ഭൂരിഭാഗം ലഹരിക്കേസുകളിലും ബെംഗളൂരുവാണ് പ്രധാന കേന്ദ്രമായി വരുന്നത്. കഞ്ചാവ് കൂടാതെ എല്‍എസ്ഡി പോലുള്ള ആധുനിക സിന്തറ്റിക് ലഹരിമരുന്നുകളുടെ പ്രധാന ഉറവിടവും ബെംഗളൂരുവാണ്. സമീപകാലത്ത് കേരളത്തില്‍ പോലീസും എക്സൈസും നാര്‍ക്കോട്ട് കണ്‍ട്രേള്‍ ബ്യൂറോയും പിടികൂടിയ മിക്കവാറും കേസുകളിലും മലയാളി യുവാക്കളും ബെംഗളൂരുവും പ്രധാന കണ്ണികളാണ്.
content highlights:drug mafia recruits kerala youth for drug sale
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..