കുട്ടിയാനകളായ രഘുവിനും ബൊമ്മിക്കുമൊപ്പം ബെള്ളിയും ഭർത്താവ് ബൊമ്മനും കുടുംബക്ഷേത്രത്തിനുമുന്നിൽ (ഡോക്യുമെന്ററിക്കായി പുനരാവിഷ്കരിച്ചത്)
ഗൂഡല്ലൂര്‍: 'ഏന് കൊഴന്തകളെ പാക്കിറെ മാതിരി താന്‍ രണ്ടിനേം നാന് പെരിശ പണ്ടറേന്...' (എന്റെ കുട്ടികളെ പോറ്റുന്നപോലെതന്നെയാണ് അവകളെ ഞാന്‍ പോറ്റുന്നത്) -ഗൂഡല്ലൂര്‍ തെപ്പക്കാട്ടെ ആദിവാസിക്കോളനിയിലിരുന്ന് ബെള്ളി അമ്മൂമ്മ വാത്സല്യച്ചെപ്പ് തുറന്നു. 82 വയസ്സുള്ള ബെള്ളി ഇപ്പോള്‍ വലിയ സന്തോഷത്തിലാണ്. കാട്ടിലെ ചതുപ്പുകുണ്ടില് വീണ് ദേഹമാസകലം മുറിവേറ്റ് അമ്മക്കൂട്ടില്ലാതെ കിട്ടിയ രണ്ടു കാട്ടാനക്കുട്ടികളുടെ പോറ്റമ്മയാണ് ബെള്ളി.
ബെള്ളിയെക്കുറിച്ചുള്ള ഡോക്യുമെന്ററി 'ദി എലിഫെന്റ് വിസ്പേസ്' ഓസ്കര് മത്സരത്തിലിടംനേടിയിരിക്കുകയാണ്. ബെള്ളിയും അവരുടെ ഭര്‍ത്താവ് ബൊമ്മനും പോറ്റിയ കാട്ടാനക്കുട്ടികളായ രഘുവിന്റെയും ബൊമ്മിയുടെയും കഥയാണ് 'ദി എലിഫെന്റ് വിസ്പേസ്'.
2017 മേയ് 26-നാണ് മുതുമലയിലെ ചതുപ്പില്‍ ഒറ്റപ്പെട്ടുപോയ മൂന്നുമാസം പ്രായമുള്ള കുട്ടിയാന രഘുവിനെ മുതുമലയിലെ വനപാലകര്‍ക്ക് കിട്ടുന്നത്. മുറിവില്‍ മരുന്നുപുരട്ടി സുഖംപ്രാപിച്ച രഘുവിന്റെ 'അമ്മയെ' അന്വേഷിച്ച് കാടുമുഴുവന്‍ വനപാലകസംഘം അരിച്ചുപൊറുക്കിയെങ്കിലും കണ്ടെത്താനായില്ല. ഒറ്റപ്പെട്ടുപോയ രഘുവിനെ പരിപാലിക്കാന്‍ ബെള്ളിയെയും ഭര്‍ത്താവ് ബൊമ്മനെയും ഏല്‍പ്പിക്കുകയായിരുന്നു.
മറ്റുള്ളവര്‍ എവിടുന്നെങ്കിലും തീറ്റകൊടുത്താല്‍ അവ തിന്നില്ല. ബെള്ളി അടുത്തുണ്ടാകണം. 'തിന്നിട്ട് വാ' എന്ന് പറഞ്ഞാല്‍ അവ തീറ്റയെടുക്കും.
രഘുവിന് മൂന്നു വയസ്സായപ്പോഴാണ് കാട്ടിലൊറ്റപ്പെട്ടനിലയില് ബൊമ്മിയെ ബെള്ളിയുടെ അടുത്തേക്ക് കൊണ്ടുവരുന്നത് -2019 ഫെബ്രുവരി 12-ന്. രണ്ടുപേരെയും പരിപാലിക്കാന്‍ തെപ്പക്കാട്ടെ ആനക്കൊട്ടിലിനരികിലായി ഈ വയോധികരുടെ താമസം. മുതുമലയിലെ ആനക്യാമ്പിലേക്ക് ഇപ്പോള്‍ മാറ്റിയ രഘുവിനും ബൊമ്മിക്കും ബെള്ളി ഇന്ന് പോറ്റമ്മയാണ്. ക്യാമ്പിലേക്ക് മാറ്റിയെങ്കിലും ബെള്ളിയുടെ തല കാണുമ്പോഴേക്കും ഇരുവരും ചിന്നംവിളിച്ച്, തുമ്പിക്കൈ ഉയര്‍ത്തി സന്തോഷം പ്രകടിപ്പിക്കും. രണ്ടുപേര്‍ക്കും ഒന്നിച്ചുവേണം തീറ്റകൊടുക്കാന്‍. രണ്ടുഭാഗത്ത് നിര്‍ത്തി ഇരുകൈയിലും തീറ്റപിടിച്ചാണ് ഇവര്‍ക്ക് കൊടുക്കുക.
ബൊമ്മിക്കിപ്പോള് മൂന്നും രഘുവിന് ആറും വയസ്സായി. ഒരുവര്‍ഷംമുമ്പാണ് ഊട്ടി സ്വദേശിനിയായ കാര്‍ത്തികി ഗന്സാല്വ്സ് ഇവരുടെ ജീവിതം ഒരു കഥയായി ചിത്രീകരിച്ചുതുടങ്ങിയത്.
ബെള്ളിയും ബൊമ്മനും കാണിക്കുന്ന വത്സല്യം, കുട്ടിയാനകളുടെ സ്നേഹം, മറ്റു കാട്ടാനക്കൂട്ടങ്ങളെ കാണുമ്പോഴുള്ള അകല്‍ച്ച എന്നിവയെല്ലാം ഒന്നരമണിക്കൂര്‍ നീളുന്ന ഡോക്യുമെന്ററിയിലുണ്ട്. പരിസ്ഥിതിസൗഹാര്‍ദ ചിത്രങ്ങളുടെ മത്സരത്തിലാണ് ഡോക്യുമെന്ററി ഓസ്കറില് ഇടംനേടിയത്. 2023 മാര്‍ച്ച് 12-നാണ് ഓസ്കര് പ്രഖ്യാപനം.
Content Highlights: documentay featuring belli the tribal woman to compete on oscar dias
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..