പരിക്കേറ്റ ജോർജ് (വലത്ത്): യുട്യൂബ് സ്ക്രീൻഗ്രാബ്
കൊച്ചി: സ്ത്രീധനത്തിന്റെ പേരിൽ യുവാവ് ഭാര്യയേയും ഭാര്യാപിതാവിനേയും ക്രൂരമായി മർദിച്ചു. പച്ചാളം സ്വദേശി ജിപ്സനാണ് കൊച്ചി ചക്കരപ്പറമ്പ് സ്വദേശി ജോർജിനെയും മകൾ ഡയാനയെയും ആക്രമിച്ചത്.
സ്വർണാഭരണങ്ങൾ നൽകാത്തതിന്റെ പേരിൽ മകളെ നിരന്തരം ഉപദ്രവിച്ചിരുന്നകാര്യം ചോദിക്കാൻ ചെന്നതിന് ജോർജിന്റെ കാൽ ജിപ്സൺ തല്ലിയൊടിക്കുകയായിരുന്നു. ജോർജിന്റെ വാരിയെല്ലിനും പരിക്കുണ്ട്.
ജൂലൈ പതിനാറിനാണ് ഡയാനയെയും പിതാവിനെയും ജിപ്സൺ ആക്രമിച്ചത്. പിറ്റേന്നുതന്നെ നോർത്ത് പോലീസ് സ്റ്റേഷനിൽ ഡയാന പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ജൂലൈ പന്ത്രണ്ടിന് മർദ്ദനത്തെപ്പറ്റി വനിതാ സെല്ലിൽ പരാതി നൽകിയെങ്കിലും കൗൺസിലിങ് നടത്താമെന്നായിരുന്നു മറുപടി.
മൂന്നുമാസം മുമ്പാണ് ഡയാനയുടെയും ജിപ്സന്റേയും വിവാഹം കഴിഞ്ഞത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. വിവാഹശേഷം വീട്ടിൽ നിന്നു നൽകിയ 50 പവൻ സ്വർണം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃമാതാവും തന്നെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് ഡയാന വ്യക്തമാക്കി.
'ഭക്ഷണം പോലും തരാതെ മർദിച്ചിരുന്നു. അടിവയറ്റിൽ തൊഴിച്ചിരുന്നു. ഒരിക്കൽ രാത്രി വിശന്നിട്ട് ഭക്ഷണമെടുത്ത് കഴിച്ചതിന് വീട്ടിൽ നിന്ന് പുറത്താക്കി. സ്ത്രീധനം കുറഞ്ഞുപോയെന്ന് ജിപ്സന്റെ മാതാവ് നിരന്തരം കുറ്റപ്പെടുത്തുമായിരുന്നു. ജിപ്സന്റെ അടുത്ത സുഹൃത്തും വൈദികനുമായ ഫാദർ നിപിൻ കുര്യാക്കോസിനോട് ഇക്കാര്യം പറഞ്ഞെങ്കിലും രണ്ടാം വിവാഹമാണ് എല്ലാം സഹിക്കണമെന്നായിരുന്നു ഉപദേശം', ഡയാന പറഞ്ഞു.
ആദ്യ ഭാര്യയേയും ജിപ്സൺ അതി ക്രൂരമായി ഉപദ്രവിച്ചിരുന്നെന്നും ഡയാന പറഞ്ഞു.
Content Highlight: Dowry abuse Woman's father attacked
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..