'നിപ്പയില്‍ വീരഗാഥകള്‍ ചമച്ച് മന്ത്രിമാര്‍ അവാര്‍ഡ് തട്ടി; കോവിഡില്‍ ജനനന്മകരുതി തെറ്റുതിരുത്തണം'


4 min read
Read later
Print
Share

എസ്.എസ്. ലാൽ, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശൈലിയെ രൂക്ഷമായി വിമര്‍ശിച്ച് ആരോഗ്യ വിദഗ്ദ്ധനും നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ സ്ഥാനാര്‍ഥിയുമായിരുന്ന ഡോ.എസ്.എസ്.ലാല്‍. ജനനന്മ കണക്കിലെടുത്ത് സര്‍ക്കാര്‍ തെറ്റുതിരത്തണമെന്ന് ആവശ്യപ്പെട്ട ലാല്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ സമൂഹ മാദ്ധ്യമങ്ങളില്‍ വളഞ്ഞിട്ട് ആക്രമിക്കുന്നത് സി.പി.എം ഒളിപ്പോരാളികളുടെ പതിവാണെന്നും ആരോപിച്ചു. സര്‍ക്കാര്‍ സ്വന്തം ഇമേജിന്റെ തടങ്കലിലാണ്. നിപ്പ രോഗത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരുപാട് വീരഗാഥകള്‍ ചമച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കിട്ടേണ്ട അവാര്‍ഡുകള്‍ മന്ത്രിമാര്‍ ചോദിച്ചു വാങ്ങി. കൊവിഡിനെയും ഇതുപോലെ കൈകാര്യം ചെയ്യാമെന്ന് വിശ്വസിച്ചു. എന്നാല്‍ കൈവിട്ടു പോയി. സകല ന്യായങ്ങളും പരാജയപ്പെട്ടപ്പോള്‍ കണ്ണില്‍ കണ്ടവരെയെല്ലാം കുറ്റം പറഞ്ഞു. തെറ്റുകള്‍ ചൂണ്ടിക്കാട്ടിയവരെ ആക്ഷേപിച്ചു. വളഞ്ഞിട്ട് ആക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡോ.എസ്.എസ്.ലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്...

വീണ്ടും ചെറിയ വെല്ലുവിളികള്‍, ജന നന്മയ്ക്കായ് മാത്രം

സര്‍ക്കാര്‍ നയങ്ങളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ സമൂഹ മാദ്ധ്യമങ്ങളില്‍ വളഞ്ഞിട്ട് ആക്രമിക്കുന്നത് സി.പി.എം ഒളിപ്പോരാളികളുടെ പതിവാണ്. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണിത് എന്ന് നമ്മള്‍ മനസിലാക്കണം. കാരണം പാര്‍ട്ടി ഇവരെ വിലക്കുന്നില്ല എന്നത് തന്നെ.
ഇവരെ പേടിച്ച് പല വിദഗ്ദ്ധരും വായ തുറക്കുന്നില്ല. കൊവിഡിന്റെ കാര്യത്തിലും ഇതാണ് സംഭവിക്കുന്നത്. സി.പി.എം - നെ പേടിക്കാതെ സത്യം പറയുന്ന കുറേയധികം ഡോക്ടര്‍മാര്‍ ഉള്ളതു കൊണ്ടാന്ന് കൊവിഡ് കാര്യത്തില്‍ എന്തെങ്കിലും ചര്‍ച്ചകളെങ്കിലും നാട്ടില്‍ നടക്കുന്നത്. എന്നെയും ഒരുപാട് ആക്രമിക്കുന്നുണ്ട്. യൂണിവേഴ്‌സിറ്റി കോളേജ് മുതല്‍ ഇവരെ കാണുന്നതുകൊണ്ടാണ് എനിക്ക് ഇവരെ ഭയമില്ലാത്തത്.
ടെലിവിഷനില്‍ ഞാന്‍ ശാസ്ത്ര വിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ കൂടെ പങ്കെടുക്കുന്ന സി.പി.എം. നേതാക്കള്‍ ഇന്നലെയും പറയുന്നത് ഞാന്‍ കോണ്‍ഗ്രസ് ആണെന്നാണ്. അതുകൊണ്ട്? മാത്രമല്ല, ഞാന്‍ കോണ്‍ഗ്രസ് ആണെന്ന് പറയുന്നയാളെ സി.പി.എം കാരന്‍ എന്നാണ് ടെലിവിഷനില്‍ അവതരിപ്പിക്കുന്നതും എഴുതിക്കാണിക്കുന്നതും.

സി.പി.എം എന്ന് മാത്രമല്ല ആരോഗ്യ രംഗവുമായി ഒരു ബന്ധവും ഇല്ലാത്തവരുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മിക്കവരും. ചിലരുടെ ഡിഗ്രിയും പരിശീലനവും ന്യായീകരണത്തില്‍ മാത്രമാണ്. കേസ് കൊവിഡായാലും സ്വര്‍ണമായാലും വാദിക്കാന്‍ ഒരേ ആളുകള്‍. സി.പി.എം ആയാല്‍ ആരോഗ്യവും ചികിത്സയും പഠിച്ചിട്ടില്ലെങ്കിലും കൊവിഡ് ചര്‍ച്ചയില്‍ പങ്കെടുക്കാം. കോണ്‍ഗ്രസ് ആയാല്‍ അത് ഡോക്ടറായാലും വായ തുറക്കരുത്. എന്ത് ന്യായമാണിത്?

എല്ലാ ചര്‍ച്ചയിലും സി.പി.എം കാര്‍ പറയുന്നത് എന്നെ ഇനി ആരോഗ്യ വിദഗ്ദ്ധനായി കാണാന്‍ കഴിയില്ല എന്നാണ്. കാരണം ഞാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് എന്നതാണ്. പരാജയപ്പെട്ട ആളാണെന്നത് അതിലും വലിയ കുറ്റം. എന്തൊരു വാദമാണിത്? സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ ഒരു കുറവുമില്ല. കോണ്‍ഗ്രസ് ആയതാണ് പ്രശ്‌നം.

ഞാന്‍ ചോദിക്കട്ടെ. ആരാണ് ഡോക്ടര്‍ ഇക്ബാല്‍? അദ്ദേഹം രണ്ടു തവണ അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടയാളാണ്. ഇപ്പോള്‍ അദ്ദേഹം സര്‍ക്കാരിന്റെ കൊവിഡ് സാങ്കേതിക സമിതിയുടെ അദ്ധ്യക്ഷന്‍ ആണ്. പണ്ട് ന്യൂറോ സര്‍ജന്‍ ആയിരുന്നു. എനിക്കുള്ളതുപോലെ അദ്ദേഹത്തിന് പൊതുജനാരോഗ്യത്തില്‍ എന്റെയറിവില്‍ അക്കാദമിക് യോഗ്യതയില്ല. ഞങ്ങള്‍ക്കതില്‍ പരാതിയുമില്ല. അതു പറഞ്ഞ് ഞങ്ങള്‍ അദ്ദേഹത്തെ ആക്രമിക്കാറുമില്ല. അദ്ദേഹത്തിന്റെ അനുഭവങ്ങളോട് ഞങ്ങള്‍ക്കും ബഹുമാനമുണ്ട്. രാഷ്ട്രീയ നിലപാടുകളോട് എതിര്‍പ്പുള്ളപ്പോഴും. ഞങ്ങള്‍ പരസ്പരം ഫോണില്‍ സംസാരിക്കാറുമുണ്ട്. പരസ്പര ബഹുമാനവുമുണ്ട്. എന്നാല്‍ കൊവിഡ് സാങ്കേതിക സമിതിയില്‍ ഇക്ബാല്‍ സാറിനുള്ളതുപോലെ കഴിവില്ലാത്തവരും സി.പി.എം ബന്ധത്താല്‍ മാത്രം കയറിപ്പറ്റിയിട്ടുണ്ട് എന്നാണ് അറിഞ്ഞത്. അവരുടെ കാര്യം തല്‍ക്കാലം വിടുന്നു.

ഇനി വീണ്ടും കൊവിഡിലേയ്ക്ക് വരാം. കൊവിഡ് കാര്യത്തില്‍ കേരള സര്‍ക്കാരിനും തെറ്റുകള്‍ പറ്റിയിട്ടുണ്ട്. ലോകത്ത് മിക്ക സര്‍ക്കാരുകള്‍ക്കും എന്ന പോലെ. അവരൊക്കെ തിരുത്തുന്നുണ്ട്. തെറ്റുകള്‍ പറ്റിയെന്ന് അംഗീകരിച്ചാലേ തിരുത്താന്‍ കഴിയൂ. അതാണ് ഇവിടെ പ്രശ്‌നം. സര്‍ക്കാര്‍ സ്വന്തം ഇമേജിന്റെ തടങ്കലിലാണ്. നിപ്പ രോഗത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരുപാട് വീരഗാഥകള്‍ ചമച്ചു. ഒരു സ്വകാര്യാശുപത്രിയിലെ ഡോക്ടര്‍ സന്ദര്‍ഭോചിതമായി പെരുമാറിയതും പ്രാദേശിക സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഒപ്പം നിന്നതുമാണ് നിപ്പയിലെ യഥാര്‍ത്ഥ വിജയ കാരണം. അതിനെ രാഷ്ട്രീയ വിജയവും സിനിമയുമൊക്കെയാക്കി ആഘോഷിച്ചു. ഒരുപാട് കള്ളം പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കിട്ടേണ്ട അവാര്‍ഡുകള്‍ മന്ത്രിമാര്‍ ചോദിച്ചു വാങ്ങി. കൊവിഡിനെയും ഇതുപോലെ കൈകാര്യം ചെയ്യാമെന്ന് വിശ്വസിച്ചു. എന്നാല്‍ കൈവിട്ടു പോയി. സകല ന്യായങ്ങളും പരാജയപ്പെട്ടപ്പോള്‍ കണ്ണില്‍ കണ്ടവരെയെല്ലാം കുറ്റം പറഞ്ഞു. തെറ്റുകള്‍ ചൂണ്ടിക്കാട്ടിയവരെ ആക്ഷേപിച്ചു. വളഞ്ഞിട്ട് ആക്രമിച്ചു.

മരണം രേഖപ്പെട്ടത്തുന്നതില്‍ തെറ്റുകളുണ്ടെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ പേര്‍ മരിച്ചു കാണാന്‍ ഞാന്‍ ആഗഹിക്കുന്നതായി പറഞ്ഞാണ് ടെലിവിഷനില്‍ എന്നെ മന്ത്രിമാര്‍ കഴിഞ്ഞ വര്‍ഷം നേരിട്ടത്. നമുക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അത് അംഗീകരിക്കണം. തെറ്റുകള്‍ ജന നന്മയെ കരുതി തിരുത്തണം. ഇതുവരെ തെറ്റുപറ്റാത്തത് വൈറസിന് മാത്രമാണ്.

ഡോക്ടര്‍ ഇക്ബാലിന്റെ പേരൊക്കെ പറഞ്ഞത് എന്തിനാണെന്നല്ലേ? അദ്ദേഹം ഉള്‍പ്പെടെയുള്ള സാങ്കേതിക വിദഗ്ദ്ധരെക്കൊണ്ട് ഒരേ സ്വരത്തില്‍ പറയിക്കാമോ, സര്‍ക്കാരിന് കൊവിഡ് കാര്യത്തില്‍ ഒരു തെറ്റും പറ്റിയിട്ടില്ലെന്ന്? ഇതൊരു വെല്ലുവിളിയായി തന്നെ സ്വീകരിക്കാം. പുതിയ മന്ത്രിക്കും.

പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച്, കൊവിഡ് മൂലം മരിച്ചവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ മന്ത്രി തയ്യാറായത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഡോകടര്‍മാര്‍ കൊവിഡ് മരണമെന്ന് വിധിയെഴുതി ജില്ലാധികാരികള്‍ തലസ്ഥാനത്തേയ്ക്ക് അയച്ച റിപ്പോര്‍ട്ടിലെ പല മരണങ്ങളും സര്‍ക്കാരിന്റെ സമിതി തിരുത്തിയിരിക്കണം. അതില്ലെങ്കില്‍ സമിതിയുടെ ആവശ്യമില്ലായിരുന്നല്ലോ. അതിനാല്‍ 2020 ഏപ്രില്‍ 22 മുതല്‍ സാങ്കേതിക സമിതിയുടെ മുന്നില്‍ വന്ന മുഴുവന്‍ മരണങ്ങടെയും ലിസ്റ്റ് പ്രസിദ്ധീകരിക്കാമോ? ഇതുമൊരു വെല്ലുവിളിയായി സ്വീകരിക്കാം. ജന നന്മയെ ഉദ്ദേശിച്ചു മാത്രമുള്ള വെല്ലുവിളിയാണിത്.

ഒരു കാര്യം ഓര്‍ത്താല്‍ നന്ന്. കൊവിഡ് മരണങ്ങള്‍ എണ്ണുന്ന കാര്യത്തില്‍ സര്‍ക്കാരിന് പിശക് പറ്റിയിട്ടുണ്ടെന്ന് സര്‍ക്കാരിന്റെ കൊവിഡ് ഉപദേശകന്‍ റിട്ടയേഡ് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീ. രാജീവ് സദാനന്ദന്‍ തന്നെ പറഞ്ഞതായി ബി.ബി.സി ഉള്‍പ്പെടെയുള്ള മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനെപ്പറ്റി എന്താണ് അഭിപ്രായം? അദ്ദേഹം പറഞ്ഞത് ശരിയാണോ?
ഞാന്‍ കോണ്‍ഗ്രസുകാരനാണ്. അത് ഒളിവിലെ രാഷ്ടീയ പ്രവര്‍ത്തനമല്ല. കോണ്‍ഗ്രസ് നിരോധിക്കപ്പെട്ട രാഷ്ടീയ പാര്‍ട്ടിയുമല്ല. വിദ്യാര്‍ത്ഥി കാലം മുതല്‍ ഞാനീ പാര്‍ട്ടിയില്‍ ഉണ്ട്. ചെറുപ്പ കാലത്ത് പാര്‍ട്ടിയില്‍ നിന്ന് പഠിച്ചത് രാജ്യസേവനമാണ്. കള്ളക്കടത്തല്ല. അതിനാല്‍ ആരോഗ്യ വിഷയത്തില്‍ അഭിപ്രായങ്ങള്‍ പറഞ്ഞു കൊണ്ടേയിരിക്കും. കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പറയുന്നുണ്ട്.
എനിക്ക് രാഷ്ടീയമുണ്ട്. പൊതുജനാനാരോഗ്യമാണ് എന്റെ രാഷ്ട്രീയം. തര്‍ക്കങ്ങള്‍ അതിലേയ്ക്ക് ഒതുക്കിയില്ലെങ്കില്‍ അപ്രിയമായ പലതും എനിക്കിങ്ങനെ പറയേണ്ടിവരും. ഭരണമുണ്ടെന്ന് വിചാരിച്ച് കേരളത്തെ യൂണിവേഴ്‌സിറ്റി കോളേജ് ആക്കാന്‍ നോക്കരുത്. നടക്കില്ല.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreelekha

1 min

നൃത്താധ്യാപിക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

Jun 6, 2023


arikkomban

1 min

അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു; മുറിവിന് ചികിത്സനല്‍കി

Jun 6, 2023


kb ganesh kumar arikkomban

2 min

അരിക്കൊമ്പന്‍ തളര്‍ന്നിരിക്കുന്നു, മുറിവ് ഗുരുതരം; ഉത്തരവാദികള്‍ കേസുകൊടുത്ത ദ്രോഹികള്‍ - ഗണേഷ്

Jun 6, 2023

Most Commented