കൊച്ചി: എറണാകുളത്ത് ഓടുന്ന കാറിൽ നായയെ കെട്ടിവലിച്ച സംഭവത്തിൽ ബി.ജെ.പി. നേതാവും എം.പിയുമായ മനേക ഗാന്ധി വിവരങ്ങൾ തേടി. എറണാകുളം റൂറൽ എസ്.പി.. കെ. കാർത്തിക്കിൽനിന്നാണ് മനേക ഗാന്ധി വിവരങ്ങൾ ആരാഞ്ഞത്. സംഭവത്തിൽ പോലീസ് സ്വീകരിച്ച നിയമനടപടികൾ വിശദീകരിച്ചെന്നും പോലീസിന്റെ നടപടികളെ അവർ അഭിനന്ദിച്ചെന്നും കാർത്തിക് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എറണാകുളം അത്താണി ഭാഗത്ത് ഓടുന്ന കാറിൽ നായയെ കെട്ടിവലിച്ച സംഭവമുണ്ടായത്. നായയുടെ കഴുത്തിൽ കുരുക്കിട്ട ശേഷം റോഡിലൂടെ കാർ ഓടിച്ചു പോവുകയായിരുന്നു. നായയെ ക്രൂരമായി പീഡിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അഖിൽ എന്നയാളാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. നായയെ ഇത്തരത്തിൽ ഉപദ്രവിക്കുന്നത് അഖിൽ ചോദ്യം ചെയ്തെങ്കിലും ഡ്രൈവർ ഇയാളോട് തട്ടിക്കയറുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. തുടർന്ന് ചെങ്ങമനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കാറോടിച്ചിരുന്ന നെടുമ്പാശ്ശേരി ചാലാക്ക കോന്നംഹൗസിൽ യൂസഫിനെ പിടികൂടുകയുമായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. യൂസഫിന്റെ കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത് പോലീസിന് കൈമാറി. ഇയാളുടെ ലൈസൻസ് റദ്ദാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിക്രൂരമായ പീഡനത്തിനിരയായി പരിക്കേറ്റ നായ നിലവിൽ ദയ ആനിമൽ വെൽഫയർ ഓർഗനൈസേഷന്റെ സംരക്ഷണയിലാണ്.

Content Highlights:dog tied behind the running car in eranakulam maneka gandhi seeks details