കൊല്ലപ്പെട്ട ഡോ.വന്ദനദാസ്, പ്രതി സാംദീപ് | Screengrab: Mathrubhumi News
കൊല്ലം: സാംദീപിന് സ്‌കൂളില്‍ വെച്ച് ലഹരി ഉപയോഗം ഉണ്ടായിരുന്നില്ലെന്ന് ഇയാള്‍ പഠിപ്പിച്ചിരുന്ന സ്‌കൂളിലെ സഹ അധ്യാപകര്‍. അതിന്റെ പേരില്‍ സാംദീപിനെതിരെ നടപടിയെടുത്തിരുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അധ്യാപകര്‍. മാര്‍ച്ച് 31 വരെ കുട്ടികളെ പഠിപ്പിക്കുന്നതിനായി സ്‌കൂളില്‍ വന്നിരുന്ന ആളാണ്. മറ്റൊരു സ്‌കൂളില്‍ നിന്ന് സംരക്ഷിത അധ്യാപകനായാണ് സാംദീപ് നിലവില്‍ ജോലിചെയ്യുന്ന സ്‌കൂളിലെത്തുന്നത്.
2021 ഡിസംബറിലാണ് സാംദീപ് സ്‌കൂളില്‍ അധ്യാപകനായി എത്തുന്നത്. സ്‌കൂളിൽ രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെയുള്ള സമയത്തെ കാര്യം മാത്രമേ തങ്ങള്‍ക്കറിയൂ. അതിന്‌ശേഷമുള്ള കാര്യങ്ങളേപ്പറ്റി ധാരണയില്ലെന്ന് അധ്യാപകര്‍ പറയുന്നു.
സാംദീപ് വന്ന സമയത്ത് ഓണ്‍ലൈന്‍ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിനാല്‍ മറ്റ് അധ്യാപകരെല്ലാവരും ചേര്‍ന്നാണ് അദ്ദേഹത്തിന്റെ ക്ലാസുകളും കൂടി കൈകാര്യം ചെയ്തതെന്ന് സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധി ശ്രീകുമാര്‍ പറയുന്നു. കഴിഞ്ഞ ജൂണ്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെ സ്‌കൂളിലെത്തി ക്ലാസുകള്‍ എടുത്തിരുന്നു. ആ സമയത്തൊന്നും പ്രശ്നങ്ങളുള്ളതായി ശ്രദ്ധയില്‍പെട്ടിട്ടില്ല.

അടുത്ത കുറച്ചുനാളുകളായി അദ്ദേഹത്തിന്റെ അമ്മയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മാനസിക വിഷമത്തിലായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞിരുന്നത്. അതുകൂടാതെ സ്‌കൂളിലെ കുട്ടികളുടെ എണ്ണം കുറഞ്ഞാല്‍ ജോലി നഷ്ടപ്പെടുമോയെന്നുള്ള ഭയവും ഉണ്ടായിരുന്നു. സ്‌കൂളിലേക്ക് മദ്യപിച്ച് വന്ന സംഭവം ഉണ്ടായിട്ടില്ലെന്നും ശ്രീകുമാര്‍ പറഞ്ഞു.
''ഇപ്പോഴത്തെ കാര്യങ്ങള്‍ അറിഞ്ഞതിന്റെ ഞെട്ടലിലാണ് ഞങ്ങളെല്ലാവരും. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കുടുംബ പ്രശ്നങ്ങളൊക്കെ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. പക്ഷെ, അതേപ്പറ്റി ഞങ്ങള്‍ ചോദിക്കുകയോ അദ്ദേഹം പറയുകയോ ചെയ്തിട്ടില്ല'', അദ്ദേഹം പറഞ്ഞു.
സാംദീപ് മാര്‍ച്ച് 31 വരെ ക്ലാസുകളെടുക്കാനും മറ്റും സ്‌കൂളില്‍ വന്നിരുന്നെന്ന് സ്‌കൂള്‍ പ്രധാനാധ്യാപിക സൂസന്‍ ജോര്‍ജ് പറയുന്നു. സ്‌കൂളിലെ കുട്ടികളെ പഠിപ്പിക്കുന്നതുള്‍പ്പെടെ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്ന ആളായിരുന്നുവെന്നും അവര്‍ പ്രതികരിച്ചു. വിലങ്ങറ യുപി സ്‌കൂളില്‍ നിന്ന് ആര്യങ്കാവ് സ്‌കൂളിലേക്കും അവിടെനിന്ന് നെടുംപന യു.പി സ്‌കൂളിലേക്കുമാണ് സംരക്ഷിത അധ്യാപകനായി സാംദീപ് വന്നത്.
Content Highlights: dr vandana das murder kollam school teachers response about the accused
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..