Photo: Mathrubhumi
തൃശ്ശൂര്‍: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എല്ലുരോഗവിഭാഗത്തില്‍ ശസ്ത്രക്രിയയ്ക്കുള്ള കമ്പി വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം. ഡോക്ടര്‍ നിര്‍ദേശിച്ച കമ്പനിയുടെ കമ്പി വാങ്ങാത്തതിനെത്തുടര്‍ന്ന് നിശ്ചയിച്ച ശസ്ത്രക്രിയ മുടങ്ങി. പാലക്കാട് പുതുക്കോട് സ്വദേശി കുന്നത്ത് ചന്ദ്രശേഖരന്റെ ഇടതുകൈയിന്മേല് ചെയ്യേണ്ട ശസ്ത്രക്രിയയാണ് മുടങ്ങിയത്.
രണ്ടാഴ്ചമുന്‍പാണ് വീണുപരിക്കേറ്റ ചന്ദ്രശേഖരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചപ്പോഴാണ് കൈയില്‍ സ്ഥാപിക്കാനുള്ള കമ്പി വാങ്ങാന്‍ നിര്‍ദേശിച്ചത്. എന്നാല്‍, ആശുപത്രി ന്യായവില ഷോപ്പില്‍നിന്ന് വാങ്ങിയ കമ്പി പറ്റില്ലെന്നും മറ്റൊരിടത്തുനിന്ന് വാങ്ങണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചതായാണ് പരാതി. കമ്പിയെച്ചൊല്ലി ശസ്ത്രക്രിയ മുടങ്ങിയതിനെത്തുടര്‍ന്ന് രോഗി ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു.
ബുധനാഴ്ച വകുപ്പിലെ മുതിര്‍ന്ന ഡോക്ടര്‍മാരുമായി വിഷയം ചര്‍ച്ചചെയ്ത് പ്രശ്നപരിഹാരം ഉണ്ടാക്കാമെന്നാണ് സൂപ്രണ്ടും മറ്റു അധികാരികളും രോഗിക്ക് മറുപടി നല്‍കിയത്. പറഞ്ഞാല്‍ ഡോക്ടര്‍ അനുസരിക്കാറില്ലെന്നും അധികാരികള്‍ പറഞ്ഞതായി ചന്ദ്രശേഖരന് പറഞ്ഞു. ഓര്‍ത്തോവിഭാഗത്തില്‍ യൂണിറ്റ് മൂന്നിലാണ് തര്‍ക്കമുണ്ടായത്. അതേസമയം വകുപ്പിലെ മറ്റു ഡോക്ടര്‍മാരെല്ലാം ന്യായവില ഷോപ്പില്‍നിന്നുള്ള കമ്പി ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തുന്നത്.
ദീര്‍ഘനാളായി കമ്പിക്കച്ചവടത്തെച്ചൊല്ലിയുള്ള തര്‍ക്കം ഓര്ത്തോവിഭാഗത്തെ പിടിച്ചുകുലുക്കുകയാണ്. ഇത്തരം സംഘങ്ങള്‍ക്ക് സ്വന്തമായി കമ്പിയുണ്ടാക്കുന്ന കമ്പനിയും വില്‍പ്പന നടത്താന്‍ പലരുടെയും പിന്തുണയും ഉണ്ടെന്നാണ് മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ പറയുന്നത്. പിന്തുണയുള്ളതിനാല്‍ ഇവര്‍ക്കെതിരേയുള്ള പരാതികളൊന്നും വെളിച്ചം കാണാതെ പോകുകയാണ്.
Content Highlights: doctor refused to do surgery as the patient fails to buy particular steel rod suggested by doctor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..