കൊച്ചി: ഡോളര്‍ക്കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉടന്‍ ചോദ്യംചെയ്യും. ഇതിനുള്ള നോട്ടീസ് തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. നിയമസഭാ സമ്മേളനം അവസാനിച്ചതിനാല്‍ എത്രയുംവേഗം ചോദ്യം ചെയ്യാനാണ് തീരുമാനം. മൂന്നുതലങ്ങളില്‍ ഇതിനായി നിയമോപദേശം തേടുന്നുണ്ട്. ഓരോവാക്കും വരികളും ഇതിന്റെ അടിസ്ഥാനത്തിലാണ് ചേര്‍ക്കുക. നിയമസഭാ സെക്രട്ടേറിയറ്റും കസ്റ്റംസും തമ്മില്‍ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ ചോദ്യംചെയ്യല്‍ നോട്ടീസിന്റെ പേരില്‍ 'കത്ത് യുദ്ധം' നടന്നതിനാല്‍ അതിശ്രദ്ധയോടെയാണ് നടപടിക്രമങ്ങള്‍ കൈകാര്യംചെയ്യുന്നത്.

യു.എ.ഇ. കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് കേരളത്തില്‍നിന്ന് വിദേശത്തേക്ക് വന്‍തോതില്‍ ഡോളര്‍ കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. കേസില്‍ പ്രതികളായ സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത് എന്നിവര്‍ പി. ശ്രീരാമകൃഷ്ണനെതിരേ മൊഴിനല്‍കിയിട്ടുണ്ട്. കസ്റ്റംസ് ചട്ടങ്ങള്‍ പ്രകാരം സ്പീക്കറെ ചോദ്യംചെയ്യുന്നതില്‍ നിയമതടസ്സങ്ങളൊന്നുമില്ലെന്നാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചത്. അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണനും വ്യക്തമാക്കിയിരുന്നു.

Content Highlight: Dollar smuggling case: Customs notice prepared against speaker