കോട്ടയം: നായ്ക്കളോട് വീണ്ടും കൊടും ക്രൂരത. കോട്ടയം അയര്‍ക്കുന്നത്ത് നായയെ കാറിന് പിറകില്‍ കെട്ടിവലിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. 

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. അല്‍പം വേഗത്തില്‍ പോകുന്ന കാറിന് പിന്നില്‍ നായയെ കെട്ടിവലിച്ചുകൊണ്ടു പോകുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അതേസമയം വാഹനം ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

നേരത്തെ ചെങ്ങമനാടില്‍ കാറിന് പിറകില്‍ വളര്‍ത്തുനായയെ കെട്ടിവലിച്ച ക്രൂരതയ്ക്ക് സമാനമായ സംഭവമാണ് അയര്‍ക്കുന്നത്തുമുണ്ടായത്. 

നായയെ കാറില്‍ കെട്ടിവലിച്ചു കൊണ്ടുപോയതായി നാട്ടുകാരില്‍ ചിലര്‍ രാവിലെ തന്നെ പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ക്രൂരത പുറത്തുവന്നത്. സംഭവത്തില്‍ പോലീസിനും മൃഗസംരക്ഷണ വകുപ്പിനും പരാതി നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

content highlights: dog tied on to speeding car in kottayam