പത്തനംതിട്ട: കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനായിരുന്ന ഡോ. മാത്യൂസ് മാർ സേവേറിയോസിനെ പുതിയ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുത്തു. സുന്നഹദോസ് നിർദ്ദേശം മലങ്കര അസോസിയേഷൻ അംഗീകരിച്ചു. കാതോലിക്ക ആയുള്ള സ്ഥാനാരോഹണം നാളെ പത്തനംതിട്ടയിലെ പരുമലയിൽ വെച്ച് നടക്കും.

സഭയുടെ മുതിർന്ന മെത്രാപൊലീത്ത ആയിട്ടുള്ള ഡോ. കുര്യാക്കോസ് മാർ ക്ലീമീസ് ആണ് തീരുമാനം പ്രഖ്യാപിച്ചത്. തുടർന്ന് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും, പരുമലയിലും ഓൺലൈൻ വഴിയും ചടങ്ങുകളിൽ പങ്കെടുത്തവരും കൈയടിച്ചു കൊണ്ട് തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു. വാഴിക്കൽ ചടങ്ങ് സംബന്ധിച്ച തീരുമാനം വൈകുന്നേരം 5 മണിക്ക് ചേരുന്ന സുന്നഹദോസ് കൈക്കൊള്ളും. നാളെ രാവിലെ പരുമലയിൽ തന്നെ സ്ഥാനാരോണ ശുശ്രൂഷകൾ തുടങ്ങുമെന്നാണ് വിവരം.

പരുമലയിൽ ചേർന്ന മലങ്കര അസോസിയേഷൻ യോഗത്തിലാണ് മാത്യൂസ് മാർ സേവേറിയോസിനെ സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുത്തത്. 22-മത് മലങ്കര മെത്രാപ്പൊലീത്ത ആയും 9-ാമത് കാതോലിക്കയുമായാണ് അദ്ദേഹത്തിന്റെ ആഗമനം. കഴിഞ്ഞ 40 വർഷത്തിലേറെയായി വൈദിക അധ്യാപകന രംഗത്ത് അദ്ദേഹം സജീവമായി പ്രവർത്തിച്ചു വരികയാണ്.

മാർ സേവേറിയോസ്; ആർദ്രതയുള്ളൊരു ഇടയൻ; ദൈവപ്രസാദമുള്ള ജീവിതം

ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്താ മാത്രമാണ് കാതോലിക്കാ സ്ഥാനത്തേക്ക്‌ നാമനിർദേശപത്രിക നൽകിയിരുന്നത്. അതിനാൽ, മാർ സേവേറിയോസ് കാതോലിക്കാ ബാവായായി തിരഞ്ഞെടുക്കപ്പെടുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. നേരത്തെ സഭാ എപ്പിസ്കോപ്പൽ സുന്നഹദോസിൽ മാർ സേവേറിയോസ് മെത്രാപ്പൊലീത്തായെ കാതോലിക്കാ സ്ഥാനത്തേക്ക്‌ തിരഞ്ഞെടുത്തിരുന്നു.

Content Highlights: DR. Mathews Mar Severios New Catholicos