നാട്ടകം സുരേഷ്, ശശി തരൂർ. photo: mathrubhumi
കോട്ടയം: ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് പരിപാടിയെ തള്ളി കോട്ടയം ഡിസിസി. തരൂര്‍ മുഖ്യാതിഥിയായുള്ള യൂത്ത് കോണ്‍ഗ്രസ് പരിപാടിയെ കുറിച്ച് ഡിസിസി അറിഞ്ഞില്ലെന്നും ജില്ലാ പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് ഇത്തരമൊരു പരിപാടി നടത്തുന്നതാണ് സംഘടനാ രീതിയെന്നും ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് പറഞ്ഞു.
പരിപാടിയെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റോ ജില്ലാ നേതൃത്വമോ പരിപാടി സംബന്ധിച്ച് ഡിസിസി പ്രസിഡന്റ് എന്ന നിലയില്‍ തന്നോട് പറയുകയോ ആലോചിക്കുകയോ ചെയ്തിട്ടില്ലെന്നും ഇതല്ല സംഘടനാ രീതിയെന്നും നാട്ടകം സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഈരാട്ടുപോട്ടയില്‍ ഡിസംബര്‍ മൂന്നിനാണ് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഫാസിസ്റ്റ് വിരുദ്ധ പരിപാടി നടക്കുന്നത്. ഇതിലെ മുഖ്യാതിഥിയായിട്ടാണ് ശശി തരൂരിനെ നിശ്ചയിച്ചിട്ടുള്ളത്.ഈ പരിപാടിയിലെ പോസ്റ്ററുകളില്‍ വി.ഡി സതീശന്റെ ചിത്രം ഇല്ലാതിരുന്നതും നേരത്തെ വിവാദമായിരുന്നു. ഇതോടെ സതീശന്‍ ഉള്‍പ്പെടെ കൂടുതല്‍ നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ പോസ്റ്ററും യൂത്ത് കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്റെ പ്ലാറ്റ്‌ഫോമില്‍ മാത്രം ആലോചിച്ച് നടപ്പാക്കുന്നതാണെന്ന വിശദീകരണവും ഇതുസംബന്ധിച്ച വിവാദങ്ങള്‍ക്ക് മറുപടിയായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസിനെ പൂര്‍ണമായും തള്ളി ഡിസിസി നേതൃത്വം രംഗത്തെത്തിയത്.
ശശി തരൂരിനെ പലരും ആയുധമായി ഉപയോഗിക്കുന്നുവെന്നും അനാവശ്യ വിവാദങ്ങള്‍ പാര്‍ട്ടിക്ക് ഗുണകരമാണോ എന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ആലോചിക്കണമെന്നും നേരത്തെ തിരുവഞ്ചൂര്‍ രാധാകൃഷന്‍ പറഞ്ഞിരുന്നു. അതേസമയം, പരിപാടിയുമായി മുന്നോട്ടുപോകുമെന്നു തന്നെയാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
ഫാസിസ്റ്റ് വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയുള്ള യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ എതിര്‍ശബ്ദം ഉയര്‍ത്തുന്നത് പാര്‍ട്ടിക്കിടയിലെ ഭിന്നത പരസ്യമാക്കുകയാണ്. നേരത്തെ കെ-റെയില്‍ വിരുദ്ധ സമരം നടക്കുന്ന സമയത്തും ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായിരുന്നു. പ്രതിപക്ഷ നേതാവ് പങ്കെടുത്ത പരിപാടിയില്‍ അന്ന് നാട്ടകം സുരേഷ് പങ്കെടുക്കാതിരുന്നത് വലിയ വാര്‍ത്തയായിരുന്നു.
Content Highlights: disupte in kottayam dcc, shashi tharoor controversy


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..