ഡോ. ഗോപിനാഥ് രവീന്ദ്രൻ | ഫോട്ടോ: സി സുനിൽ കുമാർ|മാതൃഭൂമി
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ പദവിയില്‍ തന്നെ വീണ്ടും നിമയമിച്ചതിനെക്കുറിച്ച് വിശദീകരിക്കേണ്ടത് ഗവര്‍ണറാണെന്ന് കണ്ണൂര്‍ സര്‍വകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്. നിയമന ഉത്തരവ് കിട്ടിയത് പ്രകാരമാണ് പദവിയില്‍ പ്രവേശിച്ചത്. ചാന്‍സലറുടെ ഓഫീസില്‍ നിന്നാണ് കത്ത് കിട്ടിയത്.
പുനര്‍നിയമനം നടത്തിയവര്‍ വിവാദത്തിന് മറുപടി പറയണമെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തില്‍ ആദ്യമായാണ് ഈ തരത്തിലുള്ള പുനര്‍ നിയമനം നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നടന്നിട്ടുണ്ട്. വിവാദത്തില്‍ തനിക്ക് പങ്കില്ല. കോടതി പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും വി.സി പ്രതികരിച്ചു.
കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനത്തില്‍ ചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കേണ്ടി വന്നുവെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ തുറന്നു പറച്ചിലാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നീതിബോധം വിട്ട് പ്രവര്‍ത്തിക്കേണ്ടി വന്നുവെന്നും എന്നാല്‍, അതിനുശേഷം താന്‍ അങ്ങേയറ്റം അസ്വസ്ഥനാണെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കി. താന്‍ നിലവിലുള്ള വി.സി.ക്ക് പുനര്‍നിയമനം നല്‍കിയത് വിവാദം ഒഴിവാക്കാനായിരുന്നു. പുനര്‍നിയമനമെന്നാല്‍ നിലവിലുള്ളയാള്‍ക്ക് കാലാവധി നീട്ടിക്കൊടുക്കലല്ലെന്ന് ബോധ്യപ്പെടുത്താന്‍ താന്‍ ആവത് ശ്രമിച്ചു. നിലവിലുള്ള വി.സി.ക്ക് പുനര്‍നിയമനം നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് അറിയാമായിരുന്നു. സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ താത്പര്യമില്ലായിരുന്നതിനാലും വിവാദം ഒഴിവാക്കാനുമാണ് നിയമന ഉത്തരവില്‍ ഒപ്പിട്ടതെന്നായിരുന്നു ഗവര്‍ണര്‍ വ്യക്തമാക്കിയത്.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കഴിഞ്ഞദിവസമാണ് ഉത്തരവിട്ടത്. കാലാവധി അവസാനിച്ചതിനു തൊട്ടടുത്ത ദിവസമായിരുന്നു നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. 4 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ വിസിക്ക് അതേ പദവിയില്‍ ഗവര്‍ണര്‍ 4 വര്‍ഷത്തേക്കു കൂടി പുനര്‍നിയമനം നല്കുന്നതു സംസ്ഥാനത്ത് ആദ്യമാണ്.പുതിയ വി.സിയെ തിരഞ്ഞെടുക്കാനായി രൂപീകരിച്ച കമ്മിറ്റിയും ഇതിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു. രാഷ്ട്രീയ നിയമനമാണ് ഗോപിനാഥ് രവീന്ദ്രന്റേതെന്ന വിവാദങ്ങള്‍ക്കിടെയാണ് ഗവര്‍ണറുടെ കത്തും പുറത്തുവന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..