അനുപമ എസ്. ചന്ദ്രൻ | ഫോട്ടോ: എസ്. ശ്രീകേഷ്
തിരുവനന്തപുരം: അനധികൃത ദത്ത് വിവാദത്തില്‍ കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് ഡിഎന്‍എ പരിശോധനാ ഫലം. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയില്‍ കുഞ്ഞ് അനുമപയുടെയും അജിത്തിന്റേയും തന്നെയെന്ന് തെളിഞ്ഞു.
മൂന്ന് തവണ ഡിഎന്‍എ സാമ്പിള്‍ ക്രോസ് മാച്ച് ചെയ്തപ്പോഴും മാതാവ് അനുപമയും പിതാവ് അജിത്തുമാണെന്ന് ഫലം ലഭിച്ചു. പരിശോധനാഫലം ഔദ്യോഗികമായി അനുപമയേയും അജിത്തിനേയും അറിയിച്ചിട്ടില്ല. ഡിഎന്‍എ പരിശോധനാ ഫലം സിഡബ്ല്യുസിക്ക് കൈമാറിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിക്കും.
ഫലം ഇതുവരെ കൈയ്യില്‍ കിട്ടിയിട്ടില്ലെന്ന് അനുപമ പ്രതികരിച്ചു. ഔദ്യോഗികമായി ലഭിക്കാനായി കാത്തിരിക്കുകയാണ്. ഫലം പോസിറ്റീവായതില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. ഒരു വര്‍ഷത്തിലധികമായി ഈ വേദന അനുഭവിക്കുകയാണ്. ഫലം വന്നതോടെ വല്ലാത്ത ആശ്വാസമാണ്. കുഞ്ഞിനെ കൈയ്യിലേക്ക് ലഭിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്. എത്രയും വേഗം കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അനുപമ പറഞ്ഞു.
കേരളത്തിലെത്തിച്ച കുഞ്ഞിന്റെ ജനിതക സാംപിളുകള്‍ പരിശോധനയ്ക്കായി ഇന്നലെയാണ് ശേഖരിച്ചത്. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയില്‍നിന്നുള്ള വിദഗ്ധരാണ് കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിര്‍മല ശിശുഭവനിലെത്തി സാംപിളെടുത്തത്. ഉച്ചയ്ക്കുശേഷം അനുപമയും അജിത്തും ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി സാംപിളുകള്‍ നല്‍കി.
സി.ഡബ്ല്യു.സി. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ ഞായറാഴ്ച രാത്രിയാണ് ആന്ധ്രയില്‍നിന്നും തിരുവനന്തപുരത്തെത്തിച്ചത്. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അധ്യാപക ദമ്പതിമാരുടെ സംരക്ഷണയിലുള്ള കുഞ്ഞിനെ കേരളത്തിലെത്തിക്കാന്‍ ജില്ലാ ശിശുക്ഷേമസമിതി ഉത്തരവിട്ടത്. കുട്ടിയെ ഡി.എന്‍.എ. പരിശോധനയ്ക്കായി തിരികെയെത്തിക്കാന്‍ സംസ്ഥാന ശിശുക്ഷേമ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഷിജുഖാനാണ് നിര്‍ദേശം നല്‍കിയത്. കുഞ്ഞിന്റെ ഡി.എന്‍.എ. പരിശോധന ഉള്‍പ്പെടെ നടത്തി റിപ്പോര്‍ട്ട് നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.
Content Highlights: DNA test of Anupama turns positive in Child adoption row
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..