കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് പിജി ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി വിഭാഗത്തിലെ ഒരാള്‍ക്കും പാതോളജി വിഭാഗത്തിലെ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാവാം രോഗം ബാധിച്ചത് എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞദിവസം രണ്ട് ഗര്‍ഭിണികളടക്കം അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നാവാം പിജി ഡോക്ടര്‍മാര്‍ക്ക് രോഗബാധ ഉണ്ടായത് എന്ന് കരുതുന്നു. 

രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മെഡിക്കല്‍ കോളേജിലെ നിരവധി ഡോക്ടര്‍മാര്‍ ഇതിനോടകം നിരിക്ഷണത്തിലാണുള്ളത്.

കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് കണ്ടക്ടറേയും വെഹിക്കിള്‍ സൂപ്പര്‍വൈസറേയും നിരീക്ഷണത്തിലാക്കി. ഡിപ്പോ അണുവിമുക്തമാക്കി. ജൂലൈ 20നാണ് ഡ്രൈവര്‍ അവസാനമായി ജോലിക്ക് എത്തിയതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. 

Content Highlights: Doctors tested Covid-19 positive in Kottayam Medical college