കോഴിക്കോട് ജില്ലാ മൃഗാശുപത്രി| Photo: Mathrubhumi
എടക്കാട്: കോഴിക്കോട് എടക്കാട് റോട്ട് വീലര്‍ ഇനത്തില്‍പ്പെട്ട നായയെ ഭക്ഷണവും വെള്ളവും കൊടുക്കാതെ പട്ടിണിക്കിട്ട് കൊന്നതായി പരാതി. എടക്കാട് വാടകയ്ക്ക് നല്കുന്ന ഒരു വീട്ടിലാണ് രണ്ട് വയസ്സുള്ള റോട്ട് വീലറിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നായയുടെ ഉടമയ്ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പീപ്പിള്‍സ് ഫോര്‍ അനിമല്‍ എന്ന സംഘടന എലത്തൂര്‍ പോലീസില്‍ പരാതി നല്കി. മൃഗഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെ ഉടമയ്ക്കെതിരെ എലത്തൂര്‍ പോലീസ് കേസെടുത്തു
വീട് വാടകക്കെടുത്ത വിപിന്‍ എന്നയാളാണ് നായയെ വളര്‍ത്തിയിരുന്നത്. വിപിന്‍ വീട് ഒഴിഞ്ഞ് പോയെങ്കിലും നായയെ കൊണ്ടു പോയില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നായയെ റെസ്ക്യൂ ചെയ്ത് ദത്ത് നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പീപ്പിള്‍സ് ഫോര്‍ അനിമല്‍ പ്രവര്‍ത്തകര്‍ എലത്തൂര്‍ പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇതില്‍ നടപടി ആവുന്നതിന് മുമ്പേ നായ ചത്തു. തുടര്‍ന്നാണ് ഉടമയ്ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്.
ചില കുടുംബ പ്രശ്നങ്ങള്‍ കാരണം തനിച്ച് താമസിക്കുന്ന കാലത്താണ് നായയെ വാങ്ങിയതെന്നും പ്രശ്നങ്ങള്‍ അവസാനിച്ച് വീട്ടിലേക്ക് തിരിച്ച് പോയപ്പോള്‍ നായയെ കൊണ്ടു പോകാന്‍ പറ്റിയില്ലെന്നുമാണ് ഉടമയായ വിപിന്‍ പറയുന്നത്. ഈ വീട്ടില്‍ എത്തി എല്ലാ ദിവസവും ഭക്ഷണവും വെള്ളവും നല്‍കിയിരുന്നെന്നും വിപിന്‍ പറയുന്നു. കുറച്ച് ദിവസമായി തനിക്ക് പോവാന്‍ പറ്റാതിരുന്നതിനാല്‍ ഒരു സുഹൃത്തിനെ ഭക്ഷണം നല്കാന് ഏല്‍പ്പിച്ചിരുന്നെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും വിപിന്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ജില്ലാ മൃഗാശുപത്രിയിലാണ് നായയുടെ പോസ്റ്റ് മോര്‍ട്ടം നടത്തിയത്. നായയുടെ ശരീരത്തില്‍ ഭക്ഷണത്തിന്റേയും വെള്ളത്തിന്റേയും അംശം ഇല്ലായിരുന്നെന്നും മൃതദേഹം അഴുകിത്തുടങ്ങിയതിനാല് ആന്തരികാവയങ്ങളുടെ പരിശോധയ്ക്ക് ശേഷമേ മരണകാരണം പറയാനാകൂ എന്നും പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അപാകതയുണ്ടെങ്കില്‍ ഉടമയ്ക്കെതിരെ കേസ് എടുക്കുമെന്ന് എലത്തൂര്‍ പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..