തിരുവനന്തപുരം: ഡോ.മേരി റെജിയുടെ മരണത്തില്‍ ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സാധ്യമാകുന്ന ചികിത്സകളെല്ലാം നല്‍കിയിരുന്നു, മേരി റെജി അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ആര്‍.സി.സിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്‍സിസിയുടെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് തന്റെ ഭാര്യ മരിച്ചതെന്നായിരുന്നു ഭര്‍ത്താവ് ഡോ.റെജി ജേക്കബിന്റെ പരാതി. ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആര്‍സിസി ആഭ്യന്തര അന്വേഷണം നടത്തിയത്. ആര്‍സിസി അഡീഷണല്‍ ഡയറക്ടര്‍ ഡോ.രാംദാസ് അധ്യക്ഷനായ സമിതിയാണ് സംഭവം അന്വേഷിച്ചത്. ഡോക്ടര്‍മാര്‍ക്ക് യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് സമിതി കണ്ടെത്തി. റെജി ജേക്കബിന്റെ ആരോപണങ്ങളെ പൂര്‍ണ്ണമായും സമിതി തള്ളി കളയുകയും ചെയ്തു. 

അതേ സമയം സമിതിയുടെ അന്വേഷണം വെറും പ്രഹസനമാണെന്ന് ഡോ. റെജി ജേക്കബ് പ്രതികരിച്ചു. ആര്‍.സി.സിയിലെ ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആരോപണം അവര്‍ തന്നെ അന്വേഷിക്കുന്നതിന്റെ ഫലം എന്തായിരിക്കുമെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. പരാതിക്കാരനായ എന്നോട് ഇതുവരെ ഒരു പ്രതികരണമോ പരാതി കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.