കൊച്ചി: കൊച്ചിയില്‍ നായയോട് കൊടുംക്രൂരത. നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയി. കൊടുംക്രൂരതയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എറണാകളും ചെങ്ങമനാട് അത്താണി ഭാഗത്തുനിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. കാറിനു പിന്നാലെ വന്ന അഖില്‍ എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആശുപത്രിയില്‍നിന്ന് മടങ്ങിവരുന്ന വഴിയായാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ദൂരെനിന്ന് നോക്കിയപ്പോള്‍ നായ കാറിനു പിന്നാലെ ഓടുന്നതായാണ് ഇദ്ദേഹത്തിന് തോന്നിയത്. എന്നാല്‍ അടുത്തെത്തിയപ്പോഴാണ് നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ പിന്നില്‍ കെട്ടിവലിക്കുകയാണെന്ന് മനസ്സിലായത്.

നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ എറണാകുളം ചെങ്ങമനാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

എറണാകുളം അത്താണി റോഡിലെ ചാലാക്ക മെഡിക്കല്‍ കോളേജിനടുത്ത് വെച്ചാണ് സംഭവമുണ്ടായതെന്നാണ് ചെങ്ങമനാട് പോലീസ് പറയുന്നത്. നായയെ കെട്ടിവലിക്കുന്നത് കണ്ടയാള്‍ വാഹനം തടഞ്ഞുനിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ ഇയാളോട് തട്ടിക്കയറുകയും തെറിവിളിക്കുകയുമായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും വാഹനവും വാഹന ഉടമയെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ചെങ്ങമനാട് പോലീസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ആരാണ് വാഹനമോടിച്ചിരുന്നതെന്ന് സ്ഥിരീകരിച്ചാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. 

നായയുടെ കഴുത്തില്‍ കുരുക്കിട്ടാണ് ഓടുന്ന കാറിന് പിന്നില്‍ കെട്ടിവലിച്ചത്. കാര്‍ ഓടുന്നതിനിടെ നായ തളര്‍ന്നുവീണിട്ടും റോഡിലൂടെ നായയെ കെട്ടിവലിച്ച് കാര്‍ മുന്നോട്ടുപോയി. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധിപേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.  അഭിഭാഷക രശ്മിത രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ക്രൂരതയുടെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

 

contemt highlights: dog tied on to speeding car in kochi