തിരുവനന്തപുരം: സംഘര്‍ഷത്തിന്റെയും ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തിന്റെയും പശ്ചാത്തലത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പലിനെ തല്‍സ്ഥാനത്തുനിന്നു മാറ്റി. കോളേജ് പ്രിന്‍സിപ്പലിന്റെ താല്‍കാലിക ചുമതലയില്‍ ഉണ്ടായിരുന്ന കെ. വിശ്വംഭരനെ മാറ്റി തല്‍സ്ഥാനത്ത് ഡോ. സി. സി ബാബുവിനെ നിയമിച്ചുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. 

നിലവില്‍ തൃശ്ശൂര്‍ ഗവ. കോളേജ് പ്രിന്‍സിപ്പലാണ് ഡോ. സി. സി ബാബു. ഇതോടൊപ്പം അഞ്ച് സര്‍ക്കാര്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും സ്ഥലംമാറ്റമുണ്ട്. 

കോളേജ് തുറക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. കോളേജ് കൗണ്‍സിലിന്റെ തീരുമാനമനുസരിച്ച് കാമ്പസിലെ കൊടിതോരണങ്ങളും ചുവരെഴുത്തുകളും നീക്കംചെയ്തു. തൊഴിലാളികളെ നിയോഗിച്ചാണ് ഇവ മാറ്റിയത്.

എസ്എഫ്‌ഐ പ്രവര്‍ത്തകന് കുത്തറ്റ സംഭവത്തിലും തുടര്‍ന്ന് പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടിലും യൂണിയന്‍ ഓഫീസിലും സര്‍വകലാശാല ഉത്തരക്കടലാസുകളും സീലും കണ്ടെത്തിയ സംഭവത്തിലും അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.

university college

Content Highlights: Dr. C C Babu New principal for University College