തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചരണത്തിനായി ഉപയോഗിച്ചാല്‍ ചട്ടലംഘനമാകുമെന്ന നിലപാടില്‍ ഉറച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടികാ റാം മീണ. ശബരിമല പ്രശ്നത്തെ സാമുദായിക ധ്രൂവീകരണമുണ്ടാക്കുന്ന തരത്തില്‍ രാഷ്ട്രീയ കക്ഷികള്‍ ഉപയോഗിച്ചാല്‍ അത് ചട്ടലംഘനമാകുമെന്ന് ടീകാ റാം മീണ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ രാഷട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് ഓഫീസര്‍ നിലപാട് കടുപ്പിച്ചത്.

ശബരിമല ഒരു മത സ്ഥാപനമാണ്. അതുകൊണ്ട് ശബരിമല ക്ഷേത്രത്തിന്റെ പേരില്‍ വോട്ട് ചോദിക്കാന്‍ പാടില്ല. എന്നാല്‍, അതുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയർന്നുവന്ന സ്ത്രീപ്രവേശനം പോലുള്ള വിഷയങ്ങള്‍ പ്രചാരണ വിഷയം ആവാം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതു രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും ഏതു പരിധിവരെ പോകാം എന്നും അവര്‍തന്നെ തീരുമാനിക്കണം. മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പിലാക്കാന്‍ കമ്മീഷന്‍ ശ്രമിക്കും. ഇതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ അത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി  കണക്കാക്കുകയും നടപടി എടുക്കുകയും ചെയ്യും. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പെരുമാറ്റച്ചട്ടം ലംഘിച്ചുകൊണ്ടുള്ള പ്രചാരണം ജനാധിപത്യത്തിന്റെ ആരോഗ്യവും ശുദ്ധിയും നഷ്ടപ്പെടുത്തും. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ട്. അതിനനുസരിച്ചല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനമെങ്കില്‍ നടപടിയുമായി കമ്മീഷന്‍ മുന്നോട്ടുപോകുമെന്നും ടികാ റാം മീണ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ചട്ടലംഘനമാകുമെന്ന് കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തില്‍ ടികാ റാം മീണ പറഞ്ഞിരുന്നു. മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണ്. ഇതിന്റെ പരിധിയില്‍ വരുന്ന രീതിയില്‍ ശബരിമല വിഷയത്തെ ഉപയോഗിച്ചാല്‍ അത് ചട്ടലംഘനമായി കണക്കാക്കിനടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു.

ബിജെപിയും കോണ്‍ഗ്രസും കമ്മീഷന്റെ നിര്‍ദേശത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വിഷയം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Content Highlights: Don't use Sabarimala Issue as Election campaign, Chief Electoral Officer, tikaram meena