കൊച്ചി: ഡോളര്‍കടത്ത് കേസില്‍ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക ദിവ്യയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. സ്വര്‍ണക്കടത്ത് കേസിലേയും ഡോളര്‍കടത്ത് കേസിലേയും പ്രതികളായ സ്വപ്നസുരേഷുമായും സരിത്തുമായും അടുത്ത ബന്ധമുണ്ടെന്നാണ് വിവരത്തിലാണ് ചോദ്യം ചെയ്യല്‍. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. 

കൈക്കുഞ്ഞുമായാണ് തിരുവനന്തപുരും കരമന സ്വദേശിയായ ദിവ്യ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. സ്വപ്ന സുരേഷുമായും സരിത്തുമായും അഭിഭാഷകയായ ദിവ്യ നിരന്തരം ബന്ധപ്പെടുകയും ഇരുവര്‍ക്കും വേണ്ട സഹായം ചെയ്തുവെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം. തുടര്‍ന്നാണ് ചോദ്യം ചെയ്യുന്നത്. ചില സാഹചര്യ തെളിവുകളും ദിവ്യക്കെതിരാണ്. അതേസമയം മൊബൈല്‍ ഫോണും സിം കാര്‍ഡും ബാങ്ക് വിവരങ്ങളും ഹാജരാക്കാനാണ് കസ്റ്റംസ് നിര്‍ദ്ദേശിച്ചതെന്ന് ദിവ്യയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു. 

ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ദിവ്യയുടെ ഭര്‍ത്താവ് അഭിഭാഷകനായ അനൂപ് ഫെയിസ്ബുക്കിലൂടെ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ ഐ എ ഉദ്യോഗസ്ഥനും കസ്റ്റംസ് ഓഫീസില്‍ എത്തിയിട്ടുണ്ട്. അതേസമയം സ്വപ്‌ന, സരിത്ത് എന്നിവര്‍ നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷ കോടതി തള്ളി.

Content Highlights: Dollar smuggling case; lawyer Divya is being questioned by customs