തിരുവനന്തപുരം: വളര്‍ത്തു നായയെ ചൂണ്ടക്കൊളുത്തില്‍ തൂക്കി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയതായി പരാതി. വിഴിഞ്ഞം അടിമലത്തുറയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അടിമലത്തുറയിലെ ക്രിസ്തുരാജ് എന്നയാള്‍ വളര്‍ത്തിയ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ബ്രൂണോ എന്ന നായയാണ് ക്രൂരതയ്ക്കിരയായത്. നാട്ടുകാരായ ചിലര്‍ ചേര്‍ന്നാണ് നായയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്നാണ് ആരോപണം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ചൂണ്ടക്കൊളുത്തില്‍ തൂക്കിയിട്ട് മരത്തടി ഉപയോഗിച്ച് നായയെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. നായയെ കാണാതായതോടെ അന്വേഷിച്ച് ചെന്ന ക്രിസ്തുരാജാണ് കൊല്ലപ്പെട്ട നിലയില്‍ നായയെ കണ്ടത്. സംഭവത്തിനെതിരേ ക്രിസ്തുരാജ് വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലയെന്നാണ് ആക്ഷേപം.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മൃഗസ്‌നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിനെതിരേ സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Content Highlights: dog was hanged on a hook and brutally beaten to death