തിരുവനന്തപുരം: നാലു ദിവസമായി സമരംചെയ്യുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാരോടുള്ള നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തി സമരം പിന്‍വലിക്കാനുള്ള നീക്കം ഡോക്ടര്‍മാര്‍ നടത്തിയെങ്കിലും മന്ത്രി വഴങ്ങിയില്ല. സമരം പിന്‍വലിച്ചശേഷം മാത്രം ചര്‍ച്ചയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഓഫീസിലെത്തിയാണ് കെ.ജി.എം.ഒ.എ പ്രതിനിധികള്‍ മന്ത്രിയുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ചയ്ക്ക് ശ്രമിച്ചത്. എന്നാല്‍ സമരം പിന്‍വലിച്ചശേഷം മാത്രമെ ചര്‍ച്ച സാധ്യമാകൂവെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി.

മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിലപാട് വ്യക്തമാക്കുന്നതെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതിനിടെ സായാഹ്ന ഒ.പിയുമായും ആര്‍ദ്രം പദ്ധതിയുമായും സഹകരിക്കാമെന്ന് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ എഴുതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായതെന്ന് കരുതുന്നു.

ആവശ്യത്തിന് ഡോക്ടര്‍മാരെ നല്‍കിയാല്‍ സായാഹ്ന ഒ.പി മാത്രമല്ല, രാത്രി ഒ.പിയിലും ജോലിചെയ്യാന്‍ തയ്യാറാണെന്ന് ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇനി സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ കെ.ജി.എം.ഒ.എ നല്‍കിയ നിവേദനം പരിശോധിച്ചശേഷം ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തീരുമാനം എടുത്തേക്കുമെന്നാണ് സൂചന. ചര്‍ച്ചയ്ക്ക് അവസരം ലഭിച്ചാല്‍ തൊട്ടുപിന്നാലെ സമരം പിന്‍വലിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകുമെന്നാണ് കരുതുന്നത്.

Content Highlights: Doctor's strike KGMOA