തിരുവനന്തപുരം: കേരളത്തിലെ പബ്ലിക് സര്‍വീസ് കമ്മിഷനെ കരുവന്നൂര്‍ ബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു ഷാഫി. 

വിശ്വാസ്യതയുടെയും സുതാര്യതയുടെയും കാര്യത്തില്‍ സഹ്യപര്‍വതത്തിനൊപ്പം ഉയരമുണ്ടായിരുന്ന പി.എസ്.സി. ഇന്ന് തൃശ്ശൂരിലെ കരുവന്നൂര്‍ ബാങ്കിന്റെ അവസ്ഥയിലേക്ക് മാറുകയാണ്. ഉദ്യോഗാര്‍ഥികളുടെ താല്‍പര്യത്തിനപ്പുറം മറ്റു പലതും സംരക്ഷിക്കപ്പെടാനുള്ള കേന്ദ്രമായി പി.എസ്.സിയെ മാറ്റാന്‍ സര്‍ക്കാര്‍ അനുവദിക്കരുത്. അത് പാര്‍ട്ടി സര്‍വീസ് കമ്മീഷനാക്കാന്‍ അനുവദിക്കരുത് എന്ന് കേരളത്തിലെ ചെറുപ്പക്കാര്‍ക്കു വേണ്ടി ആവശ്യപ്പെടുകയാണ്- ഷാഫി പറഞ്ഞു. റാങ്ക് ലിസ്റ്റ് മൂന്നുമാസത്തേക്ക് എങ്കിലും നീട്ടണമെന്ന് ഉദ്യോഗാര്‍ഥികള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ പോയി നേടിയ വിധിയാണ്. ആ വിധിക്കെതിരെ എന്തിനാണ് പി.എസ്.സി. അപ്പീല്‍ പോകുന്നത്? അതിന് എന്തിനാണ് സര്‍ക്കാര്‍ പിന്തുണ കൊടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. 

കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാംതരംഗത്തിലുമായി ഏകദേശം 115 ദിവസം കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചിട്ടില്ല. ആ സമയത്തൊക്കെ, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തില്‍ വലിയ വീഴ്ചകളും കുറവുകളുമുണ്ടായി. പ്രൊമോഷന്‍ സംബന്ധിച്ച തര്‍ക്കങ്ങളില്‍ വീഴ്ചകളുണ്ടായി. അവ സമയബന്ധിതമായി തീര്‍പ്പാകാതെയും വന്നു. അത് സംബന്ധിച്ചുള്ള കേസുകള്‍ കെട്ടിക്കിടന്നു. അതില്‍ തീര്‍പ്പു കല്‍പിക്കാന്‍ വൈകി. അതിന്റെ പേരില്‍ റിപ്പോര്‍ട്ടിങ് വൈകിയതുമൂലമുണ്ടായ കാലതാമസം കാരണം ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം മുന്നില്‍നില്‍ക്കുകയാണ്. സര്‍ക്കാര്‍ ഉദാരമായ സമീപനം വെച്ചുപുലര്‍ത്തി യോഗ്യതയുള്ളവരെ സര്‍വീസില്‍ കൊണ്ടുവരാന്‍ അല്‍പം കൂടി സമയം അനുവദിച്ചു കൊടുക്കുകയാണ് വേണ്ടത്. അതിനു പകരം പിടിവാശി ആരെ സഹായിക്കാന്‍ വേണ്ടിയാണെന്നും ഷാഫി ആരാഞ്ഞു. 

കേരളത്തില്‍ അപ്രഖ്യാപിത നിയമനനിരോധനത്തിന് സര്‍ക്കാര്‍ കോപ്പുകൂട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ സമരകാലത്ത്, മുട്ടിലിഴഞ്ഞും ഭിക്ഷയാചിച്ചും മീന്‍വിറ്റും സെക്രട്ടേറിയേറ്റിനു മുന്നില്‍ പട്ടിണി കിടന്നും ഉദ്യോഗാര്‍ഥികള്‍ സമരം നടത്തി. അന്ന് ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ നല്‍കിയ ഉറപ്പുകള്‍ പോലും പാലിക്കപ്പെടുന്നില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുകയാണ്. ശിവരഞ്ജിത്തിനെയും മറ്റും പോലുള്ള, പി.എസ്.സിയുടെ ചരിത്രത്തിലില്ലാത്ത അട്ടിമറികള്‍ക്ക് കാരണക്കാരായവര്‍ നാട്ടില്‍ കയ്യുംവീശി വെറുതെ നടക്കുകയാണ്. അപ്പോള്‍, തൊഴില്‍ കിട്ടാന്‍ ലിസ്റ്റില്‍ ഉള്ളവര്‍ ജോലിക്കു വേണ്ടി ഇപ്പോഴും പുറത്തുനടക്കുകയാണെന്നും ഷാഫി പറഞ്ഞു.

content highlights: dont drag psc into karuvannoor bank's standard- shafi parambil