കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഒരു സൂപ്പര്‍ ഹീറോ പരിവേഷമാണ് വാക്‌സിനേഷനു കല്‍പ്പിച്ച് നല്‍കിയിട്ടുള്ളത്. ഇന്ത്യയില്‍ ജനുവരി 16ന് ആരംഭിച്ച വാക്‌സിനേഷന്‍ ഇന്ന് 72 കോടി പിന്നിട്ടിരിക്കുന്നു. എന്നാല്‍ കോവിഡ് വാക്‌സിനേഷനോട് വിമുഖത കാണിക്കുന്നവരും നമ്മുടെ നാട്ടിലുണ്ട്. ആയിരക്കണക്കിനാളുകളാണ് ഇത്തരത്തില്‍ വാക്‌സിനെടുക്കാതെ മാറിനില്‍ക്കുന്നത്.

യഥാര്‍ഥത്തില്‍ വാക്‌സിനുകളോട് മുഖംതിരിഞ്ഞ് നില്‍ക്കുന്നവര്‍ ധീരന്‍മാരോ അതോ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്നവരോ? ഈ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിയുക്ത സംസ്ഥാന പ്രസിഡന്റ് സുല്‍ഫി നൂഹ്. 

വാക്‌സിനെടുക്കേണ്ടതിന്റെ ആവശ്യകത

വാക്‌സിന്‍ എടുക്കാതിരിക്കുന്നത് ഒരിക്കലും ധീരതയല്ലെന്ന് മാത്രമല്ല അതൊരു ആത്മഹത്യാശ്രമമാണ് എന്നു മാത്രമേ പറയാന്‍ കഴിയുകയുള്ളൂ. കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ മാത്രമല്ല ഏതൊരു വാക്‌സിന്റെ കാര്യമെടുത്താലും അത് അങ്ങനെയാണ്.  ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ചതും അംഗവൈകല്യങ്ങളുണ്ടാകാതെ രക്ഷിച്ചതും വാക്‌സിനുകളുടെ കണ്ടുപിടിത്തമാണ്.

കോവിഡിന്റെ കാര്യത്തിലേക്ക് വന്നാല്‍ കേരളത്തിന്റെ കാര്യത്തില്‍ മാത്രമല്ല ലോകത്ത് ഏത് രാജ്യത്തെ ഡാറ്റ പരിശോധിച്ചാലും- അത് അമേരിക്ക, ഫ്രാന്‍സ്, ഇറ്റലി ജര്‍മനി, ബ്രിട്ടന്‍ എന്നിങ്ങനെ ഏതു രാജ്യവുമായിക്കോട്ടെ- വാക്‌സിനെടുത്തവരില്‍ തന്നെയാണ് ജീവന്‍ രക്ഷപ്പെട്ടതില്‍ കൂടുതലും. വെന്റിലേറ്ററില്‍ പ്രവേശിക്കപ്പെട്ടു മരിച്ചവരുടെ എണ്ണം നോക്കിയാല്‍ അതില്‍ തന്നെ വലിയൊരു വിഭാഗം വാക്‌സിനെടുക്കാത്തവരാണ്.

വാക്‌സിനുകള്‍ക്കെതിരായ പ്രചാരണം

സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ സജീവമാണ്. എല്ലാ മരുന്നുകള്‍ക്കും സൈഡ് ഇഫക്ട് ഉള്ളതുപോലെ വാക്‌സിനുകള്‍ക്കും സൈഡ് ഇഫക്ട് ഉണ്ട്. ഇഫക്ട് ഉള്ളതുകൊണ്ടാണ് സൈഡ് ഇഫക്ട് ഉണ്ടാകുന്നത്. സൈഡ് ഇഫക്ട് ഉള്ളതുകൊണ്ടാണ് ഇഫക്ട് ഉള്ളത്. ഇത് രണ്ടും ഒരുമിച്ച് പോകുന്ന കാര്യങ്ങളാണ്. വാക്‌സിനുകള്‍ക്ക് ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന ഗുണവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറച്ച് പാര്‍ശ്വഫലങ്ങളാണുള്ളത്.

ആശങ്കയുടെ കാരണം വാക്‌സിന്‍ വേഗത്തിലെത്തിയതോ?

ആളുകളുടെ ഇടയില്‍ എന്ന് മാത്രമല്ല ചില ആരോഗ്യപ്രവര്‍ത്തകരില്‍ പോലും ആശങ്കയുണ്ടാക്കിയത് വേഗത്തില്‍ വാക്‌സിന്‍ ലഭ്യമായതാണ്. എന്നാല്‍ വേഗത്തില്‍ വാക്‌സിന്‍ എത്തിയതില്‍ ആശങ്കയുണ്ടാകേണ്ട കാര്യമില്ല. ചുരുങ്ങിയ കാലം എന്ന് പറയുമ്പോള്‍ കാണേണ്ടത് നമ്മുടെ ലോകത്തിന്റെ ശാസ്ത്ര സാങ്കേതിക മേഖല കൈവരിച്ചിരിക്കുന്ന വേഗതയും പുരോഗതിയുമാണ്. ലോകമെമ്പാടുമുള്ള ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ 24*7 വാക്‌സിനുവേണ്ടിയുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടു എന്നതാണ്

എയ്ഡ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് വാക്‌സിന്‍ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും അത് പരാജയമായിരുന്നു. എന്നാല്‍ കോവിഡ് മഹാമാരിയുടെ കാര്യത്തിലേക്ക് വന്നാല്‍ ലോകം മുഴുവന്‍ അടിയന്തരമായി ഒരുപോലെ പരിഗണിച്ച മറ്റൊരു വിഷയം ഇല്ല. പെട്ടെന്ന് വാക്‌സിന്‍ കണ്ടെത്തി എന്ന് പറയുമ്പോള്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചത് കാണാതിരിക്കരുത്.

വാക്‌സിനോടുള്ള വിമുഖത ആത്മഹത്യാപരമാകുന്നത് എങ്ങനെ?

ലോകത്താകമാനം നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് കോവിഡ് വാക്‌സിനുകള്‍ മരണനിരക്ക് കുറയ്ക്കുന്നുവെന്നതാണ്. അതുകൊണ്ട് തന്നെയാണ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് അത്യാവശ്യവും വിമുഖത കാണിക്കുന്നത് ആത്മഹത്യാപരവുമാണ് എന്ന് പറയേണ്ടി വരുന്നത്. പ്രത്യേകിച്ച് 40ന് മുകളില്‍ പ്രായമുള്ളവരും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും വാക്‌സിനെടുക്കാതിരിക്കുന്നത് ആത്മഹത്യാപരമാണ്.

കേരളത്തില്‍ തന്നെ നോക്കിയാല്‍ വെന്റിലേറ്ററുകളില്‍ കിടക്കുന്ന രോഗികള്‍ തീര്‍ച്ചയായും വാക്‌സിനേഷന്‍ ചെയ്യാത്തവരാണ്. അപൂര്‍വമായി മാത്രമാണ് വാക്‌സിനെടുത്തിട്ടും ആരോഗ്യനില ഗുരുതരമായി വെന്റിലേറ്ററിലേക്ക് മാറ്റേണ്ട അവസ്ഥയിലെത്തുന്നത്. ഇവര്‍ക്ക് ക്യാന്‍സര്‍ പോലുള്ള മാരക അസുഖങ്ങളുള്ളവരായിരിക്കും എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

കോവിഡ് ഇതര വാക്‌സിനുകള്‍ക്കെതിരേയും പ്രചാരണങ്ങള്‍

പെന്റാവാലെന്റ് വാക്‌സിന്‍, എം.ആര്‍ വാക്‌സിന്‍ എന്നിവയ്‌ക്കെതിരെയും പ്രചാരണങ്ങള്‍ സജീവമായിരുന്നു. മുസ്ലീങ്ങളെ കൊന്നൊടുക്കാനുള്ള വാക്‌സിന്‍ എന്ന നിലയില്‍ വര്‍ഗീയ പരിവേഷം വരെ നല്‍കിയിട്ടുണ്ട്. അതുപോലെ തന്നെ പന്നിയുടെ അംശം കലര്‍ന്നിട്ടുണ്ട് എന്ന് പോലും പ്രചാരണങ്ങള്‍ നടന്നിരുന്നു. പോളിയോ വാക്‌സിനേഷനില്‍ ഉള്‍പ്പെടെ നിരവധി വ്യാജപ്രചാരണമുണ്ടായിരുന്നു.

പണ്ടൊക്കെ പോളിയോ വാര്‍ഡുകളും അവിടങ്ങളില്‍ നിറയെ രോഗികളും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അംഗവൈകല്യമുള്ള രോഗികളെ കാണാനില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. വില്ലന്‍ചുമ പോലുള്ള അസുഖങ്ങള്‍ ഇപ്പോള്‍ ഇല്ലെന്ന് തന്നെ പറയാം. ഈ നേട്ടങ്ങളെല്ലാം വാക്‌സിനേഷനുകളിലൂടെയാണ് കൈവരിച്ചത്.

നമ്മുടെ നാട്ടില്‍ മാത്രമല്ല ഇത്തരം വ്യാജപ്രചാരണം നടക്കുന്നത്. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ പോലും ഇത്തരം പ്രചാരണങ്ങള്‍ സജീവമാണ്. എന്നാല്‍ അവരെ പരിഗണിക്കുകയോ കേള്‍ക്കുകയോ ചെയ്യാതെ അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇവര്‍ക്ക് അനാവശ്യ പരിഗണന കിട്ടുന്നുണ്ട് എന്ന് കാണാന്‍ കഴിയും. ഇപ്പോള്‍ നമ്മുടെ നാട്ടിലും ഇത്തരക്കാരെ അവഗണിക്കുന്ന പ്രവണത കാണാന്‍ കഴിയും. കൂടുതല്‍ ബോധവത്കരണം നടത്തുക എന്നതാണ് അധികൃതര്‍ക്ക് ചെയ്യാന്‍ കഴിയുന്നത്.

Content Highlights: DR Sulfi Nooh on campaign against Covid vaccination