ആരോഗ്യമന്ത്രി കെ.കെ. ശൈലജ| photo: ANI
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സമരം പിന്‍വലിച്ചു.മന്ത്രി കെ.കെ. ശൈലജ സംയുക്ത സമര സമിതി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കെജിഎംസിടിഎ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചുവെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിക്കും. 24 മണിക്കൂറിനുള്ളില്‍ നടപടിയിലേക്ക് പോകുമെന്നും അത് ഒരിക്കലും ശത്രുതാപരമായ നടപടിയായിരിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഭാവിയില്‍ ഇതാവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ആരോഗ്യവകുപ്പും പ്രവര്‍ത്തകരും ലോകത്തിന് തന്നെ മാതൃകയാകുന്ന പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നത്. അങ്ങനെ മാതൃകയാകുന്നത് കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ മഹാത്യാഗത്തിന്റെ ഭാഗമായിട്ടാണ്. എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ മുന്‍നിര്‍ത്തി കേരളത്തിന്റെ ആരോഗ്യവകുപ്പാകെ പുഴുക്കുത്തേറ്റിരിക്കുന്നു എന്നുപോലും പറയാന്‍ മടികാണിക്കാത്ത ചിലരുണ്ടായിരിക്കുന്നു. അത് സങ്കടകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.
സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍, നോഡല്‍ ഓഫീസര്‍, ഹെഡ് നേഴ്സ് എന്നിവരെ മാറ്റിനിര്‍ത്തി അന്വേഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. പക്ഷേ സംഘടനകള്‍ അതിനെതിരേ സമരം പ്രഖ്യാപിച്ചു. ഈയൊരു ഘട്ടത്തില്‍ സമരത്തിലേക്ക് പോകുന്നത് ശരിയല്ലെന്ന് ആരോഗ്യവകുപ്പ് അവരെ അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
നടപടിക്ക് വിധേയരായവര്‍ ത്യാഗപൂര്‍ണായ സേവനം ചെയ്തവരാണെന്നും ചെറിയ ശതമാനം വീഴ്ചകള്‍ ഉണ്ടാകുന്നത് യാഥാര്‍ഥ്യമാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡിനു ചികിത്സയിലിരുന്നയാളെ പുഴുവരിച്ച സംഭവത്തില്‍ കോവിഡ് നോഡല്‍ ഓഫിസര്‍ ഉള്‍പ്പെടെ 3 പേരെ സസ്പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം.
Content Highlights: Doctor's Strike at TVM Medical College Called Off
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..