പി.ജെ. ജോസഫും ഭാര്യ ഡോക്ടർ ശാന്ത ജോസഫും | ഫോട്ടോ: മാതൃഭൂമി
തൊടുപുഴ: ഒരുമാമ്പഴക്കാലത്താണ് പി.ജെ.യും ശാന്തയും ആദ്യം കണ്ടുമുട്ടുന്നത്. അതും വീട്ടുമുറ്റത്തെ മാവിൻച്ചുവട്ടിൽ. പിന്നെ എത്രയെത്ര മാമ്പഴക്കാലം അവർ ഒരുമിച്ചുകണ്ടു. ഇന്നും മാവുകളെല്ലാം പൂത്തിട്ടുണ്ട്. എന്നാൽ, അതെല്ലാം മാമ്പഴമാകും മുൻപേ ശാന്ത യാത്രയായി. പി.ജെ.ജോസഫിന്റെയും ഡോ.ശാന്തയുടേയും അരനൂറ്റാണ്ട് പിന്നിട്ട പ്രണയം തുടങ്ങിയത് പുറപ്പുഴ വയറ്റാട്ടിൽ പാലത്തിനാൽ വീട്ടിലെ ആ മാവിൻച്ചുവട്ടിൽ നിന്നായിരുന്നു.
മാമ്പഴം പെറുക്കുന്ന പെൺകുട്ടി
വർഷം 1967. ഫെബ്രുവരി മാസം. വയറ്റാട്ടിൽ പാലത്തിനാൽ വീട്ടിലെ മാവ് നിറയെ മാമ്പഴമാണ്. ഞെട്ടറ്റുവീണ മാമ്പഴങ്ങൾ മാവിൻച്ചുവട്ടിൽ ഇങ്ങനെ കിടക്കും. കുട്ടികൾ വന്നതെല്ലാം പെറുക്കും. പി.ജെ. അന്ന് തേവര എസ്.എച്ച്. കോളേജിൽ എം.എയ്ക്ക് പഠിക്കുകയാണ്. ഒരു ദിവസം വീട്ടിലേക്ക് വരുമ്പോൾ കുറേ കുട്ടികൾ മാവിൻച്ചുവട്ടിൽ കിടക്കുന്ന മാങ്ങ പെറുക്കുന്നു.
കൂട്ടത്തിൽ പരിചയമില്ലാത്ത ഒരു പെൺകുട്ടിയും. പി.ജെ.യെ കണ്ടപ്പോൾ ആ പെൺകുട്ടി വീട്ടിലേക്ക് കയറിപ്പോയി. അതാരാണെന്ന സംശയത്തിൽ പി.ജെയും അവിടെനിന്നു. പുറപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പുതുതായി വന്ന ഡോക്ടറാണ് അതെന്ന് പിന്നെയറിഞ്ഞു.
പേര് ശാന്ത. പി.ജെ. യുടെ മൂത്ത സഹോദരിയുടെ ജൂനിയറായിരുന്ന ശാന്ത, പി.ജെ.യുടെ വീട്ടിൽനിന്നാണ് ആശുപത്രിയിലേക്ക് പോയിരുന്നത്. ഒരു മനോഹര പ്രണയത്തിന്റെ തുടക്കം.
ജൽതേ ഹേ, ജിസ്കേ ലിയേ...
ഗായകൻകൂടിയായ പി.ജെ. എന്നും രാത്രിയിൽ വീട്ടിൽ പാട്ടുപാടും. വീട്ടുകാരെല്ലാം ആസ്വദിക്കും. ഒരു ദിവസം സുജാത ഹിന്ദി സിനിമയിൽ എസ്.ഡി. ബർമൻ സംഗീതം ചെയ്ത് തലത് മെഹ്മൂദ് പാടിയ 'ജൽതേ ഹേ ജിസ്കേലിയേ' എന്ന പാട്ടുപാടുകയായിരുന്നു. തിരിഞ്ഞുനോക്കിയപ്പോൾ പെട്ടെന്നൊരാൾ തല പുറകിലോട്ട് വലിച്ച് ശ്രദ്ധമാറ്റുന്നത് കണ്ടു.
പാട്ട് മുഴുവൻ കേട്ട ശാന്ത താൻ നോക്കിയപ്പോൾ ശ്രദ്ധിക്കുന്നില്ലെന്ന് വരുത്താനുള്ള ശ്രമമായിരുന്നു അതെന്ന് പി.ജെ. തന്റെ ആത്മകഥയിൽ പറയുന്നുണ്ട്.
മൂന്ന് മാസം കഴിഞ്ഞപ്പോൾ ഡോ.ശാന്ത പണ്ടപ്പിള്ളിയിലേക്ക് സ്ഥലം മാറിപ്പോയി. പിന്നീട് മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിലേക്ക് മാറി.
ഇതിനിടെ പറമ്പിൽ ജോലിചെയ്തിരുന്ന ദേവസ്യയുടെ ചികിത്സയ്ക്കായി പി.ജെ. മൂവാറ്റുപുഴയിലേക്ക്. അപ്പോഴാണ് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നത്. ആ കൂടിക്കാഴ്ച ഇരുവരും തമ്മിലുള്ള അടുപ്പത്തെ കൂടുതൽ ഊഷ്മളമാക്കി. കത്തുകളുടെ കാലമായിരുന്നു പിന്നെ. ഒടുവിൽ 1971 സെപ്റ്റംബർ 15-ന് ഇരുവരും വിവാഹിതരായി.
മൂന്ന് കുട്ടികളായി. ഇരുവരും തങ്ങളുടെ കർമമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചു. 2021-ൽ അൻപതാം വിവാഹ വാർഷികവും ആഘോഷിച്ചു.
പരസ്പരം താങ്ങുംതണലുമായി 51 വർഷവും നാല് മാസവും രണ്ട് ദിവസവും. പ്രണയംനിറഞ്ഞ ആ യാത്ര ഓർമയായി.
Content Highlights: Dr. Santha Joseph, Wife Of P.J. Joseph, Memory
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..