ശ്രീകണ്ഠാപുരം:പയ്യാവൂര്‍ പുഴയുടെ പാറക്കടവ് കൂട്ടുപുഴ ഭാഗത്ത് കുളിക്കാനിറങ്ങി കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂര്‍ പയസായി സ്വദേശി ഇടച്ചേരി താഴത്ത് മനീഷ്, വഞ്ചിയം സ്വദേശി വി.സി. സനൂപ് (19), പൈസക്കരി സ്വദേശി പാത്തിക്കുളങ്ങര അരുണ്‍ സജി(19) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം കുളിക്കാനെത്തിയ പയ്യാവൂര്‍ എന്‍.എസ്.എസ് ഓഡിറ്റോറിയത്തിന് സമീപത്തെ പുത്തന്‍പുരയില്‍ അജിത്ത് രാജന്‍ കുളിക്കാനിറങ്ങാത്തതിനാല്‍ രക്ഷപ്പെട്ടിരുന്നു. 

വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കുളിക്കുന്നതിനിടയില്‍ ചുഴിയില്‍പ്പെട്ട് മൂന്നുപേരും മുങ്ങിത്താഴ്ന്നുപോയത്. തുടര്‍ന്ന് രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ തളിപ്പറമ്പ്, ഇരിട്ടി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയുടെയും ശ്രീകണ്ഠപുരം സി.ഐ. ജോഷി ജോസ്, പയ്യാവൂര്‍ എസ്.ഐ. പി.സി. രമേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അപകടത്തില്‍പ്പെട്ട സ്ഥലത്തുനിന്നും 20 മീറ്റര്‍ താഴേനിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

പയ്യാവൂര്‍- ശ്രീകണ്ഠപുരം അതിര്‍ത്തിയിലാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ട പുഴ. ശ്രീകണ്ഠപുരം പോലീസാണ് ഇന്‍ക്വസ്റ്റ് നടപടികളും മറ്റും പൂര്‍ത്തീകരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളേജിലേക്കയച്ചു. നഗരസഭ ചെയര്‍മാന്‍ പി.പി. രാഘവനും രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാനെത്തിയിരുന്നു. പയസായിലെ എടച്ചേരി താഴത്തെവീട്ടില്‍ ഗോപിനാഥ്- ഓമന ദമ്പതികളുടെ മകനാണ് മരിച്ച മനീഷ്. റബര്‍ ടാപ്പിംഗ്, ബൈക്ക് മെക്കാനിക്ക് ജോലികള്‍ ചെയ്തുവരികയായിരുന്നു. സഹോദരി: മഞ്ജിമ. 

പൈസക്കരി പാത്തിക്കുളങ്ങര വീട്ടില്‍  സജി- റെമി ദമ്പതികളുടെ മകനാണ് അരുണ്‍. അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ്. സഹോദരങ്ങള്‍: നിതിന്‍, നീതു.
വഞ്ചിയത്തെ വലിയവീട്ടില്‍ ഓമനയുടെയും ചന്ദ്രന്റെയും മകനാണ് സനൂപ്. നിര്‍മ്മാണ തൊഴിലാളിയാണ്. സഹോദരങ്ങള്‍: സാലു (എറണാകുളം), ശരത്ത് (ആര്‍മി, ഡല്‍ഹി).

Content highlights: Drowning death: deadbodies recovered from Kannur Koottupuzha