തിരുവനന്തപുരം: കോവളം ബീച്ചുള്‍പ്പെടെ തീരമേഖലയിലും തന്ത്രപ്രധാനമായ വി.എസ്.എസ്.സിയുടെ പ്രധാന ഓപ്പറേറ്റിംഗ് സെന്ററിലും അര്‍ധരാത്രിക്ക് ശേഷം ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍ ക്യാമറ പറത്തിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളും ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. ക്യാമറ പറത്തിയവരെ കണ്ടെത്താന്‍ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ സിറ്റി പൊലീസും രംഗത്തെത്തി.
കോവളം സമുദ്രാ ബീച്ചിന് സമീപം രാത്രി 12.55ന് നൈറ്റ് പട്രോള്‍ പൊലീസ് സംഘമാണ് ഡ്രോണ്‍ ക്യാമറ പറക്കുന്നത് ആദ്യം കണ്ടത്. സമുദ്രാബീച്ചിലും പരിസരത്തും നിരീക്ഷണത്തിലായിരുന്ന കണ്ട്രോള് റൂം പൊലീസ് സംഘം രാത്രിയില്‍ സ്കൂട്ടറിന്റെ ഇരമ്പല്‍ പോലെയുള്ള ശബ്ദം കേട്ട് നടത്തിയ തെരച്ചിലിലാണ് ആകാശത്ത് ഡ്രോണ്‍ കാമറ പറക്കുന്നതായി തിരിച്ചറിഞ്ഞത്.
ബീച്ചിലോ പരിസരത്തോ ആരെങ്കിലും ഓപ്പറേറ്റ് ചെയ്യുന്നതാകുമെന്ന് കരുതി അവിടം അരിച്ചുപെറുക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ബീച്ചില്‍ നിന്ന് തീരം കേന്ദ്രീകരിച്ച് ഡ്രോണ്‍ വടക്കുഭാഗത്തേക്ക് നീങ്ങിയതോടെ പൊലീസ് കണ്ട്രോള് റൂമില്‍ നിന്ന് എയര്‍ പോര്‍ട്ടിലേക്ക് അലര്‍ട്ട് സന്ദേശം നല്കി. തുടര്‍ന്ന് രണ്ടുമണിക്കൂറിന്ശേഷം പുലര്‍ച്ചെ 2.55 ഓടെ തുമ്പയിലെ വി.എസ്.എസ്.സിയുടെ മെയിന്‍ സ്റ്റേഷന് മുകള്‍ ഭാഗത്തായി ഡ്രോണ്‍ പറക്കുന്നത് സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് ജീവനക്കാര്‍ കണ്ടെത്തുകയായിരുന്നു.
എന്നാല്‍ ഡ്രോണ്‍ കാമറ വി.എസ്.എസ്.സി പരിസരത്ത് പ്രവേശിച്ചതിന്റെ ദൃശ്യങ്ങള്‍ വി.എസ്.എസ്.സിയുടെ സുരക്ഷാ കാമറകളില്‍ പതിഞ്ഞിട്ടില്ല.വിക്രം സാരാഭായ് സ്പേസ് റിസര്‍ച്ച് സെന്ററില്‍ അര്‍ധരാത്രി ഡ്രോണ്‍ പ്രവേശിച്ചതോടെയാണ് സംഭവം ദുരൂഹതയ്ക്കിടയാക്കിയത്. ഈ സാഹചര്യത്തിലാണ് ഇന്റലിജന്‍സ് ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തുന്നത്.
വി.എസ്.എസ്.സിയിലെ സി.ഐ.എസ്.എഫ് ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് തുമ്പ പൊലീസും കേന്ദ്രഏജന്‍സികളും രാത്രിയില്‍ വി.എസ്.എസ്.സിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതായ സന്ദേശത്തെ തുടര്‍ന്ന് ആക്കുളത്തെ എയര്‍ഫോഴ്സ് ഓഫീസ്, വിമാനത്താവളം, പാങ്ങോട് മിലിട്ടറി ക്യാമ്പ് എന്നിവിടങ്ങളിലെല്ലാം രാത്രിതന്നെ സുരക്ഷാ വിഭാഗങ്ങള്‍ അതീവ ജാഗ്രതയിലായി. വിമാനത്താവളത്തിന്റെ റഡാര്‍ സംവിധാനമുള്‍പ്പെടെയുള്ള അത്യാധുനിക സുരക്ഷാ സംവിധാനത്തിലൊന്നും ഡ്രോണ്‍ പതിഞ്ഞിട്ടില്ല. വി.എസ്.എസ്.സി കോമ്പൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ഡ്രോണ്‍ സുരക്ഷാ ജീവനക്കാര്‍ക്ക് വെടിവച്ചിടാമായിരുന്നുവെങ്കിലും അതുണ്ടായില്ല. ഇതും അന്വേഷണവിധേയമായിട്ടുണ്ട്. ഷൂട്ടിംഗ് ആവശ്യത്തിനാണ് ഡ്രോണ്‍ പറത്തിയതെങ്കില് അതിന് പൊലീസ് അനുമതി ആവശ്യമാണ്. അതും പകല്‍മാത്രമേ പാടുള്ളൂ.
content highlights: Drone sighted at airport, VSSC, beach; security on high alert