ആലപ്പുഴ : കുട്ടനാട്ടില്‍ വാക്‌സിന്‍ വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഡോക്ടര്‍ക്ക് മര്‍ദ്ദനം. സിപിഎം നേതാക്കള്‍ക്കെതിരേ നെടുമുടി പോലീസ് കേസെടുത്തു. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ് സിപിഎം ലോക്കല്‍ സെക്രട്ടറി രഘുവരന്‍, വിശാഖ് വിജയ് എന്നിവർക്കെതിരേയാണ് കേസെടുത്തത്. 

ശനിയാഴ്ച വൈകിട്ടാണ്‌ സംഭവം. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വാക്‌സിന്‍ വിതരണം പൂർത്തിയായപ്പോള്‍ 10 യൂണിറ്റ് വാക്‌സിന്‍ ബാക്കി വന്നു. ഈ വാക്‌സിന്‍ വിതരണം ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

കുപ്പപുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ശരത് ചന്ദ്ര ബോസിനാണ് മര്‍ദ്ദനമേറ്റത്. സിപിഎം നേതാക്കള്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. എന്നാല്‍ പ്രതിഷേധം മാത്രമാണ് നടന്നതെന്നും മര്‍ദ്ദിച്ചില്ലെന്നുമാണ് സിപിഎം നേതാക്കളുടെ വിശദീകരണം

അതേസമയം വാക്‌സിന്‍ പത്തെണ്ണം അധികം വന്നിട്ടില്ലെന്നാണ് ഡോക്ടര്‍ ശരത് ചന്ദ്രബോസ് പറയുന്നത്. 90 "കിടപ്പുരോഗികള്‍ക്കായി മാറ്റിവെച്ചിരുന്ന വാക്‌സിനുണ്ടായിരുന്നു. പ്രളയം വന്ന് ഇവരെ മാറ്റേണ്ടി വരുമ്പോള്‍ അവരെ വാക്‌സിനേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ് . പാലിയേറ്റീവ് രോഗികള്‍ക്ക് വീട്ടില്‍ പോയി കൊടുക്കാന്‍ മാറ്റിവെച്ചിരുന്ന വാക്‌സിനുണ്ട്. അങ്ങനെ 150 വാക്‌സിന്‍ മാറ്റിവെക്കുകയും കൊടുക്കുകയും ചെയ്തു. പാലിയേറ്റീവ് രോഗികള്‍ക്ക് മാറ്റി വെച്ചിരുന്ന 30 വാക്‌സിനില്‍ നിന്ന് 20 എണ്ണം നമ്മളെടുത്തു 10 എണ്ണം പാലിയേറ്റീവ് രോഗികള്‍ക്ക് മാറ്റിവെച്ചു. ഇത് പിന്നീട് തര്‍ക്കമായി. ബാക്കി വന്ന വാക്‌സിന്‍ ആര്‍ക്കും കൊടുക്കാതിരുന്ന സംഭവമുണ്ടായിട്ടില്ല, ഡോക്ടര്‍ പറഞ്ഞു 

"പിന്നീട് പഞ്ചായത്ത് പ്രസിഡന്റും ലോക്കല്‍ സെക്രട്ടറിയും ചേര്‍ന്ന് വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ഗേറ്റടച്ചു. പ്രശ്‌നമുണ്ടായി. അതിനിടെ ഞാന്‍ മീറ്റിങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഭീഷണി മുഴക്കി. എന്റെ റൂമിലേക്ക് വന്ന് മുറി പൂട്ടിയിട്ടു. പിന്നീട് അക്രമിക്കാന്‍ വന്നു. ഇതിലൊരാള്‍ കഴുത്തിനു കുത്തിപ്പിടിച്ചു പിന്നീട് ഞാന്‍ കുതറി മാറി മുറിയില്‍ കയറി കതക് കുറ്റിയിടുകയായിരുന്നു", ഡോക്ടര്‍ ശരത് ചന്ദ്രബോസ് കൂട്ടിച്ചേർത്തു.