കൊച്ചി: നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തില്‍ കാര്‍ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു.
കാര്‍ ഓടിച്ചിരുന്ന നെടുമ്പാശേരി പുത്തന്‍വേലിക്കര ചാലാക്ക കോന്നംഹൗസില്‍ യൂസഫിനെതിരെ ഐ.പി.സി. 428, 429 വകുപ്പുകള്‍ പ്രകാരവും പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് നിയമ പ്രകാരവുമാണ് കേസ് എടുത്തത്.
സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പും നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത് പോലീസിന് കൈമാറിയിട്ടുണ്ട്.
എറണാകുളം ചെങ്ങമനാട് അത്താണി ഭാഗത്ത് ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. കഴുത്തില്‍ കുടുക്കിട്ട നായയെ കാറിന്റെ പിന്നില്‍ കെട്ടിയ ശേഷം ഓടിച്ചു പോവുകയായിരുന്നു.
കാറിനു പിന്നാലെ വന്ന അഖില്‍ എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആശുപത്രിയില്‍നിന്ന് മടങ്ങിവരുന്ന വഴിയാണ് സംഭവം അഖിലിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
ദൂരെനിന്ന് നോക്കിയപ്പോള്‍ നായ കാറിനു പിന്നാലെ ഓടുന്നതായാണ് ഇദ്ദേഹത്തിന് തോന്നിയത്. എന്നാല്‍ അടുത്തെത്തിയപ്പോഴാണ് നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ പിന്നില്‍ കെട്ടിവലിക്കുകയാണെന്ന് മനസ്സിലായത്.
നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ചെങ്ങമനാട് പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തതത്.
content highlights: driver involved in the incident of dog being dragged along speeding car arrested