പട്ടാമ്പി: ആരും പറയാതെ, ആ നിമിഷം മനസിൽ തോന്നിയത് മാത്രമാണ് ഡോ. രേഖ കൃഷ്ണൻ ചെയ്തത്. പക്ഷേ, ആ പുണ്യപ്രവർത്തി പുറംലോകമറിഞ്ഞപ്പോൾ ഇന്ന് ഡോക്ടർക്ക് നിറഞ്ഞ കൈയടി നൽകുകയാണ് ഏവരും.

ഉറ്റവരാരും അടുത്തില്ലാതെ കോവിഡ് ബാധിച്ച ഒരു ഉമ്മ യാത്രയാകുമ്പോൾ അവരെ 'ശഹാദത്ത് കലിമ' ചൊല്ലി യാത്രയാക്കിയത് ഡോ. രേഖ കൃഷ്ണനാണ്. ഇസ്ലാം മതവിശ്വാസ പ്രകാരം മരണസമയത്ത് അടുത്തുള്ളവർ ചൊല്ലികൊടുക്കേണ്ട പ്രാർഥന. ബന്ധുക്കളാരും അടുത്തില്ലാത്ത വേളയിൽ ആ ഉമ്മയ്ക്ക് 'കലിമ' ചൊല്ലിനൽകിയത് രേഖ കൃഷ്ണനായിരുന്നു. പിന്നീട് ഇക്കാര്യം സഹപ്രവർത്തകനായ ഡോ. മുസ്തഫയോട് പറഞ്ഞപ്പോഴാണ് താൻ ചെയ്തത് വലിയ പുണ്യമാണെനന്ന് രേഖയും തിരിച്ചറിഞ്ഞത്. രേഖ 'കലിമ' ചൊല്ലിയത് ഡോ.മുസ്തഫ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ ജാതി,മത ഭേദമന്യേ അഭിനന്ദനപ്രവാഹവും അനുഗ്രഹവുമായിരുന്നു രേഖയ്ക്ക്.

പട്ടാമ്പി സേവന ആശുപത്രിയിലെ ഫിസിഷ്യനായ ഡോ. രേഖ കൃഷ്ണൻ തന്നെ അന്നത്തെ സംഭവം ഓർത്തെടുത്ത് മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുന്നു.

ആ നിമിഷം

മെയ് 17 തിങ്കളാഴ്ചയാണ് ആ ഉമ്മ മരണത്തിന് കീഴടങ്ങുന്നത്. കോവിഡ് ബാധിച്ച് അവർ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇനിയൊന്നും ചെയ്യാനില്ലെന്ന് ബോധ്യമായതോടെ ബന്ധുക്കളുടെ സമ്മതപ്രകാരം തന്നെ വെന്റിലേറ്ററിൽനിന്ന് മാറ്റുകയായിരുന്നു. വെന്റിലേറ്ററിൽനിന്ന് മാറ്റിയ ഉടൻതന്നെ അവരുടെ അവയവങ്ങളുടെ പ്രവർത്തനമെല്ലാം നിലച്ചുതുടങ്ങി. മരണസമയം കുറിച്ചുവെയ്ക്കാൻ വേണ്ടി മാത്രമാണ് ഞാൻ അവരുടെ കൂടെനിന്നത്.

പക്ഷേ, അവരുടെ അവസാനനിമിഷങ്ങളിലെ ശ്വാസമെടുക്കുന്നത് കണ്ടപ്പോൾ ഒരു ഡോക്ടർ എന്നനിലയിലല്ല, ഒരു മനുഷ്യൻ എന്നനിലയിലാണ് എനിക്ക് പെരുമാറാൻ തോന്നിയത്. ആദ്യം അവർക്ക് വേണ്ടി കണ്ണടച്ച് പ്രാർഥിക്കുകയാണ് ചെയ്തത്. ആ നിമിഷമാണ് അവരുടെ മകളോ മകനോ അടുത്തുണ്ടെങ്കിൽ 'ശഹാദത്ത് കലിമ' അല്ലേ ചൊല്ലിക്കൊടുക്കുക എന്ന കാര്യം ഓർമവന്നത്. അതാണെങ്കിൽ എനിക്ക് അറിയുകയും ചെയ്യാം. അങ്ങനെ അവരുടെ അന്ത്യനിമിഷങ്ങളിൽ ആ പ്രാർഥന ചൊല്ലികൊടുക്കുകയായിരുന്നു.

മനസിലെ വിങ്ങൽ സഹപ്രവർത്തകനോട് പറഞ്ഞു

ശഹാദത്ത് കലിമ ചൊല്ലികൊടുത്തതിന് പിന്നാലെ ആ ഉമ്മ നീണ്ട ശ്വാസമെടുത്ത് യാത്രയായി. ആ രംഗം മനസിൽ വല്ലാതെ നൊമ്പരമായി. ഇക്കാര്യം പിന്നീട് സഹപ്രവർത്തകനായ ഡോ. മുസ്തഫയോടും പറഞ്ഞു. അദ്ദേഹമാണ് ഞാൻ ചെയ്തത് വലിയകാര്യമാണെന്നും അതിന്റെ വില എത്രത്തോളമാണെന്നും പറഞ്ഞത്. ഡോ. മുസ്തഫ ഇക്കാര്യം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഇത് മറ്റുള്ളവരും അറിയുന്നത്. ഒരു ഡോക്ടർ എന്ന നിലയിൽ ഇതൊന്നും ചെയ്യേണ്ട ആവശ്യമില്ല. പക്ഷേ, ആ സാഹചര്യത്തിൽ എനിക്കെന്തോ അങ്ങനെ ചെയ്യാൻ തോന്നി. ഞാൻ ചെയ്തു. അത്രേയുള്ളൂ.

കോവിഡ് രോഗികൾ ശരിക്കും അനാഥരെ പോലെയല്ലേ വാർഡുകളിൽ കഴിയുന്നത്. ഉറ്റവരെ പോലും അടുത്ത് നിർത്താൻ വയ്യാത്ത അവസ്ഥ. ഡോക്ടർമാരും നഴ്സുമാരും മാത്രമാണ് അവരുടെ അടുത്തുള്ളത്. അപ്പോൾ ഇത്രയെങ്കിലും അവർക്ക് വേണ്ടി ചെയ്യേണ്ടതില്ലേ.

ഉമ്മയുടെ മരണത്തിന് ശേഷവും ഇതൊന്നും അവരുടെ ബന്ധുക്കളോട് പോലും പറഞ്ഞിരുന്നില്ല. ഉമ്മയുടെ നില മോശമാണെന്നും ഞാൻ പ്രാർഥിച്ചിട്ടുണ്ടെന്നും മാത്രമാണ് ആ സന്ദർഭത്തിൽ അവരോട് പറഞ്ഞത്. അല്ലെങ്കിലും അതൊന്നും പറയാനുള്ള നേരമല്ലല്ലോ അത്. പിന്നീട്, കലിമ ചൊല്ലിക്കൊടുത്തെന്ന വിവരമറിഞ്ഞ് ഉമ്മയുടെ ബന്ധുക്കൾ നേരിട്ടു വിളിച്ച് നന്ദി പറഞ്ഞിരുന്നു.

എല്ലാ വിശ്വാസത്തെയും ബഹുമാനിക്കുക, സ്വാധീനിച്ചത് ദുബായ് ജീവിതം

തീർച്ചയായും എന്റെ ദുബായ് ജീവിതമാണ് ഇതിലൊക്കെ സ്വാധീനം ചെലുത്തിയിരിക്കുന്നത്. 18 വയസ്സുവരെ ദുബായിലായിരുന്നു. മതപരമായ പഠനമില്ലെങ്കിലും അവിടെ എട്ടാം ക്ലാസുവരെ അറബിക് ഭാഷയും പഠിക്കാനുണ്ട്. അതിനാൽ അറബിയെല്ലാം അറിയാം. പിന്നെ നമ്മുടെ താത്‌പര്യപ്രകാരം പലതും പഠിച്ചെടുത്തിരുന്നു. പല വിശ്വാസമുള്ളവരും പല സംസ്കാരമുള്ളവരുടെയും ഒപ്പം ജീവിച്ചതിനാൽ എല്ലാം മനസിലാക്കാനും കഴിഞ്ഞു. അതെല്ലാം ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പിന്നെ മാതാപിതാക്കൾ ഞങ്ങളെ വളർത്തിയ രീതിയും.

അമ്പലത്തിൽനിന്ന് പ്രാർഥിച്ച് പുറത്തിറങ്ങിയാൽ തൊട്ടടുത്ത പള്ളിയിലേക്ക് കൂടി നോക്കി പ്രാർഥിക്കാൻ പറഞ്ഞവരാണ് മാതാപിതാക്കൾ. അവിടെയും ഒരു പോസിറ്റീവ് എനർജിയുണ്ടെന്നാണ് അവർ പഠിപ്പിച്ചു തന്നിട്ടുള്ളത്. നമ്മുടെ വിശ്വാസത്തിനൊപ്പം മറ്റുള്ളവരുടെയും വിശ്വാസത്തെയും ബഹുമാനിക്കുക എന്നതാണ് അവർ പറഞ്ഞു തന്നത്. അത് ഞാനും പിന്തുടരുന്നു. റംസാൻ സമയത്ത് ഇന്നും എന്റെ മുന്നിലെത്തുന്ന രോഗികളുടെ മുന്നിൽവെച്ച് വെള്ളം പോലും കുടിക്കില്ല. അത് അവരോടുള്ള ബഹുമാനമാണ്.

മുസ്ലീം സുഹൃത്തുക്കളുടെ വീടുകളിൽ മരണമുണ്ടായാൽ കലിമ ചൊല്ലി കൊടുക്കുന്നത് ശ്രദ്ധിച്ചിരുന്നു. അറബി അറിയാവുന്നതിനാൽ അത് എന്താണെന്നും അർഥവും മനസിലാക്കിയിരുന്നു. അക്കാര്യമെല്ലാം മനസിലുണ്ടായിരുന്നു. ആ ഉമ്മയുടെ അന്ത്യനിമിഷങ്ങളിൽ എന്തോ നിമിത്തംപോലെ അത് മനസിലേക്ക് വന്നു. അത്രമാത്രം.

ഇക്കാര്യം പിന്നീട് സാമൂഹികമാധ്യമങ്ങളിലൂടെ അറിഞ്ഞ് ദുബായിൽ ഒപ്പം പഠിച്ചവരും കുടുംബസുഹൃത്തുക്കളും ഫോണിൽ വിളിച്ചിരുന്നു. അധ്യാപകരും വിളിച്ചു. ചിലർ കരഞ്ഞു കൊണ്ടാണ് സംസാരിച്ചത്. ഞാൻ ഇങ്ങനെയൊരു പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കിൽ അതിൽ നിങ്ങൾക്കും പങ്കുണ്ടെന്നാണ് അവരോട് പറഞ്ഞത്. കുറെപേരുടെ അനുഗ്രഹം ലഭിച്ചു. എന്നും അതല്ലൊം നിലനിൽക്കട്ടെ.

കോവിഡ് കാലത്ത് ഡോക്ടർമാർക്കും മാനസികപ്രയാസം

കോവിഡ് കാലം ഡോക്ടർമാരെയും മാനസികമായി ഏറെ തളർത്തുകയാണ്. പരീക്ഷയ്ക്ക് ഔട്ട് ഓഫ് സിലബസ് ചോദ്യങ്ങൾ ചോദിക്കുന്നത് പോലെയാണ് നിലവിലെ സ്ഥിതി. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥ. ഇത് ശരിക്കും ഒരു യുദ്ധമാണ്. ഒട്ടേറെപേരെ നമുക്ക് നഷ്ടപ്പെടുന്നു. ഒട്ടേറെ പേർ രക്ഷപ്പെടുന്നു. ഈ മരണങ്ങളും രോഗാവസ്ഥയുമെല്ലാം ഡോക്ടമാർമാരെയും മാനസികമായി ബാധിക്കുന്നുണ്ട്. ഒരു ബെഡ് അറേഞ്ച് ചെയ്യാമോ എന്ന് ചോദിച്ച് വിളിക്കുന്നത് പോലും വല്ലാതെ നൊമ്പരമുണ്ടാക്കുന്നുണ്ട്. കേരളത്തിൽ മരണനിരക്ക് കുറച്ചു നിർത്താൻ കഴിയുന്നതിൽ ഇവിടത്തെ ആരോഗ്യസംവിധാനത്തിന്റെയും ഡോക്ടർമാരുടെയും പങ്ക് ഏറെ വലുതാണ്. ഈ ദുരിതകാലമെല്ലാം തരണംചെയ്യാൻ നമുക്ക് കഴിയട്ടെ.

ദുബായിൽ ബിസിനസുകാരനായ പട്ടാമ്പി ചേമ്പ്ര മേലേമഠത്തിൽ രാമകൃഷ്ണന്റെയും പ്രഭയുടെയും മകളാണ് ഡോ. രേഖ കൃഷ്ണൻ. പ്ലസ്ടു വരെ ദുബായ് ഇന്ത്യൻ സ്കൂളിലായിരുന്നു പഠനം. ശേഷം സേലം വിനായക മിഷൻ മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസും മണിപ്പാലിൽനിന്ന് എം.ഡി.യും സ്വന്തമാക്കി. ഭർത്താവ് ഡോ. ജീജി ജനാർദനൻ കുന്നംകുളം യൂണിറ്റി ആശുപത്രിയിലെ ഡോക്ടറാണ്. റിഷിത്, ഹൃദ്യ എന്നിവർ മക്കൾ. രാഖി സഹോദരിയാണ്.

Content Highlights:doctor rekha krishnan from pattambi who given final prayer for a muslim woman