തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലെ ഡ്രൈവർമാരെ കസ്റ്റംസ് ചോദ്യംചെയ്യുന്നു. അറ്റാഷെയുടെയും കോൺസുൽ ജനറലിന്റെയും ഡ്രൈവർമാരെയാണ് കൊച്ചിയിലെ ഓഫീസിൽ ചോദ്യംചെയ്യുന്നത്. അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസറെ നാളെ ചോദ്യംചെയ്യും.

അറ്റാഷെയുടെയും കോൺസുൽ ജനറലിന്റെയും ഡ്രൈവർമാരോട് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. കോൺസുൽ ജനറലും അറ്റാഷെയും ഇപ്പോൾ ഇന്ത്യയിലില്ല. അന്വേഷണ ഏജൻസിക്ക് ഇവരെ ചോദ്യംചെയ്യാൻ സാധിച്ചിരുന്നുമില്ല. ഈ സാഹചര്യത്തിൽ ഇവരെക്കുറിച്ചുള്ള പ്രാഥമികമായ വിവരങ്ങൾ ലഭിക്കുന്നതിനുവേണ്ടിയാണ് ഡ്രൈവർമാരെ ചോദ്യംചെയ്യുന്നത്.

അറ്റാഷെയുടെയും കോൺസുൽ ജനറലിന്റെയും യാത്രകൾ, ഇവരുമായി ബന്ധപ്പെട്ടിരുന്ന ആളുകൾ തുടങ്ങിയവയും ലഗ്ഗേജുകൾ കൈമാറിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും വിശദമായി അന്വേഷിക്കുന്നതിനാണ് ഇവരെ ചോദ്യംചെയ്യുന്നത്.

അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ അടക്കം കൂടുതൽ പേരെ വരുംദിവസങ്ങളിൽ കസ്റ്റംസ് ചോദ്യംചെയ്യാനിരിക്കുകയാണ്. യുഎഇയിൽനിന്ന് കോൺസുലേറ്റിലേക്ക് വസ്തുക്കൾ ഇറക്കുമതി ചെയ്യണമെങ്കിൽ പ്രോട്ടോക്കോൾ ഓഫീസിന്റെ അനുമതി ആവശ്യമാണ്.

2018ന് ശേഷം ഇത്തരത്തിൽ സമ്മതപത്രം നൽകിയിട്ടില്ലെന്നാണ് നേരത്തെ പ്രോട്ടോക്കോൾ ഓഫീസർ കസ്റ്റംസിനോട് പറഞ്ഞിരുന്നത്. എന്നാൽ അതിനു ശേഷവും സ്വപ്ന സുരേഷും സംഘവും സാധനങ്ങൾ ഇറക്കുമതി ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. വ്യാജ അനുമതി പത്രം ഉപയോഗിച്ചാണോ ഇത് എന്നതും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.

Content Highlights:Dollar smuggling: Customs question drivers at the UAE consulate