'പരിക്കേറ്റവര്‍, രോഗികള്‍, ഓക്‌സിജനില്ലാതെ മരിക്കുന്നവര്‍'; യുക്രൈനില്‍നിന്നെത്തിയ ഡോക്ടര്‍ പറയുന്നു


വിഷ്ണു കോട്ടാങ്ങല്‍

ജീവന്‍ നിലനിര്‍ത്താന്‍ എല്ലാദിവസവും മരുന്ന് കഴിക്കേണ്ടി വരുന്നവരുണ്ട്. യുദ്ധം കാരണം മരുന്നിന് ക്ഷാമമുണ്ടാകും. അങ്ങനെ മരണനിരക്ക് കൂടും. സ്ത്രീകള്‍ക്ക് പ്രസവിക്കേണ്ടി വരും. അതിനെയൊക്കെ നേരിടാന്‍ മൊബൈല്‍ ക്ലിനിക്കുകള്‍ സജ്ജമാക്കി. ഇതിനായി ഫീല്‍ഡിലിറങ്ങി തന്നെ പ്രവര്‍ത്തിക്കേണ്ടിവരും

ഡോക്ടർ സന്തോഷ് കുമാർ | ഫോട്ടോ: പ്രവീൺദാസ് എം.

ഷ്യന്‍ അധിനിവേശത്തിന് മുന്നില്‍ പൊരുതിനില്‍ക്കുന്ന യുക്രൈനില്‍ വൈദ്യസഹായമെത്തിക്കുന്നതില്‍ ഐക്യരാഷ്ട്രസഭയ്ക്ക് നിര്‍ണായക പ്രാധാന്യമുണ്ട്. വെടിയേറ്റും സ്‌ഫോടനങ്ങളുടെ ആഘാതത്തിലും പരിക്കേറ്റവര്‍, അഭയാര്‍ഥികളായി പകര്‍ച്ച വ്യാധികളെ നേരിടുന്നവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ അങ്ങനെ നിരവധി പ്രതിസന്ധികളാണ് പരിമിതമായ സൗകര്യങ്ങള്‍ക്ക് മുന്നില്‍ അതിജീവനത്തിന് വേണ്ടി പൊരുതുന്നത്. അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനായി പോയ മലയാളി ഡോക്ടറാണ് സന്തോഷ് കുമാര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിദഗ്ധനായ ഡോക്ടര്‍ സന്തോഷ് കുമാര്‍ യുക്രൈനിലെ അനുഭവങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുന്നു.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നോക്കുമ്പോള്‍ രൂക്ഷമായ ഏറ്റുമുട്ടലുകള്‍ ഉണ്ടായിരുന്ന സമയത്താണ് താങ്കള്‍ യുക്രൈനിലുണ്ടായിരുന്നത്. എന്തൊക്കെയാണ് യുക്രൈനിലെ ദൗത്യങ്ങളുടെ ഭാഗമായി ചെയ്യേണ്ടിയിരുന്നത്?

യുക്രൈനിലെ ജനങ്ങളെ സഹായിക്കാന്‍ വിവിധ അന്താരാഷ്ട്ര എന്‍ജിഒകളെ യുഎന്‍ ഏകോപിപ്പിച്ചാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. അഭയാര്‍ഥികളെ സഹായിക്കാനുള്ള ഐഒഎം, ഇവര്‍ക്കുള്ള ഭക്ഷണം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഉത്തരവാദിത്തമാണ്. കുട്ടികളെ സംരക്ഷിക്കാനുള്ള സേവ് ദി ചില്‍ഡ്രണ്‍, വികലാംഗരായവരെ സഹായിക്കുന്ന ഹാന്‍ഡികാപ്ഡ് ഇന്റര്‍നാഷണല്‍, വൈദ്യസഹായം വേണ്ടവരെ സഹായിക്കാന്‍ പ്രോജക്ട് ഹോപ് അങ്ങനെ നിരവധി എന്‍ജിഒകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് യുക്രൈനില്‍ നടക്കുന്നത്.

ഇതില്‍ പ്രോജക്ട് ഹോപ്പിന്റെ ഭാഗമായാണ് എന്റെ പ്രവര്‍ത്തനം. ഈ മുഴുവന്‍ എന്‍ജിഒകളുടെയും കൂട്ടായ്മയാണ് അവിടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്. അതിന്റെ മെഡിക്കല്‍ ടീമിന്റെ ഡയറക്ടറായാണ് ഞാനവിടെ എത്തിപ്പെടുന്നത്. പ്രധാനമായും രണ്ട് തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് അവിടെ ചെയ്യുന്നത്. ട്രോമാകെയര്‍ സംവിധാനങ്ങള്‍ അപ്പാടെ യുദ്ധത്തെ തുടര്‍ന്ന് തകര്‍ന്ന അവസ്ഥയിലായിരിക്കും. ഈ പ്രശ്‌നം പരിഹരിച്ച് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്.

സിവിലിയന്മാരായാലും സൈനികരായാലും പരിക്കേറ്റാല്‍ ആദ്യത്തെ ഒരുമണിക്കൂര്‍ നിര്‍ണായകമാണ്. ആ സമയത്തിനുള്ളില്‍ അവര്‍ക്ക് വൈദ്യസഹായത്തിനായി എത്തിപ്പെടാനും വൈദ്യസഹായം ലഭ്യമാക്കാനും സാധിക്കുന്ന തരത്തിലാണ് ആശുപത്രികള്‍ സ്ഥാപിക്കേണ്ടത്. സാധാരണ ആശുപത്രികള്‍ അതിനുവേണ്ടി ഡിസൈന്‍ ചെയ്തവ ആയിരിക്കില്ല. ടെന്റുകള്‍, കണ്ടെയ്‌നറുകള്‍, ബങ്കറുകള്‍ എന്നിവയെ ഉപയോഗിച്ച് സൈനികാക്രമങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്ന ദൂരത്തിലും രീതിയിലും പെട്ടെന്ന് ആശുപത്രികള്‍ സജ്ജമാക്കേണ്ടിവരും.

ഇതിനുപുറമെ സാധാരണ അപകടങ്ങളിലുണ്ടാകുന്നതും യുദ്ധങ്ങളില്‍ സംഭവിക്കുന്നതുമായ പരിക്കുകള്‍ വ്യത്യസ്തമാണ്. അതിനെ പരിചരിക്കുന്നതില്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നവരെ പരിശീലിപ്പിക്കേണ്ടതുണ്ട്. ഇതാണ് രണ്ടാമത്തെ കാര്യം. ഇതിനാവശ്യമായ ഉപകരണങ്ങളും സര്‍ജിക്കല്‍ ഉപകരണങ്ങളും തടസമില്ലാതെ എത്തിക്കുക എന്നതും വലിയ വെല്ലുവിളിയാണ്.

യുദ്ധത്തിന്റെ സാഹചര്യം എങ്ങനെയായിരുന്നു? അഭയാര്‍ഥികള്‍, കുട്ടികള്‍ അങ്ങനെയുള്ളവരുടെ പ്രശ്‌നങ്ങള്‍?

ഏപ്രില്‍ ആദ്യവാരം അവിടെ എത്തിപ്പെടുമ്പോള്‍ വടക്കന്‍ മേഖലകളില്‍ പോരാട്ടം രൂക്ഷമായിരുന്നു. ഖാര്‍കീവിലും മറ്റും കനത്ത പോരാട്ടം തന്നെയാണ് നടന്നിരുന്നത്. കിഴക്കന്‍ മേഖലകളായ ഡോണെസ്‌ക്, ലുഹാന്‍സ്‌ക് തെക്കുകിഴക്കന്‍ ഭാഗങ്ങളായ മരിയുപോള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പോരാട്ടം നിലനിന്നത്. പിന്നീട് ഇതില്‍ പല സ്ഥലങ്ങളില്‍ നിന്നും റഷ്യന്‍ സൈന്യം പിന്മാറിയെന്നാണ് മനസിലാക്കാനായത്.

യുദ്ധം നടക്കുന്ന മേഖലകളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് പലായനം ചെയ്യുക. അവരെപ്പോഴും അഭയാര്‍ഥികളായിട്ടാകും പിന്നീട് കഴിയുക. പണമുള്ളവര്‍ മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപ്പെടും. തീരെ സാമ്പത്തികമില്ലാത്തവരാകും രക്ഷപ്പെടാനാകാതെ കുടുങ്ങി കിടക്കേണ്ടിവരിക. ഇവരെയൊക്കെ സഹായിക്കേണ്ടി വരും. മാത്രമല്ല ഇനി രക്ഷപ്പെട്ടാല്‍ തന്നെയും കൈയിലുള്ള പണം കൊണ്ട് അതിജീവനം ദുഷ്‌കരമാകും. അതുകൊണ്ട് അവരൊക്കെ ഉള്‍പ്രദേശങ്ങളിലേക്ക് കടക്കുകയോ പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളെയും മറ്റും താമസത്തിനായി ഉപയോഗിക്കുകയോ ചെയ്യും. അവര്‍ക്കാവശ്യമായ ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കുക എന്നത് പ്രധാനമാണ്.

ജീവന്‍ നിലനിര്‍ത്താന്‍ എല്ലാദിവസവും മരുന്ന് കഴിക്കേണ്ടി വരുന്നവരുണ്ട്. യുദ്ധം കാരണം മരുന്നിന് ക്ഷാമമുണ്ടാകും. അങ്ങനെ മരണനിരക്ക് കൂടും. സ്ത്രീകള്‍ക്ക് പ്രസവിക്കേണ്ടിവരും. അതിനെയൊക്കെ നേരിടാന്‍ മൊബൈല്‍ ക്ലിനിക്കുകള്‍ സജ്ജമാക്കി. ഇതിനായി ഫീല്‍ഡിലിറങ്ങി പ്രവര്‍ത്തിക്കേണ്ടി വരും. പലായനം ചെയ്യുന്നവരുമായി സംവദിക്കേണ്ടി വരും. മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യസംഘത്തിനൊപ്പം പ്രവര്‍ത്തിക്കേണ്ടി വരും. അവരുടെ കൂടെനിന്ന് ഇത്തരം കാര്യങ്ങള്‍ പരിശീലിപ്പിക്കുക എന്നതും പ്രധാനമാണ്.

റഷ്യന്‍ സൈന്യം പിടിച്ചെടുക്കുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ടോ?

അങ്ങനെ കൃത്യമായൊരു പ്രദേശത്ത് പ്രവര്‍ത്തിക്കുക ദുഷ്‌കരമാണ്. കാരണം സൈനികരുടെ മുന്നേറ്റങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിയും മറിഞ്ഞും കിടക്കും. അത് വിവിധ കാരണങ്ങള്‍കൊണ്ടാണ് സംഭവിക്കുന്നത്. റഷ്യന്‍ സൈന്യത്തിന് വെടിക്കോപ്പുകള്‍ കുറയുമ്പോള്‍ അവര്‍ പിന്നോട്ട് പോകും. എപ്പോഴും ഫ്രണ്ട്‌ലൈന്‍ അറ്റാക്കില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ സമീപത്തായാണ് ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കേണ്ടി വരിക. അപ്പോള്‍ യുക്രൈന്‍ സൈന്യം മുന്നേറുമ്പോള്‍ ആ കൂട്ടത്തില്‍ ഞങ്ങള്‍ക്കും മുന്നോട്ടുപോകേണ്ടി വരും. റഷ്യന്‍ സൈന്യം തിരിച്ച് മുന്നേറ്റം നടത്തുമ്പോള്‍ അതിനനുസരിച്ച് ഞങ്ങള്‍ക്കും ക്യാമ്പ് മാറ്റേണ്ടി വരും.

നൂറുകണക്കിന് രോഗികളാകും ഇത്തരം താത്കാലിക ആശുപത്രികളില്‍ ഉള്ളത്. ഇങ്ങനെ മാറ്റേണ്ടി വരുമ്പോള്‍ പലരും മരിക്കുന്ന സാഹചര്യം പോലുമുണ്ടായിട്ടുണ്ട്. മാത്രമല്ല റഷ്യന്‍ സൈന്യം പിടിച്ചെടുക്കുന്ന സ്ഥലങ്ങളില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്കുവേണ്ടി ഞങ്ങള്‍ത്തന്നെ കോണ്‍വോയ് ഒരുക്കേണ്ടതായും വരും. ഇരു സൈന്യവുമായി സംസാരിച്ച് വെടിനിര്‍ത്തല്‍ ഉണ്ടാക്കി, ഗ്രീന്‍ കോറിഡോര്‍ ഉണ്ടാക്കി പ്രത്യേക സമയത്താണ് ആളുകളെ പോകാന്‍ അനുവദിക്കുന്നത്.

ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളില്‍ ഒന്ന്

ആക്രമണങ്ങള്‍ നേരിട്ട് കാണേണ്ടി വന്നിട്ടുണ്ടോ?

അവസാനം ഞാനുണ്ടായിരുന്നത് നികോളേവ് എന്ന സ്ഥലത്താണ്. അത് റഷ്യന്‍- യുക്രൈന്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിന്റെ സമീപത്തുള്ള സ്ഥലമാണ്. ഇവിടെ ഒമ്പത് ആശുപത്രികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ആറെണ്ണവും അടച്ചുപൂട്ടേണ്ടിവന്നു. ആശുപത്രികള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ വെള്ളം, വൈദ്യുതി, സ്വീവേജ് ട്രീറ്റ്‌മെന്റ് സംവിധാനം, കമ്മ്യൂണിക്കേഷന്‍ തുടങ്ങി നിരവധി സൗകര്യങ്ങളുണ്ടാകണം. ഇതില്‍ ഏതെങ്കിലും ഒന്നുപോയാല്‍ ആശുപത്രി പൂട്ടേണ്ടി വരും. പലപ്പോഴും താരതമ്യേനെ വലിപ്പമുള്ളവയായതിനാല്‍ ഇവയൊക്കെ എളുപ്പത്തില്‍ എതിര്‍ സൈന്യത്തിന്റെ ആക്രമണ ലക്ഷ്യമായി തീരും.

യുദ്ധത്തില്‍ ഒരുസ്ഥലം പിടിച്ചാല്‍ ആദ്യം ഇല്ലാതാകുന്നത് ഇത്തരം സംവിധാനങ്ങളാണ്. ഇങ്ങനെയാണ് മിക്ക ആശുപത്രികള്‍ പൂട്ടേണ്ടി വന്നത്. ഇങ്ങനെ അടച്ച് പൂട്ടേണ്ടി വന്ന ആശുപത്രികളിലെ ഏകദേശം 5000 ആളുകളെയാണ് മിച്ചമുണ്ടായിരുന്ന മൂന്ന് ആശുപത്രികളിലേക്ക് മാറ്റേണ്ടി വന്നത്. വലിയ ദുര്‍ഘടം പിടിച്ച സംഭവങ്ങളാണ് നടന്നത്. 5000 പേരും പൂര്‍ണമായും കിടന്നുപോയവരാണ്. സ്വന്തമായി സഞ്ചരിക്കാന്‍ സാധിക്കില്ല. ആംബുലന്‍സില്‍ രണ്ടുപേരില്‍ കൂടുതല്‍ ആളുകളെ മാറ്റാന്‍ സാധിക്കില്ല.

ഐസിയുവില്‍ കിടക്കുന്നവരെ സംബന്ധിച്ച് നോക്കിയാല്‍ അവര്‍ക്ക് തുടര്‍ച്ചയായി ഓക്‌സിജന്‍ നല്‍കികൊണ്ടിരിക്കണം. ഇങ്ങനെ ഒരിടത്തുനിന്ന് മറ്റൊരാശുപത്രിയിലേക്ക് മാറ്റുന്ന സമയത്ത് നിരവധി പേര്‍ മരിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ആക്രമണത്തില്‍ പവര്‍പ്ലാന്റുകള്‍ തകര്‍ന്നാല്‍ ജനറേറ്ററുകള്‍ ഉപയോഗിച്ച് അധികം നേരം വെന്റിലേറ്ററുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതെ വരും. അങ്ങനെയാകുമ്പോള്‍ ഐസിയുവിലുള്ള ആളുകള്‍ മരിച്ചുപോകും. വേറൊന്നും ചെയ്യാന്‍ സാധിക്കാതെ നിസ്സഹായരായി അതൊക്കെ കണ്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ട്.

മെഡിക്കൽ സംഘം

പീരങ്കി, റോക്കറ്റ്, മോര്‍ട്ടാര്‍ തുടങ്ങിയ ആര്‍ട്ടിലറി ആക്രമണങ്ങളാണ് കൂടുതലും നടക്കുന്നത്. ഇരുഭാഗത്തും വ്യോമാക്രമണങ്ങള്‍ തടയാന്‍ സംവിധാനങ്ങള്‍ ശക്തമായതിനാല്‍ ആകാശമാര്‍ഗമുള്ള ആക്രമണങ്ങള്‍ വളരെ കുറവാണ്. ഓരോ അഞ്ച് മിനിട്ട് കൂടുമ്പോഴും ആര്‍ട്ടിലറി ആക്രമണങ്ങള്‍ നടക്കുന്നതിന്റെ ശബ്ദം തുടര്‍ച്ചയായി കേള്‍ക്കാന്‍ സാധിക്കും. ചില സമയങ്ങളില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നതിന്റെ വളരെ അടുത്ത് ഇത്തരം ഷെല്ലുകള്‍ വന്ന് പതിച്ചിട്ടുമുണ്ട്. ആശുപത്രികള്‍ മിക്കപ്പോഴും സൈനിക ആക്രമണങ്ങള്‍ക്കായി ലക്ഷ്യം വയ്ക്കില്ല. അതൊരു വിശ്വാസമാണ്. ഇതുവരെ അതിന് കോട്ടം വന്നിട്ടില്ല. പക്ഷെ ആശുപത്രികള്‍ക്ക് സമീപം ഇങ്ങനെ ഷെല്ലുകള്‍ വീഴുകയോ സ്‌ഫോടനങ്ങളുണ്ടാവുകയോ ഒക്കെ ചെയ്യുമ്പോള്‍ അവശ്യ സംവിധാനങ്ങളൊക്കെ തകരാറിലാകുമെന്ന പ്രതിസന്ധിയുണ്ട്. അപ്പോള്‍ ആശുപത്രികള്‍ പൂട്ടേണ്ടി വരും.

നോക്കി നില്‍ക്കെ തൊട്ടടുത്ത കെട്ടിടങ്ങളൊക്കെ ആക്രമണത്തില്‍ തകരുന്നത് കാണാം. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് പുക ഉയരുന്നത് നോക്കിയാല്‍ വ്യക്തമായി കാണാം. വെടിയുണ്ട ഏല്‍ക്കുന്നില്ലെന്ന ആശ്വാസം മാത്രമേയുള്ളു. അതൊക്കെ കണ്ടുകൊണ്ടാണ് ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നത്.

ഇനിയുള്ള പ്രവര്‍ത്തനങ്ങളെങ്ങനെയാണ്?

ഞാന്‍ ഇവിടേക്ക് തിരികെ വരുന്ന സമയത്ത് റഷ്യന്‍ മുന്നേറ്റത്തെ തുടര്‍ന്ന് നികൊളേവിലെ ശേഷിച്ച മൂന്ന് ആശുപത്രികളില്‍ ഒരെണ്ണം കൂടി പൂട്ടേണ്ടിവരുന്ന സാഹചര്യത്തിലായിരുന്നു ഉള്ളത്. മിക്കവാറും അതും ഇപ്പോള്‍ പൂട്ടിയിട്ടുണ്ടാകും. ഇനിയും റഷ്യ മുന്നേറിയാല്‍ 60 കിലോമീറ്റര്‍ അകലെയുള്ള ഒഡേസയിലേക്ക് മറ്റ് ആശുപത്രികളിലെയുള്‍പ്പെടെയുള്ള രോഗികളെ മാറ്റേണ്ടിവരും. അത് ദുര്‍ഘടം പിടിച്ച കാര്യമാണ്. ട്രയിനിലൊ മറ്റൊ ഇവരെ മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്രയും ദൂരം നിലവിലെ സാഹചര്യത്തില്‍ ആംബുലന്‍സില്‍ രോഗികളെ കൊണ്ടുപോവുക അസാധ്യമാണ്. കാരണം ആവശ്യത്തിന് ഇന്ധനം ലഭ്യമല്ല എന്നതാണ്. ആകെ യുക്രൈന് ഇന്ധനം കിട്ടുന്നത് യൂറോപ്യന്‍ ഭാഗത്തുനിന്നാണ്. അതില്‍ സിംഹഭാഗവും യുദ്ധാവശ്യങ്ങള്‍ക്ക് വേണ്ടിയാണ്. ബാക്കിയുള്ള കുറച്ച് ഓഹരിയില്‍ നിന്നാണ് സിവിലിയന്‍ ആവശ്യങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നത് എന്നതാണ് പ്രതിസന്ധി. അതുകൊണ്ട് 5000-ല്‍ അധികം വരുന്ന രോഗികളുമായി ഇത്രയും ദൂരം ആംബുലന്‍സുകള്‍ പോവുന്നത് സാധ്യമായ കാര്യമല്ല.

ഇനി അങ്ങനെ ചെയ്യണമെന്നുണ്ടെങ്കില്‍ തന്നെ അതിന് ഗ്രീന്‍ കോറിഡോര്‍ ഉറപ്പാക്കണം. ഇന്ധനം സംഭരിച്ച്, ഗ്രീന്‍ കോറിഡോര്‍ ഉറപ്പുവരുത്തി ഇത്രയും വാഹനങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുക എന്നത് ദുഷ്‌കരമായ കാര്യം തന്നെയാണ്. അത് ആലോചിക്കുമ്പോള്‍ തന്നെ സമ്മര്‍ദ്ദം കൂടുകയാണ്. എത്രകണ്ട് പറഞ്ഞുതന്നാലും നിങ്ങള്‍ക്കത് മനസിലാകണമെന്നില്ല.

സുരക്ഷിതമായ ഒരു സ്ഥലത്തിരിക്കുന്നവരെന്നതിനാല്‍ നമ്മളെ സംബന്ധിച്ചിടത്തോളം അത് ചിന്തിക്കാന്‍ സാധിക്കില്ല. ആളുകള്‍ മരിക്കുമ്പോള്‍ നമുക്കത് നോക്കി നില്‍ക്കാന്‍ മാത്രമേ സാധിക്കൂ. വെന്റിലേറ്റര്‍ പ്രവര്‍ത്തിക്കാതെ ഓക്‌സിജന്‍ ലഭിക്കാതെ ആളുകള്‍ മരിക്കേണ്ടി വരുന്നത് നോക്കിനില്‍ക്കുക എന്നത് പരിതാപകരമായ അവസ്ഥയാണ്.

ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളില്‍ ഒന്ന്

സെപ്റ്റംബര്‍ ആകുമ്പോഴേക്കും ഗുരുതരമായ പ്രശ്‌നങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. റഷ്യന്‍ സൈന്യം പിടിച്ച സ്ഥലങ്ങള്‍ തിരികെ പിടിക്കാന്‍ യുക്രൈന്‍ സൈന്യം തയ്യാറെടുപ്പ് തുടങ്ങി. അതിനെ പ്രതിരോധിക്കാന്‍ മറുഭാഗത്തും നീക്കങ്ങളുണ്ട്. ഇതിനിടെ സെപ്റ്റംബര്‍ അവസാനിക്കുമ്പോഴേക്കും യുക്രൈനില്‍ മഞ്ഞുകാലം തുടങ്ങുകയാണ്. അവിടെ തണുപ്പ് എന്ന് പറയുന്നത് വളരെ വ്യത്യസ്തമായ പ്രശ്‌നമാണ്. ഇന്ധനത്തിന്റെ ആവശ്യം പതിന്മടങ്ങായി ഉയരും. മുറികളും മറ്റും ചൂടുപിടിപ്പിക്കാന്‍ കൂടുതല്‍ ഇന്ധനം ആവശ്യമായി വരും. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വളരെ ദുര്‍ഘടം പിടിച്ചതാകും.

അഭയാര്‍ഥികളൊക്കെ താമസിക്കുന്നത് ഇപ്പോള്‍തന്നെ മോശം സാഹചര്യത്തിലാണ്. വെള്ളം ചൂടാക്കാനൊക്കെ ഇപ്പോള്‍ തന്നെ എല്ലാവര്‍ക്കും സാധിക്കാത്ത സാഹചര്യത്തില്‍ തണുപ്പിനെ നേരിടാന്‍ സാധിക്കാതെ ആളുകള്‍ മരിക്കുന്ന സാഹചര്യമുണ്ടാകും. ഒരു രാത്രി തണുപ്പത്ത് പുറത്ത് കഴിയേണ്ടി വന്നാല്‍ അതിജീവിക്കുക ദുഷ്‌കരമാണ്. അത് താങ്ങാന്‍ മനുഷ്യര്‍ക്ക് കഴിയില്ല. കൂട്ടത്തോടെ മരിക്കുന്ന സാഹചര്യമാണ് ഉണ്ടാകുക. രണ്ടാം ലോകയുദ്ധ സമയത്ത് ഇങ്ങനെ ആളുകള്‍ തണുപ്പുകാരണം മരിച്ചിട്ടുണ്ട്. അതിന്റെ ഒരാവര്‍ത്തനം ഇവിടെയും സംഭവിക്കാം.

ഇതിനെയൊക്കെ നേരിടാനുള്ള തയ്യാറെടുപ്പ് നടക്കുന്നുണ്ട്. പക്ഷ, അതെത്രകണ്ട് ഫലപ്രദമാകുമെന്ന് കണ്ടറിയണം. ഇങ്ങനെയൊരു ഗുരുതരമായ സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ട് എന്നോട് വീണ്ടും തുടരാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അതുകൊണ്ട് സെപ്റ്റംബര്‍ പത്തിന് ശേഷം വീണ്ടും അവിടേക്ക് പോകാന്‍ തുടങ്ങുകയാണ്.

Content Highlights: Doctor Santhosh Kumar, Shares, Ukraine Experiences


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented