തിരുവനന്തപുരം: നാല് ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നീക്കം തുടങ്ങിയതായി സൂചന. കടുത്ത നിലപാടുമായി സര്‍ക്കാര്‍ മൂന്നോട്ടുപോകുന്ന സാഹചര്യത്തിലാണിതെന്ന് വിലയിരുത്തപ്പെടുന്നു. ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികള്‍ സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിലെത്തി.

ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ അനുമതി നല്‍കിയെന്നാണ് സൂചന. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ കെ.ജി.എം.ഒ.എ മുന്നോട്ടുവച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, വ്യവസ്ഥകള്‍ രേഖാമൂലം എഴുതി നല്‍കണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ളത്.

നിവേദനം നല്‍കിയശേഷം ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തി സമരം പിന്‍വലിക്കാനുള്ള നീക്കമാണ് ഡോക്ടര്‍മാര്‍ നടത്തുന്നതെന്നാണ് സൂചന. നാല് ദിവസമായി തുടരുന്ന ഡോക്ടര്‍മാരുടെ സമരം ചികിത്സതേടി ആശുപത്രികളിലെത്തിയ നിരവധിപേരെ വലച്ചിരുന്നു. ഈ സാഹചര്യത്തില്‍ നിലപാട് കര്‍ശനമാക്കുമെന്ന സൂചന സര്‍ക്കാര്‍ നല്‍കിയതിന് പിന്നാലെയാണ് സമരം പിന്‍വലിക്കാനുള്ള ഡോക്ടര്‍മാരുടെ നീക്കം.