പേയാട്: ഉടമയുടെ വീട്ടില്‍നിന്നും വളര്‍ത്തുനായയെ കാണാതായ കേസില്‍ മൃഗസംരക്ഷക പ്രവര്‍ത്തകയുടെ വീട്ടില്‍നിന്നും നായയെ പോലീസ് കണ്ടെത്തി. ആരോഗ്യ പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ നായ 'എയ്സി'നെ ഉടമയ്ക്കു നല്‍കി. കഴിഞ്ഞ ആറിനാണ് വിളപ്പില്‍ പഞ്ചായത്തില്‍ അരുവിപ്പുറം വാര്‍ഡിലെ വൈഗാ ഗാര്‍ഡന്‍ നക്ഷത്ര ഹൗസില്‍നിന്നും ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട മൂന്നു വയസ്സുള്ള നായയെ ഉടമ മായാദേവിക്കു നഷ്ടപ്പെടുന്നത്. ഇവര്‍ ഭര്‍ത്താവ് ജയപാലന്റെ മൂവാറ്റുപുഴയിലെ വീട്ടില്‍ പോയിരുന്ന സമയം വീടിന്റെ ഗേറ്റിലെ പൂട്ട് തകര്‍ത്ത് അകത്ത് നായയെ കിടത്തിയിരുന്ന കൂടിന്റെ പൂട്ടും തകര്‍ത്താണ് നായയെ കൊണ്ടുപോയതെന്ന് ഉടമ പരാതി നല്‍കി.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്റെ പ്രോജക്റ്റ് ഓഫീസര്‍ പാര്‍വതി മോഹനാണ് വളര്‍ത്തുനായയെ കൊണ്ടുപോയതെന്ന് ഉടമ പോലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പാര്‍വതി മോഹന്റെ കുടപ്പനക്കുന്ന് ഇടനേരം വീട്ടില്‍ നിന്നും നായയെ പോലീസ് കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് നായയെ ഉടമയ്ക്ക് കൈമാറിയതായി വിളപ്പില്‍ശാല എസ്.ഐ. ഷിബു പറഞ്ഞു.

എന്നാല്‍, നായ്ക്കുട്ടിക്ക് അണുബാധയുണ്ടായതായി കുടപ്പനക്കുന്ന് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെന്നും എയ്സിപ്പോള്‍ പനിബാധിച്ച് ചികിത്സയിലാണെന്നും ഉടമ മായാദേവി പറഞ്ഞു.