കൊച്ചി: സമന്‍സ് കൊടുക്കാനെത്തിയ പോലീസുകാരന്‍ വീട്ടിലെ വളര്‍ത്തുനായയെ തല്ലിക്കൊന്നതായി പരാതി. എറണാകുളം ചെങ്ങമനാട് പോലീസിനെതിരേയാണ് ആരോപണം. ചെങ്ങമനാട് സ്വദേശി മേരിയാണ് വളര്‍ത്തുപട്ടിയായ പിക്സിയെ തല്ലിക്കൊന്നെന്ന പരാതിയുമായി പോലീസിനെതിരേ രംഗത്തെത്തിയത്. 

ശനിയാഴ്ച വൈകുന്നേരം ആറരയോടെ മേരിയുടെ മകനും പോലീസ് കേസിലുള്‍പ്പെട്ട ആളുമായ ജസ്റ്റിനെ അന്വേഷിച്ചാണ് ചെങ്ങമനാട് പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടിലെത്തിയത്. മേരി മാത്രമായിരുന്നു ആ സമയം വീട്ടിലുണ്ടായിരുന്നത്. വീടിന് പിന്നിലൂടെ അകത്തേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ വളര്‍ത്തുപട്ടിയായ പിക്‌സി ഓടിയെത്തി. വിറകു കഷ്ണം ഉപയോഗിച്ച് പട്ടിയെ അടിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് ചോദ്യം ചെയ്ത മേരിക്കെതിരേയും പോലീസ് ഭീഷണി ഉയര്‍ത്തിയതായി പരാതിയില്‍ പറയുന്നു. 

എട്ട് വര്‍ഷമായി ഇവര്‍ വളര്‍ത്തുന്ന പഗ് ഇനത്തില്‍ പട്ടിയാണ് പിക്‌സി. സംഭവത്തെക്കുറിച്ച് എസ്.പി.സി.എയ്ക്കും എസ്.പിക്കുമാണ് പരാതി നല്‍കിയത്. പട്ടിയെ അടിച്ചുകൊന്ന പോലീസുകാരനെതിരേ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. പട്ടിയുടെ ജഡം പോസ്റ്റുമോര്‍ട്ടം ചെയ്യാനായി വീട്ടിലെ ഒഴിഞ്ഞ ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തും. 

അതിനിടെ, ജസ്റ്റിനെ അന്വേഷിച്ചാണ് ചെങ്ങമനാട് പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടിലെത്തിയയതെന്നും ജസ്റ്റിനും സഹോദരനും നിരവധി കേസുകളില്‍ പ്രതികളാണെന്നും ചെങ്ങമനാട് പോലീസ് പറഞ്ഞു. സമന്‍സ് ഉണ്ടായിട്ടും കൈപ്പറ്റിയിരുന്നില്ല. സമന്‍സ് പതിക്കാനായി എത്തിയപ്പോള്‍ പട്ടി ഉദ്യോഗസ്ഥരുടെ കാലില്‍ കടിക്കുകയായിരുന്നു. തുടര്‍ന്ന് കാല്‍ കുടയുക മാത്രമാണ് ചെയ്തത്. ഒരു മണിക്കൂറിന് ശേഷം പട്ടിയുമായി അയാള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തികയായിരുന്നുവെന്നും എസ്‌ഐ പറഞ്ഞു. കൊലപാതക കേസുകളില്‍ ഉള്‍പ്പെടെ പ്രതികളായതിനാല്‍ സമന്‍സ് നല്‍കാനടക്കം പോലീസ് ചെല്ലുന്നത് ഒഴിവാക്കാനാണ് ആരോപണം ഉന്നയിക്കുന്നതെന്നും എസ്‌ഐ കൂട്ടിച്ചേര്‍ത്തു.