-
കേന്ദ്ര ബജറ്റില്‍ നീര്‍മ്മല സീതാരാമന്‍ സംഘകാല കവികളായ തിരുവള്ളൂരിനെയും ഔവ്വയാറിനെയും ഉദ്ധരിച്ചതിന് ബദലായി ധനമന്ത്രി തോമസ് ഐസക്ക് ടാഗോര്‍ മുതല്‍ പു.ക.സ കവികളെ വരെ കൂട്ടു പിടിച്ചതാണെന്ന് കരുതേണ്ട. ബജറ്റുകളില്‍ ധനശാസ്ത്രം വിശദീകരിക്കാന്‍ സാഹിത്യത്തെ ആശ്രയിക്കുന്ന രീതിശാസ്ത്രം കണ്ടുപിടിച്ചതു തന്നെ ഡോ. തോമസ് ഐസക്കാണ്. ബജറ്റ് സാഹിത്യം എന്നൊരു സാഹിത്യശാഖ തന്നെ ഐസക്കിന്റെ സംഭാവനയാണെന്ന് പറയാം. തോമസ് ഐസക്കിനെ പിന്തുടര്‍ന്ന് കെ.എം.മാണി കേരള ബജറ്റില്‍ സംസ്‌കൃത ശ്ലോകങ്ങള്‍ കോരി നിറച്ചാണ് വെല്ലുവിളിച്ചത്.
ബജറ്റിലെ ക്ലിഷ്ടമായ ധനശാസ്ത്ര വിശദീകരണങ്ങളുടെയും കണക്കുകളുടെയും വിരസത ഒഴിവാക്കാന്‍ സാഹിത്യം അനിവാര്യമാണെന്ന വാദക്കാരനാണ് തോമസ് ഐസക്ക്. കെ.എം.മാണിയുടെ 13 ബജറ്റുകള്‍ എന്ന റെക്കോര്‍ഡിന് അരികെയെത്താന്‍ ശ്രമിക്കുന്ന, പതിനൊന്ന് ബജറ്റ് അവതരിപ്പിച്ച തോമസ് ഐസക്ക് 2008-2009 ലെ ബജറ്റ് മുതലാണ് സാഹിത്യകൃതികള്‍ ബജറ്റില്‍ കുത്തിത്തിരുകി തുടങ്ങിയത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മശതാബദിവേള കൂടിയായിരുന്ന അന്ന് പാത്തുമ്മയുടെ ആടിലെ ബഷീറിയന്‍ സാമ്പത്തിക വ്യവസ്ഥയാണ് ഐസക്ക് മുന്നോട്ട് വെച്ചത്. 2009 - 2010 ല്‍ തകഴിയുടെ കയറിലെത്തി. തൊട്ടടുത്ത വര്‍ഷം വൈലോപ്പിള്ളിയുടെ 'കാലം പെരുമണി മുഴക്കട്ടെ' എന്ന കവിത നീട്ടിച്ചൊല്ലി ഐസക്ക്. 2011-ല്‍ ഒ.എന്‍.വി കുറുപ്പിന്റെ 'ദിനാന്തം' എന്ന കവിത.
തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വീണ് കെ.എം. മാണി വന്നപ്പോള്‍ കളി മാറി. റിവൈസ്ഡ് ബജറ്റില്‍ ഋഗ്വേദത്തില്‍ നിന്നുള്ള സംസ്‌കൃത വരികള്‍ ചൊല്ലി കെ.എം. മാണി ഐസക്കിനെ കടത്തി വെട്ടി. തൊട്ടടുത്ത വര്‍ഷം ഇടശ്ശേരിയുടെ 'വികസിക്കുക' എന്ന കവിതയിലൊതുക്കിയ മാണി സാര്‍ 2013-14-ല്‍ ശ്രീകൃഷണന്‍ അര്‍ജുനന് നല്‍കുന്ന ഉപദേശമായ 'ഉദ്ധരേദാത്മനാത്മാനാം' എന്ന വരികള്‍ ഉദ്ധരിച്ചു സാമാജികരെ ഞെട്ടിച്ചു.
അതിന്റെ അര്‍ത്ഥമറിയാതെ സാമാജികര്‍ കുഴങ്ങിയതായും വിവര്‍ത്തനത്തിന് സ്പീക്കര്‍ പ്രത്യേക റൂളിംഗ് നല്‍കണമെന്നാവശ്യപ്പെടാന്‍ തുനിഞ്ഞതായും പിന്നാമ്പുറ വര്‍ത്തമാനമുണ്ടായിരുന്നു. കെ.എം. മാണി പക്ഷെ, ബജറ്റിനെ സംസ്‌കൃതത്തില്‍ മുക്കുന്ന പരിപാടിയില്‍നിന്ന് പിന്നോട്ട് പോയില്ല . 2014-15-ല്‍ മഹാഭാരതത്തിലെ വിദുരവാക്യം തന്നെ ചൊല്ലി.
നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കൈവിട്ട പ്രതിഷേധം കാരണം വിശദമായി അവതിരിപ്പിക്കാന്‍ കഴിയാതെ പോയ വിവാദ ബജറ്റില്‍ ഭാഗ്യത്തിന് കാര്യമായ സാഹിത്യം ഇല്ലായിരുന്നു.ബജറ്റ് സാഹിത്യം ആസ്വദിക്കാന്‍ പറ്റിയ മൂഡിലായിരുന്നില്ല അന്ന് സാമാജികര്‍ എന്ന് മാണി സാര്‍ മനസ്സിലാക്കി ഒഴിവാക്കിയാതാവണം. അല്ലെങ്കില്‍ ബാര്‍ കോഴയാരോപണവും സോളാറും നിറഞ്ഞു നിന്ന അക്കാലത്ത് ധനമന്ത്രിക്ക് മനസ്സില്‍ സാഹിത്യം അങ്കുരിക്കാത്തതാവണം.
ബാര്‍ കോഴയില്‍ തട്ടി കെ.എം. മാണി രാജി വെച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം നയമസഭയില്‍ ചെയ്ത പ്രസംഗത്തില്‍ നിന്നെടുത്ത വാചകമായിരുന്നു. 2016- 17-ല്‍ തോമസ് ഐസക്കിന്റെ റിവൈസ്ഡ് ബജറ്റോടെ സാഹിത്യത്തിന് ബജറ്റില്‍ വീണ്ടും പൂക്കാലമായി . 2011-ല്‍ അവതരിപ്പിച്ച ഒ.എന്‍.വി കുറുപ്പിന്റെ 'ദിനാന്തം' വീണ്ടും ഇടം പിടിച്ചു.. 2018-ല്‍ വിദ്യാര്‍ത്ഥിനിയായ എന്‍.പി സ്നേഹ മുതല്‍ ബാലാമണിയമ്മ വരെയുള്ളവരുടെ കൃതികള്‍ പരാമര്‍ശിച്ചായിരുന്നു ഐസക്കിന്റെ ജെന്‍ഡര്‍ ബജറ്റ്.
'സത്രീകളുടെ വ്യക്തിത്വവും അന്തസ്സും സ്ഥാപിച്ചു കിട്ടാനുള്ള സ്ത്രീകളുടെ പടയോട്ടത്തിന് ബജറ്റ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. അതു കൊണ്ടാണ് മലയാളത്തിലെ സാഹിത്യകാരികളുടെ വരികള്‍ ചേര്‍ത്തതെന്ന് 2018-19 ബജറ്റ് പ്രസംഗത്തില്‍ ഐസ്‌ക്ക് പറഞിരുന്നു.
വനിതകള്‍ക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങളുടെ ഭാഗമായി ഇത്തവണ ഗിരിജ പാതേക്കരയുടെ വരികളും ഐസക്ക് എടുത്ത് പറയുന്നുണ്ട്. ബജറ്റില്‍ മുതിര്‍ന്ന കവികളെ മാത്രമല്ല കുട്ടിക്കവികളെയും ധനമന്ത്രി പ്രോത്സാഹിപ്പിക്കും. 2018-ല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ എന്‍.പി സ്നേഹയുടെ കവിതയാണ് അദ്ദേഹം ഉപയോഗിച്ചതെങ്കില്‍ ഇത്തവണ പരാമര്‍ശിച്ചത് വയനാട് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥി ദ്രുപത് ഗൗതമിന്റെ കവിതയാണ്.
ബാലാമണിയമ്മയുടെ നവകേരളം എന്ന കവിതയിലെ 'വന്നുദിക്കുന്നു ഭാവനയിങ്കലിന്നൊരു നവലോകം,വിസ്ഫുരിക്കുന്നു ഭാവനയിലാവിജ്ഞമാനിതം കേരളം' എന്ന് പാടിയാണ് 2018-ലെ ബജറ്റ് അവസാനിപ്പിക്കുന്നത്. പ്രളയവും നവോത്ഥാനവും പിടികൂടിയ 2019-ലെ ബജറ്റില്‍ കുമാരനാശാനെയാണ് തോമസ് ഐസക്ക് കൂട്ടുപിടിച്ചത്. മാറ്റുവിന്‍ ചട്ടങ്ങളെ, സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍ എന്ന് പാടി കൊണ്ടാണ് നവോത്ഥാന ബജറ്റ് അദ്ദേഹം അവസാനിപ്പിച്ചത് .
ഇത്തവണ നവോത്ഥാനം പൂര്‍ണമായും ധനമന്ത്രി കൈയൊഴിയുന്നില്ല. ബജറ്റിന്റെ ആമുഖത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന സവിശേഷ രാഷ്ട്രീയ സാഹചര്യവും ദേശീയ പൗരത്വ നിയമം പടര്‍ത്തുന്ന ആശങ്കയും സൂചിപ്പിച്ച് ബജറ്റ് ആരംഭിക്കുന്നത് ആനന്ദിന്റെ ലേഖനം ഉദ്ധരിച്ചു കൊണ്ടാണ്.
വികസന മാതൃകയുടെ പുതിയ പതിപ്പിന് നവോത്ഥാന മൂല്യങ്ങളെ മുറുകെ പിടിക്കണം എന്നാഹ്വാനം ചെയ്ത് രവീന്ദ്ര നാഥ ടാഗോറിന്റെ ഗീതാജ്ഞലിയിലെ
'എവിടെ മനം ഭയം ശൂന്യം,
എവിടെ ശീര്‍ഷമനീതം,
എവിടെ സ്വതന്ത്രം ജ്ഞാനം
എവിടെ സ്വാതന്ത്ര്യം ജ്ഞാനം '
എന്ന കവിതയോട് കൂടിയാണ് ബജറ്റ് അവസാനിക്കുന്നത്.
ജി.ശങ്കരകുറുപ്പിന്റെ പ്രസിദ്ധമായ തര്‍ജ്ജിമ ഉണ്ടെങ്കിലും ഇടത് സഹയാത്രികനായ എന്‍.പി. ചന്ദ്രശേഖരന്റെ പരിഭാഷയാണ് ഐസക്ക് എടുത്തത്. ബാലചന്ദ്രന്‍ ചുള്ളിക്കാട്, കെ.ജി.എസ്, പ്രഭാ വര്‍മ്മ, റഫീക്ക് അഹമ്മദ്, പി.എന്‍.ഗോപീകൃഷണന്‍, തുടങ്ങി പു.ക.സ. കവികള്‍ വരെ ഇത്തവണ ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. തോമസ് ഐസക്കിന്റെ ബജറ്റില്‍ ഇടം കണ്ടെത്താന്‍ പല മുന്‍നിര കവികളും ആഗ്രഹിക്കുന്ന തരത്തില്‍ ബജറ്റ് സാഹിത്യം മാറിയിട്ടുണ്ടെന്നാണ് കേള്‍വി.
ഭാവിയില്‍ 'തോമസ് ഐസക്കിന്റെ ബജറ്റുകളുടെ സാഹിത്യസമീപനങ്ങള്‍' എന്ന വിഷയത്തില്‍ ആരെങ്കിലും ഗവേഷണപഠനം നടത്തിയാലും അത്ഭുതപ്പെടേണ്ട.
Content Highlgihts: Dr. Thomas Isac's budget and Malayalam literature
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..