തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും. സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസര്‍ ഷൈന്‍ എ.ഹക്കിനെ കസ്റ്റംസ് വിളിപ്പിച്ചിട്ടുണ്ട്. ജനുവരി 19ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നല്‍കി. സ്വർണക്കടത്ത് കേസിൽ വിദേശത്ത് നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതി റെബിന്‍സണെയും കസ്റ്റംസ് ചോദ്യം ചെയ്യും. 

അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസറെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് പ്രോട്ടോക്കോള്‍ ഓഫിസര്‍ ഷൈന്‍ എ.ഹക്കിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. ചൊവ്വാഴ്ച കസ്റ്റംസ് ആസ്ഥാനത്ത് ഹാജരാകാനാണ് ഹക്കിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്വപ്‌നയുടേയും സരിത്തിന്റേയും രഹസ്യമൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. 

നയതന്ത്ര പരിരക്ഷയില്ലാത്തവര്‍ക്ക് പ്രതിനിധികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരുന്നു എന്ന തരത്തില്‍ മൊഴികളുണ്ടായിരുന്നു. സ്വര്‍ണക്കടത്തു കേസിലെ പ്രതി ഖാലിദിന് നയതന്ത്ര പരിരക്ഷയില്ലെങ്കിലും ഇദ്ദേഹം ഇത്തരം കാര്‍ഡ് ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ഷൈന്‍ എ.ഹക്കാണ് ഇത്തരത്തില്‍ കാര്‍ഡുകള്‍ അനുവദിച്ചതെന്നാണ് വിവരം.

Content Highlights: dollar smuggling case: protocol officer will be questioned by Customs