പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക നിയമന പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ ആശങ്കയറിച്ച് ബിജെപി വിദ്യാര്‍ഥി സംഘടന എബിവിപിയും.
അഗ്നിപഥിന്റെ പേരില്‍ നിലവില്‍ റിക്രൂട്മെന്റ് കഴിഞ്ഞ് പ്രവേശന പരീക്ഷ കാത്തുനില്ക്കുന്ന ഉദ്യോഗാര്‍ത്ഥികളെ അവഗണിക്കരുതെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എന്‍സിടി ശ്രീഹരി ആവശ്യപ്പെട്ടു. എബിവിപി ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ ആവശ്യമുന്നയിച്ചത്.
''ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 11 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ച നടന്ന ഇന്ത്യന്‍ ആര്‍മിയുടെ മെഗാ റാലിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗര്‍ത്ഥികളുടെ പ്രവേശന പരീക്ഷ ഇതുവരെ നടത്താതില്‍ മൂവായിരത്തോളം വരുന്ന കേരളത്തിലെ ഉദ്യോഗര്‍ത്ഥികള്‍ ആശങ്കയിലാണ്.
25-02-2021ന് പ്രവേശന പരീക്ഷ ആദ്യം നിശ്ചയിച്ചിരുന്നുവെങ്കിലും കോവിഡ് സാഹചര്യം പരിഗണിച്ച് പരീക്ഷ പലവട്ടം മാറ്റിവെച്ചെങ്കിലും നടത്തിയില്ല. പിന്നീട് പലപ്പോഴായി തീയതികള്‍ പറഞ്ഞെങ്കിലും പരീക്ഷ നീണ്ടുപോയി. റാലി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകള്‍ അധികൃതരോട് രേഖപ്പെടുത്തിയ ഉദ്യോഗര്‍ത്ഥികള്‍ക്ക് ആശാവഹമായ മറുപടിയല്ല ലഭിച്ചത്.
ഇന്ത്യന്‍ ആര്‍മിയില്‍ സേവനം അനുഷ്ഠിക്കാന്‍ ആഗ്രഹത്തോടെ റാലിയില്‍ പങ്കെടുത്ത് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗര്‍ത്ഥികളെ സംബന്ധിച്ച് ഈ സാഹചര്യം നിരാശയും ആശങ്കയും സൃഷ്ടിക്കുന്നു. പ്രായപരിധി കൂടി പോയ അവസ്ഥയില്‍ പലര്‍ക്കും ഇനിയൊരു അവസരം ലഭിക്കാനും സാധ്യത കുറവാണ്. ആര്‍മി റിക്രൂട്മെന്റ് ലഭിച്ചതിനാല്‍ പലരും പഠനവും ജോലിയും ഉപേക്ഷിച്ച് പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു. നിലവില്‍ റിക്രൂട്മെന്റ് കഴിഞ്ഞവര്‍ക്ക് പ്രവേശന പരീക്ഷ എത്രയും വേഗം നടത്താനുള്ള നടപടികള്‍ സ്വീകരിക്കണം''. ഈ ആവശ്യമുന്നയിച്ച് എബിവിപി സംസ്ഥാന സെക്രട്ടറി എന്‍സിടി ശ്രീഹരി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന് കത്തയച്ചുവെന്നും പോസ്റ്റില്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..