കൊച്ചി: പറവൂരിൽ കാറിന് പിന്നിൽ കെട്ടിവലിച്ച നായയെ ഒടുവിൽ മണിക്കൂറുകൾക്ക് ശേഷം മൃഗസംരക്ഷണ പ്രവർത്തകർ കണ്ടെത്തി. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദയ ആനിമൽ വെൽഫയർ ഓർഗനൈസേഷൻ പ്രവർത്തകരാണ് പരിക്കേറ്റ നിലയിൽ നായയെ കണ്ടെത്തിയത്. റോഡിലൂടെ വലിച്ചിഴച്ചതിനാൽ നായയുടെ മുൻകാലിൽ പരിക്കുകളുണ്ടെന്നും പ്രാഥമിക പരിശോധനയ്ക്കായി പറവൂർ മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചതായും 'ദയ' കോർഡിനേറ്റർ അമ്പിളി പുരയ്ക്കൽ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ പരിശോധനയ്ക്കായി ശനിയാഴ്ച തൃപ്പുണിത്തുറയിലെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നും അവർ പറഞ്ഞു.

നായയെ കാറിൽ കെട്ടിവലിച്ച വീഡിയോ ലഭിച്ചതോടെ 'ദയ' പ്രവർത്തകർ നായയെ കണ്ടെത്താൻ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. സംഘടനയുടെ വൈസ് പ്രസിഡന്റും പറവൂർ സ്വദേശിയുമായ ടി.ജെ. കൃഷ്ണനാണ് ഇതിന് നേതൃത്വം നൽകിയത്. ഉച്ചയ്ക്ക് രണ്ടരയോടെ തിരച്ചിൽ ആരംഭിച്ച മൃഗസംരക്ഷണ പ്രവർത്തകർക്ക് വൈകിട്ട് അഞ്ച് മണിയോടെയാണ് നായയെ കണ്ടെത്താനായത്. ഉടൻതന്നെ ഇവർ ഭക്ഷണവും മറ്റും നൽകി മൃഗാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കാറിൽ കെട്ടിവലിച്ച നായയുടെ പിന്നാലെ ഓടിയ നായയെയും തങ്ങൾക്ക് കണ്ടെത്താനായതായി 'ദയ' പ്രവർത്തകർ പറഞ്ഞു. രണ്ട് നായകളും നിലവിൽ 'ദയ' പ്രവർത്തകരുടെ പരിപാലനത്തിനലാണ്. പറവൂരിലെ സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും 'ദയ' പ്രവർത്തകർ അറിയിച്ചു.കഴിഞ്ഞദിവസം മൂവാറ്റുപുഴയിൽ ഇറച്ചിവെട്ടുകാരൻ നായയെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിലും 'ദയ' പ്രവർത്തകർ ഇടപെട്ടിരുന്നു. അതേസമയം, മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവർക്ക് മതിയായ ശിക്ഷ ഉറപ്പുവരുത്തുന്നില്ലെന്നും ഇവർക്ക് ആക്ഷേപമുണ്ട്.

Content Highlights:dog abused dog tied in car in paravur eranakulam animal welfare workers found dog